ബല്ലിയ: വിവാഹ ഘോഷയാത്രക്കിടെ വരന് നേരെ കാമുകിയുടെ ആസിഡാക്രമണം. ഉത്തര്‍പ്രദേശിലെ ബല്ലിയയിലാണ് സംഭവം. യുവതിയെ പിന്നീട് വരൻ്റെ ബന്ധുക്കൾ പിടികൂടി ക്രൂരമായി മർദ്ദിച്ചു.വരനെ നേരെ ആസിഡൊഴിച്ചതില്‍ ബന്ധുക്കള്‍ യുവതിയെ റോഡിലൂടെ നടത്തിക്കുകയും ചെയ്തു.
ചൊവ്വാഴ്ച ബല്ലിയയിലെ ബൻസ്ദിഹ് പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന ദുമാരി ഗ്രാമത്തിൽ ഒരു വിവാഹ ഘോഷയാത്രക്കിടെയാണ് സംഭവം.ആക്രമണത്തില്‍ വരന് പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. രാകേഷ് ബിന്ദ് എന്ന യുവാവിന്‍റെ വിവാഹ ഘോഷയാത്രക്കിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
 അതേ ഗ്രാമത്തിൽ നിന്നുള്ള യുവതി വധുവിൻ്റെ വേഷം ധരിച്ചാണ് ഇയാളെ സമീപിച്ചത്.വരൻ തൻ്റേത് മാത്രമാണെന്നും ആർക്കും അവനെ തന്നിൽ നിന്ന് അകറ്റാൻ കഴിയില്ലെന്നും യുവതി രാകേഷിനോട് പറഞ്ഞു. എന്നാല്‍ രാകേഷ് ഇതുകേള്‍ക്കാന്‍ തയ്യാറായില്ല. ഇതോടെ പ്രകോപിതയായ യുവതി കയ്യിലുണ്ടായിരുന്നു കുപ്പിയില്‍ നിന്നും ആസിഡ് എറിയുകയായിരുന്നു. വരന്‍റെ സമീപത്തുണ്ടായിരുന്നു മൂന്നു സ്ത്രീകള്‍ക്കും പൊള്ളലേറ്റു.
പൊള്ളലേറ്റ നാല് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. വരന് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിവാഹവേദിയിലെത്തി ചടങ്ങുകള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. ആക്രമിച്ച യുവതിയെ പൊലീസ് പിടികൂടി കേസെടുത്തു. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്. 326 വകുപ്പ് പ്രകാരമാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *