പാക്കിസ്ഥാൻ: ഡൽഹിയിൽ മസ്തിഷ്‌ക മരണം സംഭവിച്ച വനിതയുടെ ഹൃദയം പാക്ക് യുവതിയ്ക്ക് മാറ്റിവെച്ച ശസ്ത്രക്രിയ വിജയം കണ്ടതായി ആശുപത്രി അധികൃതർ. കറാച്ചി സ്വദേശിയായ ആയിഷ റഷൻ (19) ആണ് ചെന്നൈ എംജിഎം ഹെൽത്ത് കെയർ ആശുപത്രിയിൽ വച്ച് ഹൃദയ ശസ്ത്രക്രിയക്ക് വിധേയയായത്.  ആദ്യമായി ഇന്ത്യയിലേക്ക് വന്ന ആയിഷയും കുടുംബവും മനസ് നിറയെ സന്തോഷവും ആശ്വാസവുമായാണ് മടങ്ങിപ്പോകുന്നത്.
ഡൽഹിയിൽ മസ്തിഷ്‌ക മരണം സംഭവിച്ച 69കാരിയുടെ ഹൃദയമാണ് ആയിഷയ്ക്ക് നൽകിയത്. ഈ സ്ത്രീയുടെ മസ്തിഷ്ക മരണം സ്ഥിരീകരിക്കുകയും ബന്ധുക്കൾ അവയവ ദാനത്തിന് തയ്യാറാവുകയും ചെയ്ത സമയത്ത്, ആയിഷയല്ലാതെ ഈ ഹൃദയം വെച്ചുപിടിപ്പിക്കാവുന്ന മറ്റൊരു രോഗിയും ഉണ്ടായിരുന്നില്ല. അതല്ലായിരുന്നെങ്കിൽ വിദേശത്ത് നിന്നുള്ള ഒരു രോഗിക്ക് ഇന്ത്യക്കാരായ രോഗികൾ കാത്തിരിക്കുമ്പോൾ ഹൃദയ ശസ്ത്രക്രിയ സാധ്യമാകില്ലായിരുന്നു.
ശസ്ത്രക്രിയ വിജയമായതിനെ തുടർന്ന് ഐയിഷയും കുടുംബവും കേന്ദ്ര സർക്കാരിന് നന്ദി അറിയിച്ചു. പാക്കിസ്ഥാനിൽ തങ്ങൾ പല ഡോക്ടർമാരെയും കണ്ടുവെന്നും എന്നാൽ ഇത്തരമൊരു സൗകര്യം അവിടെ ഇല്ലാത്തതാണ് പ്രതിസന്ധിയായതെന്നും അവർ പറഞ്ഞു. പാക്കിസ്ഥാനിൽ തിരിച്ചെത്തിയാൽ പഠിച്ച് ഫാഷൻ ഡിസൈനറാകണമെന്നാണ് ആയിഷയുടെ ആഗ്രഹം.
2018 ൽ പാക്കിസ്ഥാൻ്റെ ലോകകപ്പ് നേടിയ ഫീൽഡ് ഹോക്കി ഗോൾകീപ്പർ മൻസൂർ അഹമ്മദ് ഇന്ത്യയിൽ ഹൃദയ ശസ്ത്രക്രിയ നടത്തിയിരുന്നു. എന്നാൽ ഇദ്ദേഹത്തിൻ്റെ ശരീരത്തിൽ ഘടിപ്പിച്ചിരുന്ന പേസ്‌മേക്കറിൻ്റെയും സ്റ്റെൻ്റിൻ്റെയും പ്രവർത്തനത്തിൽ തകരാർ സംഭവിച്ചത് പ്രതിസന്ധിയായിരുന്നു.
ഇസിഎംഒ പിന്തുണയിലായിരുന്നു ആയിഷ ഉണ്ടായിരുന്നത്. ഹൃദയ വാൽവിൽ ചോർച്ചയ്ക്ക് കാരണമായ വലിയൊരു ലീക്ക് വികസിച്ചതോടെയാണ് ഹൃദയത്തിൻ്റെ പ്രവർത്തനം തടസ്സപ്പെട്ടത്. ഇതിന് പരിഹാരം തേടി ഇന്ത്യയിലേക്ക് വന്ന ആയിഷയ്ക്കും കുടുംബത്തിനും പണം വലിയ പ്രതിസന്ധിയായിരുന്നു. എന്നാൽ ചൈന്നൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ഐശ്വര്യം ട്രസ്റ്റാണ് 35 ലക്ഷം രൂപയോളം ചെലവാകുന്ന ഹൃദയ ശസ്ത്രക്രിയ പൂർണമായി വഹിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *