ബെംഗളൂരു: സമൂഹമാധ്യമങ്ങളിലൂടെ മത വിദ്വേഷം പരത്താൻ ശ്രമിച്ചെന്ന പരാതിയിൽ ഒരു ബിജെപി നേതാവിന് എതിരെ കൂടി കേസ്. കർണ്ണാടകയിലെ പ്രമുഖ ബിജെപി നേതാവും, ബിജെപി ദേശീയ ജനറൽ സെക്രട്ടറിയുമായ സി ടി രവിക്ക് എതിരെ ആണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശ പ്രകാരം പൊലിസ് കേസ് എടുത്തത്. മതം പറഞ്ഞ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ നടത്തിയ വോട്ടഭ്യർത്ഥന വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് ബിജെപി നേതാവിനെതിരെ കേസെടുത്തത്.
‘പ്രിയപ്പെട്ട ഹിന്ദുക്കളേ, കോൺഗ്രസ് നേതാവായ രാഹുൽ ഗാന്ധി ഹിന്ദുക്കളായ ഞങ്ങൾക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു. സനാതന ധർമ്മത്തെ നശിപ്പിക്കാൻ ഇറങ്ങിപ്പുറപ്പെട്ടവരിൽ നിന്ന് അതിനെ പ്രതിരോധിക്കാനായി നാം ഒന്നിച്ചുനിൽക്കേണ്ട സമയമാണിത്’- എന്നായിരുന്നു സി ടി രവി ‘എക്‌സിൽ’ പോസ്റ്റ് ചെയ്തത്. നേരത്തെ കർണ്ണാടകയിൽ രണ്ട് ബിജെപി നേതാക്കൾക്കെതിരെ മതവിദ്വേഷം പരത്താൻ ശ്രമിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു.
മതം പറഞ്ഞ് വോട്ട് അഭ്യർത്ഥിച്ചെന്ന പരാതിയിൽ ബിജെപിയുടെ ബംഗളൂരു സൌത്തിലെ സ്ഥാനാർത്ഥി തേജസ്വി സൂര്യക്കെതിരെ കഴിഞ്ഞ ദിവസമാണ് പൊലീസ് കേസെടുത്തത്. തേജസ്വി സൂര്യ മതം പറഞ്ഞ് വോട്ട് ചോദിക്കുന്ന വീഡിയോ സമൂഹമാധ്യമമായ എക്സിൽ പോസ്റ്റ് ചെയ്തെന്ന് കർണാടക ചീഫ് ഇലക്ടറൽ ഓഫീസർ പ്രതികരിച്ചു. ബെംഗളൂരുവിലെ ജയനഗർ പൊലീസ് സ്റ്റേഷനിലാണ് തേജസ്വി സൂര്യക്കെതിരായ കേസെടുത്തത്. സമൂഹ മാധ്യമമായ എക്സിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് പരാതിക്ക് ആധാരം.
Chikkamagaluru Election Officials have booked an FIR (No. 0042/2024) against CT Ravi, BJP Leader for his post in X handle for violation u/s 125 of RP Act and 505(2) of IPC in Basavanahalli PS on 26.04.24 for promoting hatred and enmity between different classes of citizens.
— Chief Electoral Officer, Karnataka (@ceo_karnataka) April 26, 2024
ബിജെപിയെ പിന്തുണയ്ക്കുന്ന 80 ശതമാനം ആളുകളുണ്ടെങ്കിലും 20 ശതമാനം മാത്രമേ വോട്ട് ചെയ്യുന്നൂള്ളൂവെന്നും കോണ്‍ഗ്രസിന് 20 ശതമാനം വോട്ടർമാരേ ഉള്ളൂവെങ്കിലും 80 ശതമാനം പേരും വോട്ട് ചെയ്യുന്നുണ്ട് എന്നുമാണ് തേജസ്വി സൂര്യ പറഞ്ഞത്. തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിന് ബിജെപി സ്ഥാനാർഥി കെ സുധാകറിന് എതിരെയും കർണാടക പൊലീസ് കേസ് എടുത്തിരുന്നു. തെരഞ്ഞെടുപ്പ് ദിവസം മാത്രം മൂന്ന് ബിജെപി നേതാക്കൾക്ക് എതിരെയാണ് പൊലീസ് കേസെടുത്തത്.