ഹത്രാസ്: ഹത്രാസിൽ ഉയർന്ന ജാതിയിലുള്ള നാലുപേർ ചേർന്ന് 19 വയസുള്ള ദലിത് പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം നടന്നിട്ട് മൂന്നു വർഷങ്ങളിലധികം കഴിയുന്നു. 2020 സെപ്റ്റംബറിൽ ഡൽഹി സഫ്ദർജങ് ആശുപത്രിയിൽ 11 ദിവസത്തെ ചികിത്സയ്ക്കുശേഷം പെൺകുട്ടി മരിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടമായ മേയ് 7 നാണ് ഹത്രാസിൽ വോട്ടെടുപ്പ്. കൂടുതലും ഉയർന്ന ജാതിക്കാരുള്ള ഹത്രാസിൽ ബിജെപിക്ക് വോട്ട് ചെയ്യുമെന്നാണ് പലരും പറയുന്നത്.
അതേസമയം, സ്ഥാനാർത്ഥികളാരും തന്നെ കൂട്ടബലാത്സംഗ വിഷയത്തെക്കുറിച്ച് തുറന്നു സംസാരിച്ചിട്ടില്ല. ബിജെപി സംസ്ഥാന റവന്യൂ മന്ത്രി അനൂപ് പ്രധാൻ വാൽമീകിയാണ് പാർട്ടിക്കായി മത്സരിക്കുന്നത്. സമാജ്‌വാദി പാർട്ടിയുടെ ജസ്‌വീർ വാൽമീകിയും ബഹുജൻ സമാജ് പാർട്ടിയുടെ ഹേംബാബു ധംഗറുമാണ് മറ്റു സ്ഥാനാർത്ഥികൾ.
ഹത്രാസ് ലോക്‌സഭാ സീറ്റിൽ ദലിതരും ഠാക്കൂറുമാരും 3 ലക്ഷം വീതവും തൊട്ടുപിന്നിൽ 2 ലക്ഷം ബ്രാഹ്മണരും 2 ലക്ഷം വൈശ്യരും 80,000 മുസ്‌ലിങ്ങളും ഉണ്ട്. ജാതവ ഇതര ദലിതുകളുടെ പിന്തുണ കൂടാതെതന്നെ ഉയർന്ന ജാതി വോട്ടർമാരുടെ പിന്തുണ ലഭിക്കുന്നതിനാൽ ഈ സീറ്റ് വളരെക്കാലമായി ബിജെപിയുടെ കോട്ടയാണ്.
1991 മുതൽ പാർട്ടി തുടർച്ചയായി ഹത്രാസിൽ പാർട്ടി വിജയിച്ചു. 2009 ൽ ബിജെപി സഖ്യകക്ഷിയായ ആർഎൽഡി ഇവിടെ വിജയിച്ചു. 1996-നും 2014-നും ഇടയിൽ ഓരോ വോട്ടെടുപ്പിലും ബിഎസ്പി രണ്ടാം സ്ഥാനത്തെത്തി. 2019ൽ എസ്പിയും ബിഎസ്പിയും സഖ്യകക്ഷികളായിരുന്നപ്പോൾ ഇവിടെ എസ്പിയുടെ സ്ഥാനാർഥി രണ്ടാം സ്ഥാനത്തെത്തി.
ഇരയുടെ കുടുംബം അവർ പിന്തുണയ്ക്കുന്ന പാർട്ടിയെ വെളിപ്പെടുത്തുന്നില്ല. ”നിരവധി നേതാക്കൾ സംഭവ സമയത്ത് അവരുടെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി ഞങ്ങളെ കാണാൻ വന്നിരുന്നു. എന്നാൽ ഇപ്പോൾ ആരും കുടുംബത്തെക്കുറിച്ച് അന്വേഷിക്കുന്നില്ല.
ദൈനംദിന ചെലവുകൾക്കും അഭിഭാഷകരുടെ ഫീസിനും ഉത്തർപ്രദേശ് സർക്കാരിൽനിന്നും നഷ്ടപരിഹാരമായി ലഭിച്ച 25 ലക്ഷം രൂപയാണ് ഞങ്ങൾ ഉപയോഗിക്കുന്നത്. വീടും സർക്കാർ ജോലിയും സംബന്ധിച്ച മറ്റ് ഉറപ്പുകൾ ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല,” ഇരയുടെ സഹോദരൻ പറഞ്ഞു.
ഗ്രാമത്തിലെ മറ്റ് മൂന്ന് ദലിത് കുടുംബങ്ങളും ഇരയുടെ ബന്ധുക്കളാണ്. ഗ്രാമത്തിന്റെ ബാക്കി ഭാഗങ്ങളിൽ ഉയർന്ന ജാതിക്കാരായ താക്കൂറുകളും ബ്രാഹ്മണരും മറ്റ് പിന്നാക്ക വിഭാഗ പ്രജാപതികളുമാണ് താമസം. ഗ്രാമത്തിലെ പ്രബല സമുദായമായ ഠാക്കൂർ ഇപ്പോഴും പ്രതികൾക്കൊപ്പം നിൽക്കുന്നു.
താൻ ബിജെപി വോട്ടറാണെന്നും മകനെതിരെയുള്ള ആരോപണങ്ങൾ വ്യാജമാണെന്നുമാണ് മുഖ്യപ്രതി സന്ദീപിന്റെ പിതാവ് ഗുഡ്ഡു സിങ് പറഞ്ഞത്. കൂട്ടബലാത്സംഗക്കേസ് തിരഞ്ഞെടുപ്പ് വിഷയമല്ലെന്നും ഹത്രാസ് ബിജെപി കോട്ടയാണെന്നും ജാതിമതഭേദമന്യേ മോദി ഘടകത്തിന് പാർട്ടി വോട്ടുകൾ ലഭിക്കുമെന്നും ബിജെപി ജില്ലാ പ്രസിഡൻ്റ് ശരദ് മഹേശ്വരി പറഞ്ഞു.