ടി20 ലോകകപ്പ് ടീമിനെ തെരഞ്ഞെടുത്ത് വസീം ജാഫര്‍, രാഹുലിനും ഗില്ലിനും ഇടമില്ല; സഞ്ജുവും റിഷഭ് പന്തും ടീമില്‍

മുംബൈ: ടി20 ലോകകപ്പ് ടീമിനെ തെര‍ഞ്ഞെടുക്കാനുള്ള സെലക്ടര്‍മാരുടെ നിര്‍ണായക യോഗം ഇന്ന് നടക്കാനിരിക്കെ ലോകകപ്പ് ടീമിനെ തെരഞ്ഞെടുത്ത് മുന്‍ താരം വസീം ജാഫര്‍. ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ശുഭ്മാന്‍ ഗില്ലിനും ലഖ്നൗ സൂപ്പര്‍ ജയന്‍റ്സ് നായകന്‍ കെ എല്‍ രാഹുലിനും ജാഫര്‍ തെരഞ്ഞെടുത്ത ലോകകപ്പ് ടീമില്‍ ഇടമില്ല.

അതേസമയം രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണും ഡല്‍ഹി ക്യാപിറ്റല്‍സ് നായകനായ റിഷഭ് പന്തും വിക്കറ്റ് കീപ്പര്‍മാരായി ജാഫറിന്‍റെ ലോകകപ്പ് ടീമിലിടം നേടി. ഇന്നലെ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിനെതിരെ തകര്‍പ്പന്‍ അര്‍ധസെ‍ഞ്ചുറിയുമായി ഐപിഎല്‍ റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്ന സഞ്ജുവിന്‍റെ പ്രകടനം ലോകകപ്പ് ടീമിനെ തെരഞ്ഞെടുക്കുമ്പോള്‍ സെലക്ടര്‍മാരെ സ്വാധീനിക്കുമെന്നാണ് പ്രതിക്ഷിക്കപ്പെടുന്നത്.

ഹൈദരാബാദിനെതിരായ വിരാട് കോലിയുടെ ‘ടെസ്റ്റ്’ കളിക്കെതിരെ തുറന്നടിച്ച് സുനില്‍ ഗവാസ്കർ

രോഹിത് ശര്‍മയും യശസ്വി ജയ്സ്വാളുമാണ് ജാഫര്‍ തെരഞ്ഞടുത്ത ടീമിലെ ഓപ്പണര്‍മാര്‍. വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്, സഞ്ജു സാംസണ്‍, മുംബൈ ഇന്ത്യൻസ് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യ, ചെന്നൈയുടെ വെടിക്കെട്ട് ബാറ്റര്‍ ശിവം ദുബെ, കൊല്‍ക്കത്ത താരം റിങ്കു സിംഗ് എന്നിവരാണ് ബാറ്റര്‍മാരായി ജാഫര്‍ ടീമിലേക്ക് പരിഗണിച്ചിരിക്കുന്നത്.

സ്പിന്‍ ഓള്‍ റൗണ്ടറായി രവീന്ദ്ര ജഡേജയും ജാഫറിന്‍റെ ടീമിലുണ്ട്. സ്പെഷലിസ്റ്റ് സ്പിന്നര്‍മാരായി കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചാഹലുമാണ് ജാഫര്‍ തെരഞ്ഞെടുത്ത ടീമിലുള്ളത്. പേസര്‍മാരായി ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിംഗ് എന്നിവരാണ് ജാഫറിന്‍റെ ടീമിലുള്ളത്. ലോകകപ്പിനുള്ള 15 അംഗ ടീമിനെ തെരഞ്ഞെടുക്കാനായി സെലക്ടര്‍മാര്‍ ഇന്നോ നാളെയോ യോഗം ചേരുമെന്നാണ് റിപ്പോര്‍ട്ട്. മെയ് ഒന്നിന് മുമ്പാണ് ലോകകപ്പിനുള്ള 15 അംഗ പ്രാഥമിക സ്ക്വാഡിനെ പ്രഖ്യാപിക്കേണ്ടത്. മെയ് 25വരെ ടീമില്‍ മാറ്റം വരുത്താന്‍ അവസരമുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin