കോട്ടയം: കോട്ടയം ലോക്സഭാ മണ്ഡലത്തില്‍ വോട്ടിങ് സമയം അവസാനിച്ചിട്ടും നീണ്ട ക്യൂവിനെ തുടര്‍ന്ന് ജില്ലയുടെ വിവിധ പോളിങ് ബൂത്തുകളില്‍ വോട്ടെടുപ്പ് തുടരുന്നു. ഏഴുമണിയോടെ 88.01 ശതമാനം ബൂത്തുകളില്‍ മാത്രമാണ് വോട്ടെടുപ്പ് പൂര്‍ത്തിയായത്. പകല്‍ ചൂടിനെ തുടര്‍ന്ന് ആളുകള്‍ ബൂത്തിലേക്കു വൈകിയെത്തിയതും പലയിടങ്ങളിലായി യന്ത്രങ്ങള്‍ പണിമുടക്കിയതുമാണ് വോട്ടെടുപ്പ് വൈകിപ്പിക്കുന്നത്. വൈകിട്ട് 6.15 വരെയുള്ള കണക്കനുസരിച്ചു ജില്ലയില്‍ രേഖപ്പെടുത്തിയത് 64.37 ശതമാനമാണ്.സമയം കഴിഞ്ഞതോടെ ക്യൂ നില്‍ക്കുന്നവര്‍ക്കു സ്ലിപ്പുകള്‍ വിതരം ചെയ്ത ശേഷമാണു വോട്ടു ചെയ്യിപ്പിക്കുന്നത്.
പുതുപ്പള്ളി മണ്ഡലത്തിലെ പാമ്പാടി 103-ാം നമ്പര്‍ ബൂത്തില്‍ യന്ത്രത്തകരാറിനെത്തുടര്‍ന്ന് അരമണിക്കൂറിലേറെ വോട്ടിങ്ങ് തടസപ്പെട്ടു. പുതിയ യന്ത്രം എത്തിച്ചാണ് വോട്ടിങ് പുനരാരംഭിച്ചത്.പുതുപ്പള്ളി 109 -ാം നമ്പര്‍ ബൂത്തില്‍ യന്ത്രത്തകരാറിനെത്തുടര്‍ന്ന് അര മണിക്കൂറിലേറെ വൈകിയാണ് വോട്ടിങ്ങ് ആരംഭിച്ചത്.
അയ്മനം 116-ാം നമ്പര്‍ ബൂത്തിലും കാണക്കാരി 152-ാം നമ്പര്‍ ബൂത്തിലും വോട്ടിങ് യന്ത്രം തകരാറിലായെങ്കിലും പിന്നീട് പരിഹരിച്ചു. ചങ്ങനാശ്ശേരി കുറിച്ചിയിലെ 171 നമ്പര്‍ ബൂത്തില്‍ യന്ത്രം തകരാറിലായതിനെത്തുടര്‍ന്നു പുതിയ യന്ത്രം എത്തിച്ചാണ് വോട്ടിങ് ആരംഭിച്ചത്. തണ്ണീര്‍മുക്കം ഹൈസ്കൂള്‍ ബൂത്തില്‍ യന്ത്രത്തകരാറിനെത്തുടര്‍ന്നു അരമണിക്കൂറിലേറെ വോട്ടിങ്ങ് തടസപ്പെട്ടു.
ഇതിനൊപ്പം വോട്ട് രേഖപ്പെടുത്താന്‍ കൂടുതല്‍ സമയം വേണ്ടി വന്നുവെന്ന പരാതിയും ഉണ്ട്. ഇത് ബൂത്തുകള്‍ക്കു മുന്നില്‍ വലിയ നിര രൂപപ്പെടാന്‍ കാരണമായി. വോട്ട് രേഖപ്പടുത്തിയാലും ബീപ് ശബ്ദം ഉയരാന്‍ വൈകിയത് പലയിടങ്ങളിലും പരാതിക്കു കാരണമായി.