വയനാട്: ഭക്ഷ്യക്കിറ്റ് വിവാദത്തില്‍ പ്രതികരണവുമായി ബി.ജെ.പി.  സ്ഥാനാര്‍ഥി കെ. സുരേന്ദ്രന്‍. ആദിവാസി വിഭാഗത്തെ അപമാനിക്കുന്നതിനാണ് ഇത്തരമൊരു ആരോപണം യു.ഡി.എഫും എല്‍.ഡി.എഫും നടത്തുന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു.ഈ ആരോപണം ബി.ജെ.പിക്കെതിരെയല്ല, ആദിവാസി ഗോത്ര സമൂഹത്തിന്റെ അഭിമാനത്തെ ചോദ്യം ചെയ്യുന്നതാണ്. അവരോട് മാപ്പുപറയാന്‍ എല്‍.ഡി.എഫും യു.ഡി.എഫും തയാറാകണം. 
തെരഞ്ഞെടുപ്പ് നാളെ കഴിയും. ഈ ഒരു കളങ്കം ആദിവാസി സമൂഹത്തിന് മേല്‍ ചാര്‍ത്തുന്നത് എന്തിനാണ്. ഇരുന്നൂറ് രൂപയുടെ കിറ്റ് കൊടുത്താല്‍ അവര്‍ വോട്ട് ചെയ്യുമെന്നാണോ നിങ്ങള്‍ കണക്കാക്കുന്നത്? അങ്ങേയറ്റം വേദനാജനകമായ ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. അതിന് ആദിവാസി ഗോത്ര സമൂഹം തക്കതായ മറുപടി നല്‍കും. 
ബത്തേരിയിലെ ഒരുപ്രധാനപ്പെട്ട ക്ഷേത്രഭാരവാഹികളാണ് കിറ്റ് വിതരണം ചെയ്തത് എന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇതിനെ എങ്ങനെയാണ് ബി.ജെ.പിയുമായി ബന്ധപ്പെടുത്തുന്നത്?. അത് കൊടുത്തിട്ടുണ്ടെങ്കില്‍ അവരോട് ചോദിക്കണം?.
രാഹുല്‍ ഗാന്ധി വയനാടിന് വേണ്ടി എന്തു ചെയ്തു എന്നാണ് തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യുന്നത്. കിറ്റ് വിവാദമല്ല ഇവിടെ ക്വിറ്റ് രാഹുല്‍ എന്നാണ് ചര്‍ച്ചയെന്നും സുരേന്ദ്രന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ വക ചാരായം കൊടുക്കുന്നതൊന്നും വാര്‍ത്തയാകുന്നില്ല. ആരോ പപ്പടവും പയറും കൊണ്ടുപോയി എന്നുപറഞ്ഞാണ് ബി.ജെ.പിയുടെ മേല്‍ കുതിര കയറുന്നത്. 
രാഹുല്‍ഗാന്ധി ഇത്തവണയും വലിയ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന് പറഞ്ഞ നടന്നവരുടെ ആത്മവിശ്വാസം നഷ്ടമായതോടെയാണ് ഇത്തരം ആരോപണം ഉന്നയിക്കുന്നത്. കോണ്‍ഗ്രസ് ഇത്ര വെപ്രാളം കാണിക്കുന്നതിന് പിന്നില്‍ രാഹുല്‍ ഗാന്ധിക്കെതിരെ വയനാട്ടില്‍ ശക്തമായ വികാരം അലയടിക്കുകയാണ്. അമേഠിയിലെ വീട് പെയിന്റ് അടിക്കുകയാണ് രാഹുല്‍. 26-ാം തീയതി അഞ്ച് മണി കഴിഞ്ഞാല്‍ പുള്ളി അങ്ങോട്ട്പോകും. അത് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. നിരാശയില്‍ നിന്ന് ഉയര്‍ന്നതാണ് ഈ ആരോപണമെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *