കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മുന്‍ വര്‍ഷത്തേക്കാള്‍ പോള്‍ ചെയ്ത വോട്ടില്‍ 87,102 പേരുടെ കുറവ്.കുറവു വന്ന വോട്ടുകള്‍ ആരുടെ വിജയം തുലാസിലാക്കുമെന്നു മുന്നണികള്‍ ഭീതിയോടെയാണു നോക്കിക്കാണുന്നത്. കോട്ടയത്തു നിന്നു കഴിഞ്ഞ കാലയളവില്‍ വിദേശത്തേക്ക് കുടിയേറിയ നിരവധി പേര്‍ വോട്ട് ചെയ്യാത്തതും, ഒപ്പം മരിച്ചവരുടെ വോട്ടുകള്‍ ഇലക്ഷന്‍ കമ്മീഷന്‍ നീക്കം ചെയ്യാത്തതും പോളിങ് ശതമാനം കുറയാന്‍ കാരണമായെന്നു മുന്നണികള്‍ കരുതുന്നു.
കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഏപ്രില്‍ വരെ കോട്ടയം ജില്ലയില്‍ നിന്നു ആയിരക്കണക്കിനു പേരാണു കുടുംബത്തോടൊപ്പം യു.കെയിലേക്കു കുടിയേറിയത്. കാനഡ, യു.എസ് ഉള്‍പ്പടെയുള്ള രാജ്യങ്ങളിലേക്ക് കുടിയേറിവരും ഏറെയാണ്. ഇവരുടെയുള്‍പ്പടെയുള്ള വോട്ട് തെരഞ്ഞെടുപ്പില്‍ നഷ്ടമായിട്ടുണ്ട്. ഒപ്പം വോട്ടിങ് യന്ത്രങ്ങളുടെ തകരാറും തുടര്‍ന്നുള്ള കാലതാമസവും പലരും ബൂത്തില്‍ നിന്നു മടങ്ങിപ്പോകുന്നതിനും കാരമായിട്ടുണ്ട്.
ഇക്കുറി എല്‍.ഡി.എഫിന്റെ ഉറച്ച കോട്ടയായ വൈക്കം, ഏറ്റുമാനൂര്‍ ഒഴിച്ചു നിര്‍ത്തിയാല്‍ ബാക്കിയുള്ള നിയമസഭാ മണ്ഡലങ്ങളില്‍ വോട്ട് ശതമാനത്തില്‍ ഗണ്യമായ കുറവുണ്ടായി.
കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലെ കണക്കു പരിശോധിച്ചാല്‍ എല്‍.ഡി.എഫിനു ലഭിച്ചുകൊണ്ടിരിക്കുന്ന മൂന്നു ലക്ഷത്തിലധിം വോട്ടുകള്‍ തോമസ് ചാഴികാടന്‍ ഉറപ്പിച്ചു കഴിഞ്ഞു. ഇനി യു.ഡി.എഫില്‍ നിന്നു ചാഴികാടന്‍ പിടിച്ചെടുക്കുന്ന വോട്ടുകളെ ആശ്രയിച്ചായിരിക്കും ജയപരാജയങ്ങള്‍.
2019 ല്‍ യു.ഡി.എഫിനൊപ്പമായിരുന്ന തോമസ് ചാഴികാടന്‍ ജയിച്ചപ്പോള്‍ ഒരു ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. ചാഴികാടന്‍ 4,21,046 വോട്ട് സ്വന്തമാക്കിയപ്പോള്‍ എതിരാളിയായിരുന്ന സിപിഎമ്മിന്റെ വി.എന്‍.വാസവന്‍ സ്വന്തമാക്കിയത് 3,14,787 വോട്ടും മൂന്നാമതെത്തിയ എന്‍.ഡി.എയുടെ പി.സി.തോമസ് നേടിയത് 1,55,135 വോട്ടുമായിരുന്നു. അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം മുന്നണി സമവാക്യങ്ങള്‍ മാറി മറിഞ്ഞു. യു.ഡി.എഫിനൊപ്പമുണ്ടായിരുന്ന കേരളാ കോണ്‍ഗ്രസ് (എം) മുന്നണിയില്‍ നിന്നു പുറത്താക്കപ്പെട്ട് എല്‍.ഡി.എഫിനൊപ്പം ചേര്‍ന്നു. എന്‍.ഡി.എയില്‍ മത്സരിച്ച പി.സി. തോമസ് പിന്നീട് കേരളാ കോണ്‍ഗ്രസില്‍ ചേര്‍ന്നു യു.ഡി.എഫിന്റെ ഭാഗമായി.
ഇക്കുറി പോളിങ്ങില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 9.93 ശതമാനമാണു കുറവ് സംഭവിച്ചിരിക്കുന്നത്. മുന്‍ വര്‍ഷത്തെ കണക്കുകള്‍ വെച്ചു നോക്കിയാല്‍ 87,102 പേരുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ക്കിടെ മരിച്ചവരുടെ കണക്കുകള്‍ മാറ്റി നിര്‍ത്തിയാലും 18 – 19 വയസിനിടെ പ്രായമുള്ള 20,836 വോര്‍ട്ടര്‍മാരെ പുതുതായി ചേര്‍ത്തിട്ടുണ്ട്. 20 – 29 വയസുള്ള 2,31,752 യുവ വോട്ടര്‍മാരും മണ്ഡലത്തിലുണ്ട്. ഇവരില്‍ എത്ര പേര്‍ വോട്ടു ചെയ്തിട്ടുണ്ടെന്നതും നിര്‍ണായകമാണ്.
പണ്ടു മുതലേ യു.ഡി.എഫ് മണ്ഡലമായിരുന്ന കോട്ടയത്ത് 16ല്‍ 10 തെരഞ്ഞെടുപ്പിലും യു.ഡി.എഫാണു വിജയിച്ചത്. ആറു തെരഞ്ഞെടുപ്പുകളില്‍ മാത്രമാണ് എല്‍.ഡി.എഫിന് അട്ടിമറി വിജയം നേടാന്‍ സാധിച്ചത്.
നിലവില്‍ ഏഴു നിയമസഭാ മണ്ഡലങ്ങളില്‍ അഞ്ചിലും യു.ഡി.എഫാണു ഭരിക്കുന്നത്. കോട്ടയം, പുതുപ്പള്ളി, പാലാ, കടുത്തുരുത്തി, പിറവം എന്നിവ യു.ഡി.എഫും വൈക്കത്തും ഏറ്റുമാനൂരും എല്‍.ഡി.എഫും ഭരിക്കുന്നു. 2008 ലാണു പുതിയ കോട്ടയം മണ്ഡലം രൂപീകരിച്ചത്. 2009ലും 2014ലും ജോസ് കെ.മാണി വിജയിച്ചു. ഭൂരിപക്ഷം 71,570ല്‍ നിന്നു 1,20,599 ആയി വര്‍ധിച്ചു. 2019ല്‍ ചാഴികാടന്റെ ഭൂരിപക്ഷം 1,06,259 വോട്ടുകളായിരുന്നു.
എന്നാല്‍ ഇക്കുറി, പോളിങ് കുറഞ്ഞതോടെ ബി.ഡി.ജെ.എസ്.പിടിച്ചെടുക്കുന്ന വോട്ടുകളും മണ്ഡലം ആരു സ്വന്തമാക്കുമെന്നുറപ്പിക്കുന്നതില്‍ നിര്‍ണായകമാകും. എന്‍.ഡി.എ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളി രണ്ടു ലക്ഷത്തോളം വോട്ടു നേടുമെന്ന അവകാശവാദമാണ് എന്‍.ഡി.എ ഉന്നയിക്കുന്നത്.