കൊച്ചി: ആർഎൽവി രാമകൃഷ്ണനെ യൂട്യൂബ് ചാനലിലൂടെ ജാതീയമായി അധിക്ഷേപിച്ച കേസിൽ നർത്തകി സത്യഭാമ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയിൽ ഹൈക്കോടതിയിൽ രാമകൃഷ്ണനും പൊലീസും ഇന്ന് മറുപടി സത്യവാങ്മൂലം നൽകും. സത്യഭാമയുടെ മുൻകൂർ ജാമ്യാപേക്ഷ നെടുമങ്ങാട് സെഷൻസ് കോടതി മുൻപ് തള്ളിയിരുന്നു.
ഈ ഉത്തരവ് പിൻവലിക്കണമെന്നും ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ടാണ് സത്യഭാമ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. വസ്തുതകൾ പരിശോധിക്കാതെയാണ് വിചാരണ കോടതിയുടെ ഉത്തരവെന്നും അന്വേഷണവുമായി ബന്ധപ്പെട്ട് സഹകരിക്കാമെന്നും ഏത് ഉപാധിയും അംഗീകരിക്കാമെന്നുമാണ് ജാമ്യാപേക്ഷയിലെ സത്യഭാമയുടെ വാദം. മുൻപും അറസ്റ്റ് തടയണമെന്ന സത്യഭാമയുടെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു.
മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികൾ, പുരുഷന്മാരാണ് മോഹിനിയാട്ടം കളിക്കുന്നതെങ്കിൽ സൗന്ദര്യമുള്ള പുരുഷന്മാരായിരിക്കണം, ചിലരുണ്ട്, കാക്കയുടെ നിറമാണ്, മോഹിനിയാട്ടത്തിന് കൊള്ളില്ല, പെറ്റതള്ള പോലും കണ്ടാൽ സഹിക്കില്ലെന്നുമാണ് സത്യഭാമ അഭിമുഖത്തിൽ പറഞ്ഞത്. ഇതിനുപിന്നാലെയാണ് സത്യഭാമയുടെ ആരോപണം തനിക്കെതിരെയാണെന്ന് വ്യക്തമാക്കി രാമകൃഷ്ണൻ രംഗത്തെത്തിയത്.
ആരോപണം വിവാദമായിട്ടും സത്യഭാമ പിൻവലിക്കാൻ തയ്യാറായില്ല. മോഹനന്‍ മോഹിനിയാട്ടം കളിച്ചാൽ ശരിയാവില്ല. മോഹിനിയാട്ടം കളിക്കണമെങ്കിൽ അത്യാവശ്യം സൗന്ദര്യം വേണം. നിറത്തിന് സൗന്ദര്യത്തിൽ പ്രാധാന്യമുണ്ട്. ഇല്ലെങ്കിൽ ഏതെങ്കിലും കറുത്ത കുട്ടിക്ക് സൗന്ദര്യമത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചിട്ടുണ്ടോ? ആരൊക്കെ വന്നാലും തന്റെ അഭിപ്രായത്തിൽ ഉറച്ചുനിൽക്കുമെന്നായിരുന്നു സത്യഭാമയുടെ പ്രതികരണം.

By admin

Leave a Reply

Your email address will not be published. Required fields are marked *