ബെംഗളുരു: ലോക്സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്  ബെംഗളുരുവിലെ വോട്ടർമാർക്ക് വെറൈറ്റി ഓഫറുമായി നേതാക്കന്മാർ. തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോള്‍ സൗജന്യ ബിയര്‍, സൗജന്യ ദോശ, സൗജന്യ യാത്ര തുടങ്ങി നിരവധി ഓഫറുകളാണ് വിവിധ സ്ഥാപനങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
ബെംഗളുരുവിലെ നൃപതുംഗ റോഡിലുള്ള നിസര്‍ഗ ഗ്രാന്‍റ് ഹോട്ടല്‍ സൗജന്യ ദോശ, നെയ്ച്ചോര്‍, പാനീയങ്ങള്‍ തുടങ്ങിയ ഓഫറുകളാണ് വോട്ട് ചെയ്യുന്നവര്‍ക്കായി പോളിങ് ദിവസത്തില്‍ ഒരുക്കിയിട്ടുള്ളത്. ബെല്ലന്‍ഡൂരിലുള്ള ഡെക്ക് ഓഫ് ബ്ര്യൂസ് എന്ന സ്ഥാപനമാണ് സൗജന്യമായി ബിയര്‍ നല്‍കുന്നത്. വോട്ട് ചെയ്തതിന് ശേഷം തൊട്ടടുത്ത ദിവസങ്ങളായ ഏപ്രില്‍ 27, 28 തിയ്യതികളികളിൽ വിവിധ ഡിസ്കൗണ്ട് ഓഫറുകള്‍ ഡെക്ക് ഓഫ് ബ്ര്യൂസ് നല്‍കും. 
അതേ സമയം പബ് ശൃംഖലയായ സോഷ്യൽ വ്യത്യസ്തമായ രീതിയിലാണ് ആളുകളെ വോട്ടു ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളിൽ ആളുകളോട് വോട്ടു ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുള്ള വിവരങ്ങള്‍ തങ്ങളുടെ ബില്ലില്‍ രേഖപ്പെടുത്താനാണ് അവരുടെ തീരുമാനം. തീര്‍ന്നില്ല, ഈ ബില്ലും വോട്ട് ചെയ്തതായി വിരലില്‍ അടയാളപ്പെടുത്തിയതും കാണിച്ചുകൊണ്ട് എത്തുന്ന ആളുകള്‍ക്ക് 20% ശതമാനം ഡിസ്കൗണ്ട് ലഭിക്കും. തെരഞ്ഞെടുപ്പിന് ശേഷം ഒരാഴ്ച്ചക്കാലത്തേക്കാണ് ഈ ഓഫര്‍ നിലനില്‍ക്കുക.
വോട്ട് ചെയ്യാന്‍ പോളിങ് ബൂത്തുകളിലേക്ക് പോകുന്ന അംഗപരിമിതര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കുമുള്ളതാണ് മറ്റൊരു ഓഫര്‍. ഇത്തരക്കാര്‍ക്കായി സൗജന്യ ഓട്ടോ, കാബ് യാത്രകള്‍ ഓഫര്‍ ചെയ്തിരിക്കുന്നത് റാപിഡോയാണ്. ബെംഗളുരുവിന് പുറമേ, മൈസൂരിലും മംഗലാപുരത്തും ഈ സൗകര്യം ലഭ്യമാകും.
തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിക്കാതിരിക്കുന്നിടത്തോളം ഇത്തരത്തില്‍ ഓഫറുകളും സൗജന്യങ്ങളും നല്‍കുന്നതിൽ തെറ്റില്ലെന്ന് കര്‍ണാടക ഹൈക്കോടതി ബുധനാഴ്ച്ച വ്യക്തമാക്കിയിരുന്നു. ഇത്തരത്തില്‍ ഓഫറുകള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് ഹോട്ടല്‍ അസോസിയേഷന്‍റെ പിന്തുണയുമുണ്ട്. വണ്ടര്‍ലാ, ബ്ലൂ സ്മാര്‍ട്ട് തുടങ്ങിയ സ്ഥാപനങ്ങളും വിവിധ ഓഫറുകള്‍ വോട്ടര്‍മാര്‍ക്കായി പ്രഖ്യാപിച്ചിട്ടുണ്ട്.
2019-ലെ തെരഞ്ഞെടുപ്പിൽ ബെംഗളുരുവിലുണ്ടായ കുറഞ്ഞ പോളിങ് നിരക്കും ഇത്തരം ഓഫറുകള്‍ നല്‍കാന്‍ പ്രചോദനമായിട്ടുണ്ട്. കര്‍ണാടകയിൽ ഏറ്റവും കുറഞ്ഞ പോളിങ് നിരക്ക് ബെംഗളുരു സെന്‍ട്രൽ, ബെംഗളുരു നോര്‍ത്ത്, ബെംഗളുരു സൗത്ത് മണ്ഡലങ്ങളിലായിരുന്നു. ബെംഗളുരു സെന്‍ട്രൽ (54.32 ശതമാനം), ബെംഗളുരു നോര്‍ത്ത് (54.76 ശതനമാം), ബെംഗളുരു സൗത്ത് (53.7 ശതമാനം) എന്നിങ്ങനെയായിരുന്നു പോളിങ് നിരക്ക്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏപ്രില്‍ 26ന് മെട്രോ സര്‍വ്വീസുകള്‍ വര്‍ധിപ്പിച്ചതായി ബിഎംആര്‍സിഎല്ലും അറിയിച്ചിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *