സഞ്ജു സാംസണെ മറികടന്ന് ഒന്നാമതെത്താന്‍ വിരാട് കോലി! ഹൈദരാബാദിനെ ഇറങ്ങുമ്പോള്‍ വേണ്ടത് 85 റണ്‍സ് മാത്രം

ഹൈദരാബാദ്: ഐപിഎല്ലില്‍ ഇന്ന് സണ്‍റൈസേഴ് ഹൈദരാബാദിനെ നേരിടാനൊരങ്ങുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു. എട്ട് മത്സരങ്ങളില്‍ രണ്ട് പോയിന്റ് മാത്രമുള്ള ആര്‍സിബി അവസാന സ്ഥാനത്താണ്. ആര്‍സിബി നിരയില്‍ വിരാട് കോലി തിളങ്ങുന്നുണ്ടെങ്കിലും ശേഷിക്കുന്ന ബാറ്റര്‍ക്കൊന്നും പിന്തുണ നല്‍കാന്‍ സാധിക്കുന്നില്ല. കുറച്ചെങ്കിലും ഭേദം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തികാണ്. ഇതിനിടെ ഹൈദരാബാദിനെതിരെ ഒരു റെക്കോര്‍ഡിനരികെയാണ് കോലി.

മറികടക്കേണ്ടത് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണെ. ഹൈദരാബാദിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ബാറ്ററെന്ന റെക്കോര്‍ഡാണ് കോലിയെ കാത്തിരിക്കുന്നത്. ഇക്കാര്യത്തില്‍ സഞ്ജുവാണ് ഒന്നാമന്‍. 21 മത്സരങ്ങളില്‍ 791 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. പുറത്താവാതെ നേടിയ 102 റണ്‍സാണ് മികച്ച സ്‌കോര്‍. രാജസ്ഥാനെ കൂടാതെ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് വേണ്ടിയും സഞ്ജു കളിച്ചു.

ആ സേവിന് കൊടുക്കണം കുതിരപ്പവന്‍! മത്സരം ജയിപ്പിച്ചത് സ്റ്റബ്‌സിന്റെ അമ്പരപ്പിക്കുന്ന സാഹസിക ഫീല്‍ഡിംഗ്; വീഡിയോ

സഞ്ജുവിനെ മറികടക്കാന്‍ കോലിക്ക് വേണ്ടത് 81 റണ്‍സാണ്. 22 മത്സരങ്ങളില്‍ 711 റണ്‍സാണ് കോലി നേടിയത്. 100 റണ്‍സാണ് കോലിയുടെ ഉയര്‍ന്ന സ്‌കോര്‍. ഷെയന്‍ വാട്‌സണാണ് മൂന്നാം സ്ഥാനത്ത്. 18 മത്സങ്ങളില്‍ 566 റണ്‍സാണ് വാട്‌സണ്‍ നേടിയത്. പുറത്താവാതെ നേടിയ 117 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, ആര്‍സിബി, രാജസ്ഥാന്‍ എന്നിവര്‍ക്ക് വേണ്ടി വാട്‌സണ്‍ കളിച്ചു. മുമ്പ് ചെന്നൈ, മുംബൈ ഇന്ത്യന്‍സ് എന്നിവര്‍ക്ക് വേണ്ടി കളിച്ച അമ്പാട്ടി റായുഡു നാലാമത്. 21 മത്സരത്തില്‍ 549 റണ്‍സാണ് റായുഡു നേടിയത്. പുറത്താവാതെ നേടിയ 100 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 16 മത്സരങ്ങളില്‍ 546 നേടിയ നിതീഷ് റാണ അഞ്ചാം സ്ഥാനത്ത്. 80 റണ്‍സാണ്  ഉയര്‍ന്ന സ്‌കോര്‍.

ഹൈദരാബാദില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. തകര്‍ത്തടിച്ച് ജയം ശീലമാക്കിയ ടീമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ആര്‍സിബി ആവട്ടെ തോല്‍വി പതിവാക്കിയ ടീമും. ഇന്ന് കൂടി തോറ്റാല്‍ ആര്‍സിബിക്ക് പ്ലേഓഫ് ആശിക്കേണ്ടതില്ല.

By admin