തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളം വിധിയെഴുതി. ഇനി ജൂണ്‍ നാലിന് ഫലമറിയാനുള്ള കാത്തിരിപ്പ്. അര്‍ധരാത്രി വരെ പോളിങ് നീണ്ടു. രാത്രി 8.15 വരെയുള്ള ഔദ്യോഗിക കണക്ക് അനുസരിച്ച് 70.35 ശതമാനമാണ് പോളിംഗ്. അര്‍ധരാത്രി വരെ വോട്ടെടുപ്പ് നീണ്ട പശ്ചാത്തലത്തില്‍ യഥാര്‍ത്ഥ കണക്ക് ഇതിലും അല്‍പം വര്‍ധിക്കും. ഔദ്യോഗിക പോളിംഗ് ശതമാനം ഉടന്‍ പുറത്തുവരും.
വടകര കുറ്റ്യാടി മണ്ഡലത്തിലെ 141 -ാം ബൂത്തിലാണ് (മുടപ്പിലാവില്‍ എല്‍ പി സ്‌കൂള്‍) ഏറ്റവും അവസാനം പോളിങ് അവസാനിച്ചത്. 11.43നാണ് അവസാനത്തെ ആള്‍ വോട്ട് ചെയ്തത്. ചില ബൂത്തുകളില്‍ വോട്ടെടുപ്പ് മന്ദഗതിയിലായതാണ് വോട്ടെടുപ്പ് അര്‍ധരാത്രി വരെ നീളാന്‍ കാരണം. വടകര മണ്ഡലത്തിലാണ് വോട്ടെടുപ്പില്‍ കൂടുതല്‍ ഇഴച്ചില്‍ അനുഭവപ്പെട്ടത്. 
കോഴിക്കോട് ജില്ലയിലെ 281 ബൂത്തുകളിൽ വോട്ടെടുപ്പ് കഴിഞ്ഞത് രാത്രി പത്തരയോടെയാണ്. തിരഞ്ഞെടുപ്പ് മന്ദഗതിയിലായതോടെ വടകരയില്‍ വോട്ട് ചെയ്യാതെ മടങ്ങിയവരുമുണ്ടെന്നാണ് റിപ്പോര്‍ട്ട്. 
വോട്ടെടുപ്പ് വൈകിപ്പിക്കുന്നതിൽ ഗൂഢാലോചന ഉണ്ടെന്ന് ആരോപിച്ച് യുഡിഎഫ് രംഗത്തെത്തി. വോട്ടിങ് യന്ത്രം തകരാറിലായതാണ് ചില ബൂത്തുകളിൽ പോളിങ് മന്ദഗതിയിലാകാൻ കാരണം. വടകരയിൽ പോളിങ് വൈകിയത് പരിശോധിക്കണമെന്ന ആവശ്യവുമായി മൂന്നു മുന്നണികളും രം​ഗത്തെത്തിയിട്ടുണ്ട്.  
ആറു മണിക്ക് ഔദ്യോഗിക സമയം അവസാനിച്ചെങ്കിലും ചില ബൂത്തുകളില്‍ നീണ്ട ക്യൂവാണ് പിന്നീടും അനുഭവപ്പെട്ടത്. ആറ് മണിവരെ ബൂത്തിലെത്തിയവർക്ക് ടോക്കൺ നൽകി. കഴിഞ്ഞ തവണത്തെക്കാള്‍ കുറഞ്ഞത് ഏഴു ശതമാനമെങ്കിലും പോളിങില്‍ ഇടിവുണ്ടായി. ഇത് മുന്നണികളെ ആശങ്കപ്പെടുത്തുന്നുണ്ട്. എങ്കിലും വന്‍ ആത്മവിശ്വാസമാണ് മുന്നണികളും സ്ഥാനാര്‍ത്ഥികളും പ്രകടിപ്പിക്കുന്നത്.
ചില പ്രശ്‌നങ്ങള്‍, പൊതുവെ സമാധാനപരം
കൊല്ലം പത്തനാപുരത്ത് എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. വോട്ടർ മാരെ വാഹനങ്ങളിൽ എത്തിക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. നടുക്കുന്ന് 48, 49 ബൂത്തുകളിലാണ് സംഭവം.
 ചെർക്കള ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ മാധ്യമപ്രവർത്തകർക്ക് നേരെ യുഡിഎഫ് ആക്രമണം. കൈരളി ടി. വി റിപ്പോർട്ടർ സിജു കണ്ണനും ക്യാമറമാൻ  ഷൈജു പിലാത്തറയ്ക്കും പരിക്കേറ്റു.
നാദാപുരം നിയമസഭാ മണ്ഡലത്തിലെ 61, 162 പോളിംഗ് സ്റ്റേഷനുകളിലെ പ്രിസൈഡിംഗ് ഓഫീസര്‍മാരെ മാറ്റി. ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്നാണ് നടപടി.
പുല്‍പള്ളി സ്പെഷൽ പൊലീസ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥയെ പാമ്പ് കടിച്ചു. പുല്‍പള്ളി വില്ലേജില്‍ 27-ാം നമ്പര്‍ ബൂത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കല്ലുവയല്‍ സ്വദേശിനി ഓടക്കല്‍ സീതാലക്ഷ്മിയെയാണ് പാമ്പ് കടിച്ചത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നാദാപുരം പഞ്ചായത്തിലെ 171, 172 ബൂത്തുകളിൽ വോട്ടർമാരും പോലീസും തമ്മിൽ ഉന്തും തള്ളും. ക്യൂ നിൽക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കാരണം. ഇടുക്കി ഖജനാപ്പാറ, തിരുവല്ല, അടൂര്‍, തുടങ്ങിയ സ്ഥലങ്ങളില്‍ കള്ളവോട്ട് പരാതി ഉയര്‍ന്നു.
