മ്യൂച്ചല്‍ ഫണ്ടിന്മേൽ എങ്ങനെ വായ്പ ലഭിക്കും; നിക്ഷേപകർ അറിയേണ്ടതെല്ലാം

മ്യൂച്ചല്‍ ഫണ്ട് നിക്ഷേപകര്‍ പൊതുവേ നിക്ഷേപം നടത്താറുള്ളത്  ഇടക്കാലത്തേക്കോ ദീര്‍ഘകാലയളവ് കണക്കാക്കിയോ ആയിരിക്കും.  അതിനാല്‍ പെട്ടെന്ന് നേരിടേണ്ടിവരുന്ന സാമ്പത്തികമായ അടിയന്തര സാഹചര്യങ്ങളില്‍, മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം പിന്‍വലിക്കാനുള്ള പ്രവണതയും ഏറെയാണ്. ഇത്തരം നടപടികള്‍ നിക്ഷേപകരുടെ ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങളെ പിന്നോട്ടടിക്കുകയും ചെയ്യുന്നു.

എന്നാല്‍ അടിയന്തര സാഹചര്യങ്ങളില്‍ നിക്ഷേപം പിന്‍വലിക്കുന്നതിനു പകരം മ്യൂച്ചല്‍ ഫണ്ട് യൂണിറ്റുകള്‍ പണയപ്പെടുത്തി ലോണ്‍ എടുക്കുന്നത് പരിഗണിച്ചാല്‍, നിക്ഷേപകരുടെ ദീര്‍ഘകാല സാമ്പത്തിക ലക്ഷ്യങ്ങളും വഴുതിമാറില്ല. നിക്ഷേപകര്‍ക്കും കമ്പനികള്‍ക്കുമെല്ലാം അവരുടെ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപത്തിന്മേല്‍ വായ്പ എടുക്കാന്‍ സാധിക്കും. ഇതിന്റെ നടപടിക്രമങ്ങളാണ് ചുവടെ വിശദീകരിക്കുന്നത്.

യോഗ്യത:

വ്യക്തിഗത നിക്ഷേപകര്‍, പ്രവാസികള്‍, സ്ഥാപനങ്ങള്‍, ഹിന്ദു അവിഭക്ത കുടുംബങ്ങള്‍, കമ്പനികള്‍ തുടങ്ങി ഏതൊരു മ്യൂച്ചല്‍ ഫണ്ട് നിക്ഷേപകര്‍ക്കും അവരുടെ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപത്തിന് ആനുപാതികമായി വായ്പ എടുക്കാനാകും. പ്രായപൂര്‍ത്തിയാകാത്തവര്‍ യോഗ്യരല്ല. എത്രത്തോളം തുക വായ്പയായി അനുവദിക്കണം, കാലാവധി, പലിശ നിരക്ക് തുടങ്ങിയവയൊക്കെ നിക്ഷേപകരുടെ ക്രെഡിറ്റ് സ്‌കോറിനെയും മറ്റു ഘടകങ്ങളേയും അടിസ്ഥാനപ്പെടുത്തി ബാങ്ക്/ ധനകാര്യ സ്ഥാപനം നിശ്ചയിക്കും. ഉയര്‍ന്ന ക്രെഡിറ്റ് സ്‌കോര്‍ ഉള്ളവരാണെങ്കില്‍ കുറഞ്ഞ പലിശ നിരക്കിനു വേണ്ടി ധനകാര്യ സ്ഥാപനത്തോട് കൂടിയാലോചിക്കാനുള്ള അവസരം ലഭിക്കും.

എത്ര തുക കിട്ടും?

ഓഹരി അധിഷ്ഠിത മ്യൂച്ചല്‍ ഫണ്ടുകളാണെങ്കില്‍ അറ്റ ആസ്തി മൂല്യത്തിന്റെ (NAV) 50 ശതമാനത്തോളം തുക വായ്പ എടുക്കാനാകും. എന്നാല്‍ ഫിക്‌സഡ് ഇന്‍കം മ്യൂച്ചല്‍ ഫണ്ടുകളാണെങ്കില്‍ അറ്റ ആസ്തി മൂല്യത്തിന്റെ 70-80 ശതമാനം വരെ വായ്പയായി എടുക്കാന്‍ അനുവദിക്കാം.

നടപടികള്‍:

മ്യൂച്ചല്‍ ഫണ്ട് യൂണിറ്റിന്മേല്‍ വായ്പ എടുക്കുന്നതിനായി, ധനകാര്യ സ്ഥാപനം/ ബാങ്കുകള്‍ എന്നിവരെ നിക്ഷേപകന് സമീപിക്കാം. മിക്ക ധനകാര്യ സ്ഥാപനങ്ങളും ഇതിനായുള്ള മുഴുവന്‍ നടപടി ക്രമങ്ങളും ഓണ്‍ലൈന്‍ മുഖേനയാക്കിയിട്ടുണ്ട്. ഞൊടിയിടയില്‍ ലോണ്‍ അനുവദിക്കുകയും ചെയ്യുന്നു. മ്യൂച്ചല്‍ ഫണ്ട് രജിസ്ട്രാറിന്റെ രേഖകളില്‍ അടയാളപ്പെടുത്തുന്ന നടപടികളും ഓണ്‍ലൈന്‍ മുഖേനയാണ് പൂര്‍ത്തിയാക്കുന്നത്.

ചെലവ്:

മ്യൂച്ചല്‍ ഫണ്ടുകള്‍ പണയപ്പെടുത്തിയുള്ള വായ്പകള്‍ക്ക് പേഴ്‌സണല്‍ ലോണിനേക്കാളും കുറഞ്ഞ നിരക്കിലുള്ള പലിശ നിരക്കാണ് ചുമത്തുന്നത്. ഇതിനായുള്ള പ്രോസസിങ് ഫീസുകളും താരതമ്യേന താഴ്ന്ന തോതിലാണുള്ളത്. കാലാവധിക്കും മുന്നെയുള്ള തിരിച്ചടവിനുള്ള ഫീസും കുറഞ്ഞ നിരക്കിലോ ഒഴിവാക്കി കൊടുക്കുകയോ ചെയ്യാറുണ്ട്.

By admin