ബെംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തിൽ സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നതിനിടെ, ബിജെപിയുടെ സിറ്റിംഗ് എംപിയും ബാംഗ്ലൂർ സൗത്ത് സ്ഥാനാർത്ഥിയുമായ തേജസ്വി സൂര്യയ്‌ക്കെതിരെ കേസെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ.
മതപരമായ പരാമർശങ്ങളുള്ള വീഡിയോ പങ്കിട്ടുകൊണ്ട് വോട്ട് തേടിയതിനാണ് ബിജെപിയുടെ യുവനേതാവിനെതിരെ കേസെടുത്തിരിക്കുന്നത്. തേജസ്വി സൂര്യ എക്സിൽ പങ്കുവെച്ച വീഡിയോയ്ക്കെതിരായി കേസെടുത്തതായി കർണാടക ചീഫ് ഇലക്ടറൽ ഓഫീസറാണ് അറിയിച്ചത്. 
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് ഭാരതീയ ജനതാ യുവമോർച്ചയുടെ ദേശീയ അധ്യക്ഷൻ കൂടിയായ തോജസ്വി സൂര്യയ്ക്കെതിരായി കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കർണ്ണാടകത്തിലെ 28 മണ്ഡലങ്ങളിൽ 14 എണ്ണത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് ഇത് സംബന്ധിച്ച വിവരം തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടത്. 
“എക്‌സ് ഹാൻഡിൽ വീഡിയോ പോസ്റ്റ് ചെയ്തതുകൊണ്ട് മതത്തിന്റെ പേരിൽ വോട്ട് അഭ്യർത്ഥിച്ചതിന് 25.04.24 ന് ജയനഗർ പൊലീസ് ബെംഗളൂരു സൗത്തിലെ സ്ഥാനാർത്ഥി കൂടിയായ തേജസ്വി സൂര്യ എംപിക്ക്  എതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്,” കർണാടക സിഇഒ എക്സിൽ പോസ്റ്റ് ചെയ്തു. 
2023ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ജയനഗറിൽ നിന്ന് 16 വോട്ടുകൾക്കാണ് തേജസ്വി സൂര്യ പരാജയപ്പെട്ടത്. ബിജെപിയുടെ തീപ്പൊരി നേതാവായ സൂര്യയും കോൺഗ്രസിന്റെ സൗമ്യ റെഡ്ഡിയും തമ്മിലുള്ള മത്സരമാണ് ബാംഗ്ലൂർ സൗത്ത് സീറ്റിൽ നടന്നത്.
വൈകുന്നേരം 5 മണി വരെയുള്ള തിരഞ്ഞെടുപ്പ് കമ്മീഷൻ കണക്കുകൾ പ്രകാരം ബാംഗ്ലൂർ സൗത്തിൽ 43.97 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ബാംഗ്ലൂർ സെൻട്രൽ കഴിഞ്ഞാൽ ഏറ്റവും കുറഞ്ഞ പോളിംഗാണിത്. 22 ലക്ഷത്തിലധികം വോട്ടർമാരുള്ള മണ്ഡലം 1996 മുതൽ തുടർച്ചയായി എട്ട് തവണ ബിജെപിയാണ് കൈവശം വെച്ചിരിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *