ശോഭ സുരേന്ദ്രൻ പറയുന്നത് കള്ളം, ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല, മകൻ ഫോണില്‍ സംസാരിച്ചിട്ടില്ലെന്നും ഇപി ജയരാജൻ

കണ്ണൂര്‍ : ഇപി ജയരാജൻ ബിജെപിയിലേക്ക് ചേരാനുള്ള ചര്‍ച്ചകള്‍ നടത്തിയെന്ന ശോഭ സുരേന്ദ്രന്‍റെ വെളിപ്പെടുത്തലിനോട് പ്രതികരിച്ച് ഇപി ജയരാജൻ. ശോഭാ സുരേന്ദ്രൻ പറയുന്നത് കള്ളമാണെന്നും ശോഭയുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നുമാണ് ഇപി ജയരാജൻ വ്യക്തമാക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രതികരണത്തിലാണ് ഇപി, ഇക്കാര്യം വ്യക്തമാക്കിയത്. തന്‍റെ മകൻ ശോഭാ സുരേന്ദ്രനുമായി ഫോണില്‍ സംസാരിച്ചിട്ടില്ലെന്നും ഇപി വ്യക്തമാക്കി. 

ഇപി മകന്‍റെ നമ്പറിലൂടെയാണ് തന്നെ ആദ്യമായി ബന്ധപ്പെട്ടത് എന്നാണ് ശോഭ സുരേന്ദ്രൻ പറഞ്ഞത്. ‘നോട്ട് മൈ നമ്പര്‍’ എന്ന് ഇപി ജയരാജന്‍റെ മകൻ വാട്ട്സ് ആപ്പിലൂടെ മെസേജ് അയച്ചെന്നും ശോഭ സുരേന്ദ്രൻ ആരോപിച്ചിരുന്നു. 

ഒരു വിവാഹച്ചടങ്ങില്‍ വച്ച് ശോഭ, മകന്‍റെ ഫോൺ നമ്പര്‍ വാങ്ങിയെന്നും ഇടയ്ക്കിടെ,നരേന്ദ്ര മോദിയുടെ ചിത്രങ്ങൾ വാട്സ് ആപ്പിൽ അയക്കുമായിരുന്നു, മകൻ ഒരു മറുപടിയും കൊടുത്തിട്ടില്ലെന്നും ഇപി. 

ബിജെപിയിലേക്ക് വരാൻ ഒരു പ്രമുഖ സിപിഎം നേതാവ് ചര്‍ച്ച നടത്തിയെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞതോടെയാണ് വിവാദങ്ങളുടെ തുടക്കം. ആ നേതാവ് ഇപി ജയരാജൻ ആണെന്ന് കെപിസിസി പ്രസിഡന്‍റ് കെസുധാകരൻ ആരോപിക്കുകയായിരുന്നു. തുടര്‍ന്ന് സുധാകരനെതിരെ ഇപി ജയരാജൻ രംഗത്തെത്തി. സുധാകരനാണ് ബിജെപിയിലേക്ക് പോകാൻ തയ്യാറെടുത്ത് നില്‍ക്കുന്നതെന്നായിരുന്നു ഇപിയുടെ മറുപടി. 

അതേസമയം വിഷയം വിവാദമായതോടെ ബിജെപിയിലേക്ക് ചാടാൻ ശ്രമം നടത്തിയത് ഇപി, തന്നെയെന്ന് ഉറപ്പിച്ച് ശോഭ സുരേന്ദ്രൻ തെളിവുകളും നിരത്തി. ഇപിയുമായുള്ള ദില്ലി ചര്‍ച്ചയ്ക്ക് തനിക്ക് ടിക്കറ്റ് അയച്ചുതന്നത് നന്ദകുാര്‍ ആണെന്ന് വ്യക്തമാക്കി. ഈ ടിക്കറ്റും ഇവര്‍ തെളിവായി കാണിച്ചു. ഇതിന് ശേഷമാണിപ്പോള്‍ ശോഭ പറയുന്നതെല്ലാം ഇപി, നിഷേധിച്ചിരിക്കുന്നത്.

Also Read:- ‘ബിജെപിയിലേക്ക് വരാൻ ചർച്ച നടത്തിയത് ഇപി ജയരാജൻ’; വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

By admin