ഡല്‍ഹി ലഫ്റ്റനന്‍റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേന ക്രൈസ്തവ സഭാദ്ധ്യക്ഷന്മാരുമായി രാഷ്ട്രീയ ചര്‍ച്ച നടത്തിയത് വിവാദമാകുന്നു. ബിജെപിയുടെ രാഷ്ട്രീയ ദൗത്യവുമായാണ് ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ ബിഷപ്പുമാരെ കാണാനെത്തിയതെന്നു വ്യക്തം.
സിറോ മലബാര്‍ സഭാദ്ധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടിലിനെയും മുന്‍ കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയെയും കണ്ടുവെങ്കിലും കേന്ദ്ര പ്രതിനിധിയെ കാണാന്‍ ലത്തീന്‍ രൂപതാ നേതൃത്വം കൂട്ടാക്കിയില്ല.
കോട്ടയത്തെ ക്രിസ്ത്യന്‍ ആത്മീയ കൂട്ടായ്മയായ സ്വര്‍ഗീയ വിരുന്നിന്‍റെ അധ്യക്ഷന്‍ ബ്രദര്‍ തങ്കുവിനെ സന്ദര്‍ശിച്ച് ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ സംഭാഷണം നടത്തി. വൈകിട്ടോടെ തിരുവല്ലയില്‍ ബിലീവേഴ്സ് ചര്‍ച്ചിന്‍റെ ഉടമസ്ഥതയിലുള്ള മെഡിക്കല്‍ കോളജിലെ ഒരു ചടങ്ങിലും അദ്ദേഹം പങ്കെടുത്തു.
ബുധനാഴ്ച രാവിലെ കൊച്ചിയിലിറങ്ങിയ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ കൊച്ചിയിലും പാലായിലും കോട്ടയത്തുമെല്ലാം ഓടിനടന്ന് വിവിധ ക്രിസ്ത്യന്‍ സമുദായ നേതാക്കളെ കണ്ട് ബിജെപിക്കനുകൂലമായി ക്രിസ്ത്യന്‍ മനസ് മാറ്റാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ കേരളത്തിലെ ക്രിസ്ത്യാനികള്‍ മനസ് മാറ്റുമോ ബിജെപി സര്‍ക്കാര്‍ നിയോഗിച്ച ഒരു ദൂതന്‍റെ വാക്കു കേട്ട് ?
അല്ലെങ്കില്‍ത്തന്നെ ഡല്‍ഹി ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ 2024 -ലെ ജനവിധി തേടുന്ന സാഹചര്യത്തില്‍ കേരളത്തിലെ ക്രിസ്ത്യന്‍ സഭാ മേലദ്ധ്യക്ഷന്മാരോട് എന്താണു പറയുന്നത് ? മണിപ്പൂരില്‍ ക്രിസ്ത്യന്‍ സമുദായത്തിനു നേരെ ഇപ്പോഴും തുടരുന്ന അതിക്രമങ്ങളെപ്പറ്റിയോ ?
മണിപ്പൂരില്‍ നടക്കുന്ന ക്രിസ്ത്യന്‍ വേട്ടയെപ്പറ്റി ഇനിയും മിണ്ടാത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൗനത്തെപ്പറ്റിയോ ? ഏറ്റവുമൊടുവില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന തെലങ്കാനയില്‍ ക്രിസ്ത്യന്‍ മിഷനറിമാര്‍ നടത്തുന്ന ഒരു സ്കൂളിനു നേരേ സംഘപരിവാര്‍ അക്രമികള്‍ നടത്തിയ അക്രമണത്തെപ്പറ്റിയോ ?
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദ്വേഷപ്രസംഗങ്ങളെപ്പറ്റി കത്തോലിക്കാ സഭയുടെ മുഖപത്രമായ ‘ദീപിക’ ശക്തമായൊരു എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ച ദിവസം തന്നെ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ സക്സേന എറണാകുളത്തും കോട്ടയത്തും ബിഷപ്പുമാരെ സന്ദര്‍ശിച്ചത് യാദൃശ്ചികമായിരിക്കാം.
കുറെ മാസം മുമ്പാണ് തിരുവല്ലയിലെ ബിലീവേഴ്സ് ചര്‍ച്ചിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളില്‍ കേന്ദ്ര ഏജന്‍സികള്‍ റെയ്ഡ് നടത്തി കോടിക്കണക്കിനു രൂപ പിടിച്ചെടുത്തത്. കാറിന്‍റെ ഡിക്കിയില്‍ നിന്നുപോലും 500 രൂപയുടെ നോട്ടുകെട്ടുകള്‍ പിടിച്ചെടുത്തിരുന്നു. തങ്കു ബ്രദറിന്‍റെ വീട്ടിലും സ്ഥാപനങ്ങളിലും ഇതുപോലെ റെയ്ഡുകള്‍ നടന്നു. ഈ കേസുകളെപ്പറ്റിയൊന്നും ഇപ്പോള്‍ ഒരു വിവരവുമില്ല.
കേന്ദ്ര ഏജന്‍സികള്‍ റെയ്ഡ് നടത്തി അനധികൃതമായി സൂക്ഷിച്ചിരുന്ന നോട്ടുകെട്ടുകള്‍ പിടിച്ചെടുത്ത രണ്ടു സ്ഥാപനങ്ങളിലാണ് ഡല്‍ഹി ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ സക്സേന സന്ദര്‍ശിച്ചത്. അതും കേരളത്തിലെ ജനങ്ങള്‍ പോളിങ്ങ് ബൂത്തിലേയ്ക്കു പോകുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പ്.
അപ്പോഴും ലത്തീന്‍ കത്തോലിക്കാ സഭ ആത്മാഭിമാനം വിടാതെ തല ഉയര്‍ത്തിപ്പിടിച്ച് ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ ഞങ്ങളെ കാണാന്‍ വരേണ്ടതില്ല എന്ന നിലപാടെടുത്തു. കഴിഞ്ഞ മാസമാണ് വിദേശ സഹായം കിട്ടുന്ന സഭയുടെ രണ്ട് അക്കൗണ്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചത്. പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ സംരക്ഷണത്തിനും അവരുടെ വിദ്യാര്‍ത്ഥികളുടെ പഠനത്തിനും മറ്റുമുള്ള സഹായ പദ്ധതികള്‍ക്കായിരുന്നു ഈ തുക വിനിയോഗിച്ചിരുന്നത്. സമ്മര്‍ദമുണ്ടായിട്ടും അങ്ങനെയൊരു കൂടിക്കാഴ്ചയ്ക്കു ലത്തീന്‍ സഭാ നേതൃത്വം തയ്യാറായില്ലെന്നത് ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യങ്ങളില്‍ വലിയ കാര്യം തന്നെ.