നോവായി മരണങ്ങള്‍; കൂടുതലും കുഴഞ്ഞുവീണ്‌
സംസ്ഥാനത്ത് വോട്ടെടുപ്പിനിടെ കുഴഞ്ഞുവീണ് മരിച്ചത് എട്ടുപേര്‍ . ഒരു അപകട മരണവും റിപ്പോര്‍ട്ട് ചെയ്തു. പാലക്കാട് മാത്രം യുവാവ് ഉള്‍പ്പെടെ മൂന്ന് പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. 
തെങ്കുറിശ്ശി വടക്കേത്തറ എല്‍പി സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തേന്‍കുറിശ്ശി സ്വദേശി ശബരി(32) ആണ് മരിച്ചത്. വോട്ട് ചെയ്യാനെത്തിയ ശബരി പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു. വൈകാതെ മരണവും സംഭവിച്ചു.
വിളയോടി പുതുശേരി കുമ്പോറ്റിയിൽ കണ്ടൻ (73) എന്നയാളും കുഴഞ്ഞുവീണ് മരിച്ചു. വോട്ട് ചെയ്ത് വിശ്രമിക്കുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു കണ്ടൻ. തേൻകുറിശ്ശി വടക്കേത്തറ എൽ പി സ്കൂളിൽ വച്ചായിരുന്നു സംഭവം.
ഒറ്റപ്പാലത്തും രാവിലെ വോട്ട് ചെയ്യാനെത്തിയ ഒരാള്‍ കുഴഞ്ഞുവീണ് മരിച്ചിരുന്നു. ഒറ്റപ്പാലം ചുനങ്ങാട് വാണിവിലാസിനി മോഡന്‍കാട്ടില്‍ ചന്ദ്രന്‍(68) ആണ് മരിച്ചത്.
കോഴിക്കോട് നാദാപുരത്ത് വോട്ട് ചെയ്യാന്‍ എത്തിയ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു. വളയം ചെറുമോത് കുന്നുമ്മല്‍ മാമി(63)യാണ് മരിച്ചത്. 
കോഴിക്കോട് ബൂത്ത് ഏജന്റും ആലപ്പുഴ കാക്കാഴത്ത് വോട്ട് ചെയ്തിറങ്ങിയ വയോധികനും കുഴഞ്ഞുവീണ് മരിച്ചു. കോഴിക്കോട് ടൗൺ  ബൂത്ത് നമ്പർ 16 ലെ  എൽഡിഎഫ് ബൂത്ത് ഏജന്റ് കുറ്റിച്ചിറ സ്വദേശി അനീസ് അഹമ്മദാണ് കുഴഞ്ഞ് വീണ് മരിച്ചത്. 
മലപ്പുറം തിരൂരിൽ വോട്ട് ചെയ്ത ശേഷം വീട്ടിൽ മടങ്ങിയെത്തിയയാൾ കുഴഞ്ഞുവീണ് മരിച്ചു. നിറമരുതൂർ സ്വദേശി ആലുക്കാനകത്ത് സിദ്ധീഖ് മൗലവി (63) ആണ് മരിച്ചത്. നിറമരതൂർ വള്ളികാഞ്ഞീരം സ്കൂൾ ബൂത്തിലെ ആദ്യ വോട്ടറായിരുന്നു.
ആലപ്പുഴ കാക്കാഴം എസ്എൻ വി ടിടിഐ സ്ക്കൂളിൽ വോട്ട് ചെയ്തിറങ്ങിയ കാക്കാഴം വെളിപറമ്പ് സോമരാജൻ (82) കുഴഞ്ഞു വീണു മരിച്ചു.  
മലപ്പുറം പരപ്പനങ്ങാടിയിൽ വോട്ടു ചെയ്യാൻ ബൈക്കിൽ പോയ ആൾ വാഹനമിടിച്ച് മരിച്ചു. ബിഎം സമീപമുണ്ടായ അപകടത്തിൽ നെടുവാൻ സ്വദേശി ചതുവൻ വീട്ടിൽ സൈദു ഹാജി (75) ആണു മരിച്ചത്.  
കോഴിക്കോട് തൊട്ടില്‍പ്പാലം നാഗം പാറ ജിഎല്‍പി സ്കൂള്‍ ബൂത്തില്‍ വോട്ട് രേഖപ്പെടുത്തി തിരിച്ചിറങ്ങിയ ആള്‍ കുഴഞ്ഞുവീണ് മരിച്ചു. ആശ്വസിയിലെ കല്ലുംപുറത്ത് വിമേഷ് (42) ആണ് കുഴഞ്ഞുവീണ് മരിച്ചത്. ബൂത്തിൽ രണ്ട് മണിക്കൂർ വരിനിന്നാണ് വിമേഷ് വോട്ട് രേഖപ്പെടുത്തിയത്. 

By admin

Leave a Reply

Your email address will not be published. Required fields are marked *