ഡല്‍ഹി: മെസേജിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ഉപയോഗിക്കുന്ന എന്‍ഡ്- ടു- എന്‍ഡ് എന്‍ക്രിപ്ഷന്‍ സംവിധാനം പൊളിക്കാന്‍ നിര്‍ബന്ധിതരായാല്‍ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിക്കേണ്ടി വരുമെന്ന് പ്രമുഖ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് ഡല്‍ഹി ഹൈക്കോടതിയില്‍. കേന്ദ്രസര്‍ക്കാരിന്റെ 2021ലെ ഐടി ചട്ടം ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് വാട്‌സ്ആപ്പിന്റെ മുന്നറിയിപ്പ്. വാട്‌സ്ആപ്പും ഫെയ്‌സ്ബുക്കുമാണ് ഐടി ചട്ടം ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്.
പുതിയ ഐടി ചട്ടം അനുസരിച്ച് കോടതിയോ ബന്ധപ്പെട്ട അധികാരിയോ ഉത്തരവിട്ടാല്‍ ആദ്യം സന്ദേശം നല്‍കിയ ആളെ തിരിച്ചറിയുന്നത് സാധ്യമാക്കാന്‍ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ നിര്‍ബന്ധിതരാകും. ഇതുമൂലം വര്‍ഷങ്ങളോളം കോടിക്കണക്കിന് സന്ദേശങ്ങള്‍ വാട്‌സ്ആപ്പ് സംഭരിക്കേണ്ടതായി വരും. ഇത് ആഗോളതലത്തില്‍ മറ്റെവിടെയും നിലവില്‍ ഇല്ലെന്നും വാട്‌സ്ആപ്പ് വാദിച്ചു.
ലോകത്തിലെ മറ്റേതെങ്കിലും വിപണി സമാനമായ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നുണ്ടോ എന്ന് ബെഞ്ച് വാട്‌സ്ആപ്പിനോട് ചോദിച്ചു. ‘ലോകത്തെവിടെയും വിവരങ്ങള്‍ പങ്കിടാന്‍ നിങ്ങളോട് ആവശ്യപ്പെട്ടിട്ടില്ലേ? തെക്കേ അമേരിക്കയില്‍ പോലും?’ -കോടതി ചോദിച്ചു. ബ്രസീലില്‍ പോലും ഇല്ലെന്ന് വാട്‌സ്ആപ്പ് മറുപടി നല്‍കി.
നിലവിലെ സാഹചര്യത്തില്‍ സന്ദേശത്തിന്റെ ഉത്ഭവക്കാരെ കണ്ടെത്തേണ്ടത് പ്രധാനമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വാദിച്ചു. വാട്‌സ്ആപ്പിന് ഇന്ത്യയില്‍ മാത്രം 50ലക്ഷം ഉപയോക്താക്കളാണുള്ളത്. വാട്ട്സ്ആപ്പിന്റെ ഏറ്റവും വലിയ വിപണിയാണ് ഇന്ത്യ. ഇത് കണക്കിലെടുക്കുമ്പോള്‍ ഇതിന് പ്രാധാന്യമുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പ്രധാനപ്പെട്ട വിവരങ്ങള്‍ തല്‍ക്ഷണം പൗരന്റെ കൈകളിലേക്ക് എത്തിക്കുന്നതിന് ഒന്നിലധികം സര്‍ക്കാര്‍ സ്ഥാപനങ്ങളും വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നും കേന്ദ്രം ബോധിപ്പിച്ചു.
പുതിയ ചട്ടം എന്‍ഡ്- ടു- എന്‍ഡ് എന്‍ക്രിപ്ഷന്‍ പൊളിക്കാന്‍ നിര്‍ബന്ധിക്കുന്നില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വാദിച്ചു. കേസ് ഓഗസ്റ്റ് 14-ലേക്ക് മാറ്റിവെച്ച കോടതി, ഐടി ചട്ടം 2021ലെ വിവിധ വ്യവസ്ഥകളെ ചോദ്യം ചെയ്യുന്ന മറ്റ് കേസുകള്‍ക്കൊപ്പം വാദം കേള്‍ക്കും.
2016 മുതലാണ് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ വാട്‌സ്ആപ്പ് പൂര്‍ണ തോതില്‍ അവതരിപ്പിച്ചത്. സ്വകാര്യത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ആപ്പില്‍ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ അവതരിപ്പിച്ചത് എന്നാണ് വാട്‌സ്ആപ്പിന്റെ വിശദീകരണം. എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്റ്റ് ചെയ്യുമ്പോള്‍ സന്ദേശങ്ങള്‍, ഫോട്ടോകള്‍, വീഡിയോകള്‍, ശബ്ദ സന്ദേശങ്ങള്‍, ഡോക്യുമെന്റുകള്‍, സ്റ്റാറ്റസ് അപ്ഡേറ്റുകള്‍, കോളുകള്‍ എന്നിവ തെറ്റായ കൈകളില്‍ വീഴാതെ സുരക്ഷിതമാണെന്നും വാട്‌സ്ആപ്പ് അവകാശപ്പെടുന്നു.