1889 ജൂലായ് 14- ന് ഫ്രാന്‍സിലെ പാരീസില്‍ നടന്ന യൂറോപ്പിലെ സോഷ്യലിസ്റ്റ് പാര്‍ട്ടികളുടെ ആദ്യ അന്താരാഷ്ട്ര കോണ്‍ഗ്രസിലാണ്  എല്ലാ വര്‍ഷവും മെയ് 1 ‘തൊഴിലാളി ദിനമായി ആചരിക്കുന്നതിന്’ പ്രഖ്യാപനം  ഉണ്ടാവുന്നത്.
ഇതിനു ശേഷം 1890 മെയ് 1 ന് ആദ്യത്തെ മെയ് ദിനാഘോഷം നടന്നു. തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യവും അന്താരാഷ്ട്ര ഐക്യവും പ്രഖ്യാപിക്കുന്ന ദിനം കൂടിയാണ് മെയ് 1 
തൊഴിലാളി ദിനമായി മെയ് 1 തിരഞ്ഞടുക്കാന്‍ പ്രത്യേക കാരണമുണ്ട്. എട്ടു മണിക്കൂര്‍ ജോലി ആവശ്യപ്പെട്ടു നടത്തിയ സമരവും അതിനെ തുടര്‍ന്നുണ്ടായ കലാപവുമാണ് അത്. 1884-ല്‍, അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ഓര്‍ഗനൈസ്ഡ് ട്രേഡ്‌സ് ആന്റ് ലേബര്‍ യൂണിയന്‍സാണ് എട്ടു മണിക്കൂര്‍ ജോലിസമയം ആവശ്യപ്പെടുന്നത് .  
1886 മെയ് 1 മുതല്‍ ഇതു  പ്രാബല്യത്തില്‍ വരുമെന്നും യൂണിയനുകള്‍ പ്രഖ്യാപിച്ചു. എന്നാല്‍ തൊഴിലുടമകള്‍ അനുവദിക്കാതിരുന്നതിനാല്‍ ഇത് പൊതു പണിമുടക്കിലും ചിക്കാഗോയിലെ ഹെയ്മാര്‍ക്കറ്റ് കലാപത്തിലും കലാശിച്ചു. 
1886 മെയ് 4 ന് ചിക്കാഗോയിലെ ഹേമാര്‍ക്കറ്റ് സ്‌ക്വയറില്‍ നടന്ന ഒരു തൊഴിലാളി പ്രകടനത്തിനിടെ നടന്ന ഒരു ബോംബാക്രമണത്തിന്റെ അനന്തരഫലമാണ് ഹെയ്മാര്‍ക്കറ്റ് സംഭവം (ഹേമാര്‍ക്കറ്റ് കൂട്ടക്കൊല)   എന്നറിയപ്പെടുന്നത്. എട്ട് മണിക്കൂര്‍ തൊഴില്‍ ദിനത്തിനായി പണിമുടക്കുന്ന തൊഴിലാളികളെ പിന്തുണച്ചുള്ള സമാധാനപരമായ റാലിയായാണ് ഇത് ആരംഭിച്ചത്.
യോഗം പിരിച്ചുവിടാന്‍ ശ്രമിച്ച പോലീസിന് നേരെ അജ്ഞാതനായ ഒരാള്‍ ഡൈനാമൈറ്റ് ബോംബ് എറിഞ്ഞു, ബോംബ് സ്ഫോടനവും തുടര്‍ന്നുണ്ടായ വെടിവെപ്പും ഏഴ് പോലീസ് ഉദ്യോഗസ്ഥരുടെയും കുറഞ്ഞത് നാല് സാധാരണക്കാരുടെയും മരണത്തിന് കാരണമായി; ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു.
ചിക്കാഗോ തെരുവില്‍ പിടഞ്ഞു വീണവരില്‍ നിന്നാണ് പിന്നീട് ലോകം ഏറ്റവും ഉജ്ജ്വലമായ പ്രഭാതത്തിലേക്ക് ഉണര്‍ന്നെണീറ്റത്. 1889-ല്‍ പാരീസില്‍ ചേര്‍ന്ന രാജ്യാന്തര സോഷ്യലിസ്റ്റ് കോണ്‍ഗ്രസാണ് ആദ്യമായി മെയ് ദിനം ആചരിച്ചത്.
ആംസ്റ്റര്‍ഡാമില്‍ നടന്ന ഇന്റര്‍നാഷണല്‍ സോഷ്യലിസ്റ്റ് കോണ്‍ഫറന്‍സിന്റെ വാര്‍ഷിക യോഗത്തിലാണ്, എട്ടു മണിക്കൂര്‍ ജോലി സമയമാക്കിയതിന്റെ വാര്‍ഷികമായി മെയ് ഒന്നാം തീയതി തൊഴിലാളി ദിനമായി ആഘോഷിക്കാന്‍ തീരുമാനിച്ചത്. സാധ്യമായ എല്ലായിടങ്ങളിലും തൊഴിലാളികള്‍ മെയ് ഒന്നിന് ജോലികള്‍ നിര്‍ത്തിവയ്ക്കണമെന്നുള്ള പ്രമേയവും യോഗത്തില്‍ പാസാക്കുകയുണ്ടായി.
ഇന്ത്യയില്‍ ആദ്യമായി മദ്രാസിലാണ് മെയ് ദിനം ആഘോഷിച്ചത്. ലേബര്‍ കിസാന്‍ പാര്‍ട്ടി ഓഫ് ഹിന്ദുസ്ഥാനാണ് 1923 മെയ് 1 നു തൊഴിലാളിദിനം ആചരിച്ചത്.
ഇന്ത്യയില്‍ ആദ്യമായി ചെങ്കൊടി ഉപയോഗിച്ചതും ഈ ദിനത്തിലാണ്. കമ്മ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുവേണ്ടിയുള്ള തൊഴിലാളി പ്രസ്ഥാനങ്ങളുമായി ഈ ദിവസം ബന്ധപ്പെട്ടിരിക്കുന്നു. 
മെയ് 1 ന് മറ്റു ചില പ്രത്യേകതകള്‍ കൂടി ഇന്ത്യാ ചരിത്രത്തിലുണ്ട്. 1960ല്‍ ബോംബെ സംസ്ഥാനം ഭാഷാടിസ്ഥാനത്തില്‍ വിഭജിക്കപ്പെട്ടതിന് ശേഷം രണ്ട് പടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍ രൂപപ്പെട്ടു. മഹാരാഷ്ട്രയും ഗുജറാത്തും സംസ്ഥാന പദവി നേടിയ ദിനം കൂടിയാണ് മെയ് 1. ഇത് ‘മഹാരാഷ്ട്ര ദിനം’, ‘ഗുജറാത്ത് ദിനം’ എന്നിങ്ങനെയും ആഘോഷിക്കപ്പെടുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *