ഇടുക്കി: തൊടുപുഴയില്‍ വീണ്ടും പുലിയുടെ ആക്രമണം. ഇല്ലിചാരിയിലിറങ്ങിയ പുലി കുറുക്കനെയും നായയെയും ആക്രമിച്ചു കൊന്നു. ആക്രമിച്ചത് പുലിയാണെന്ന് വനം വകുപ്പും സ്ഥിരീകരിച്ചു. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് തൊടുപുഴ ഇല്ലിചാരിയില്‍ പുലിയിറങ്ങുന്നത്. കഴിഞ്ഞ ആഴ്ച ആടുകളെ ഉള്‍പ്പെടെ ആക്രമിച്ചിരുന്നു.
കഴിഞ്ഞ ആഴ്ച വനം വകുപ്പ് സ്ഥാപിച്ച കാമറയില്‍ പുലിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. പിന്നാലെ പുലിയെ പിടിക്കാനായി കൂട് സ്ഥാപിച്ചിരുന്നു. എന്നാല്‍, ഇതുവരെ പുലി കുടുങ്ങിയില്ല. ഇപ്പോള്‍ കൂടു വീണ്ടും മാറ്റി സ്ഥാപിച്ചിട്ടുണ്ട്. പുലിയെ പിടിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും നടത്തിയിട്ടുള്ളതായി വനംവകുപ്പ് അറിയിച്ചു. വനം മേഖലയ്ക്ക് സമീപമായതിനാല്‍ പ്രദേശത്ത് വന്യജീവികളുടെ സാന്നിധ്യം പതിവാണെന്നും നാട്ടുകാര്‍ പറയുന്നു.