ഇന്ത്യയുടെ ഭാവി നിശ്ചയിക്കുന്ന തിരഞ്ഞെടുപ്പ് നമ്മുടെ പടിവാതിൽക്കൽ എത്തിയപ്പോഴും പലരിലും മൗനം. പ്രത്യേകിച്ച് സകലമാന കുത്തിത്തിരുപ്പുകൾക്കും ചൂട്ടുകാട്ടികൾ ആയിരുന്ന സമുദായത്തിന്റെ വക്താക്കൾ എന്ന് സ്വയം വിശേഷിപ്പിക്കുന്ന തണ്ടു തുരപ്പന്മാർക്ക് .
26 ശതമാനം വരുന്ന ഈഴവ വോട്ടുബാങ്കിലും, 14.5 ശതമാനം വരുന്ന നായർ- മേനോൻ- നമ്പ്യാർ – പിള്ള- കുറുപ്പ് വോട്ട് ബാങ്കിലും 27 ശതമാനം വരുന്ന മുസ്ലിം വോട്ട് ബാങ്കിലും 19 ശതമാനം വരുന്ന ക്രിസ്തീയ വോട്ടുബാങ്കിലും കണ്ണുവെച്ചുകൊണ്ടാണ് സമുദായ നേതാക്കളെ പ്രീതി പെടുത്തുവാൻ രാഷ്ട്രീയ നേതാക്കളുടെ നെട്ടോട്ടം .
ഒരു കാര്യം ഉറപ്പാണ് , ഇപ്പറഞ്ഞ സമുദായത്തിന്റെ നേതാക്കൾ എല്ലാം ആയിരം കോടിക്ക് മേലെ ആസ്തിയുള്ളവർ ആണ് . അതിന്നർത്ഥം സമുദായത്തെ വിറ്റിട്ടാണ് ഇത്രയും പണം സമ്പാദിച്ചത് എന്നല്ല . അവർ പണമുണ്ടാക്കി തുടങ്ങിയപ്പോൾ അറിഞ്ഞും അറിയാതെയും കയ്യബദ്ധമായും ധാരാളം കാര്യങ്ങൾ ചെയ്തുപോന്നു .
പലതിലും പലരും പിടിക്കപ്പെടും എന്നായപ്പോൾ സമുദായ തലപ്പത്തേക്ക് മെല്ലെ മെല്ലെ മതവും വിദ്വേഷവും കുത്തിത്തിരിപ്പും ഒക്കെ പറഞ്ഞുകൊണ്ട് നുഴഞ്ഞുകയറിയവരാണ് . അല്ലാതെ ഭക്തിമൂത്തു കൊണ്ട് അനുയായികളെ മൊത്തം സ്വർഗ്ഗത്തിലെത്തിക്കുവാൻ പ്രതിജ്ഞയെടുത്തുകൊണ്ട് കയറിപ്പറ്റിയവർ അല്ല. എല്ലാവരിലും സ്വന്തമായി അജണ്ടകളുണ്ട് . അതവർ വളരെ ഭംഗിയായി നടപ്പാക്കുന്നുമുണ്ട് .
കേരളത്തിലെ ഒരു പ്രബല സമുദായത്തിലെ ഒരു വിഭാഗത്തിന്റെ ആരാധ്യപുരുഷനായ നേതാവ് കേന്ദ്രത്തില്‍ നിന്നും പണം കൊടുത്തുകൊണ്ട് സ്വയം പ്രഖ്യാപിത ഗ്രാൻഡ് മുഫ്തി പദവി വാങ്ങിയെടുക്കുകയും ഗൾഫ് രാജ്യങ്ങളിൽ അത് മാർക്കറ്റിംഗിനായി ഉപയോഗിക്കുകയും ചെയുന്നു .
ഒരു തിരഞ്ഞെടുപ്പ് വന്നാൽ ഏറ്റവും പ്രാധാന്യം ലഭിച്ചിരുന്നത് ദൽഹി ജുമാമസ്ജിദിലെ ഇമാമിന് ആയിരുന്നു. അദ്ദേഹം വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനുശേഷം വോട്ടഭ്യർത്ഥിക്കുന്നു . അത് കേട്ട് യുപിയിലെയും വടക്കേ ഇന്ത്യയിലെയും മുസ്‌ലിങ്ങൾ അകവും പുറവും ചിന്തിക്കാതെ വോട്ടു ചെയുന്നു . അവരൊക്കെയാണ് ജനതാദളിനെയും അവർ മുഖേന ബിജെപിയെയും വളർത്തുവാൻ ആദ്യകാലങ്ങളിൽ സഹായിച്ചിരുന്നത് .
മുസ്ലിങ്ങൾ മൂന്നുനേരം മാത്രം നമസ്കരിച്ചാൽ മതിയെന്ന് ഫത്‌വ ഇറക്കിയ ചേകന്നൂർ മൗലവിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഉരുത്തിരിഞ്ഞ ആരോപണങ്ങളിൽ അകപ്പെട്ട ഒരു സമുദായനേതാവ് പിന്നീട് ഭരിക്കുന്നവരുടെ പിണയാളായി .
കേന്ദ്രത്തിൽ ആര് ഭരിക്കുന്നുവോ അവരെക്കൊണ്ട് വർഷാവർഷം സമ്മേളനങ്ങൾ ഉത്‌ഘാടനം ചെയ്യിക്കുകയും മുഖ്യാതിഥി ആക്കുകയും ചെയ്തുകൊണ്ടുള്ള പരീക്ഷണങ്ങൾ നടത്തി വിജയം കണ്ടെത്തി.
ഏകദേശം 200 ഓളം വരുന്ന ക്രിസ്ത്യൻ ഗ്രൂപുകളിൽ കേരളത്തിൽ ഏറ്റവും പ്രധാനമായത് പതിനഞ്ചോളം വരുന്നു . റോമൻ കാത്തലിക്ക് വിഭാഗങ്ങളും ലാറ്റിൻ കാത്തലിക്ക് വിഭാഗങ്ങളും അവരവരുടെ വോട്ടുകൾ കാലാകാലങ്ങളായി പ്രയോജനപ്പെടുത്തുന്നുണ്ടെങ്കിലും അതിനിടക്ക് ചില ഛിദ്ര ശക്തികൾ ബിഷപ്പുമാർ എന്നപേരിൽ രാഷ്ട്രീയക്കാരാൽ സ്വാധീനിക്കപ്പെട്ട് വോട്ടുകൾ മറിച്ചു വിൽക്കുവാൻ കൂട്ട് നിൽക്കുന്നു .
പണ്ടത്തെ പോലെയൊന്നും അധികമാരും ഇവരുടെ വാക്കുകൾ കേൾക്കില്ല എങ്കിലും ചില ഭക്തിപണ്ടാരങ്ങളായ എലിസബത്തുമാരെ ഇവർക്ക് കയ്യിലെടുക്കുവാൻ സാധിക്കുന്നുണ്ട് . മുസ്ലിം – ക്രിസ്ത്യൻ വിഭാഗീയതയാണ് ഇവർ മിക്കവരിലും അടിച്ചേൽപ്പിക്കുന്നത് . ഒരു പരിധിവരെ ഇവരെ മസ്തിഷ്കപ്രച്ഛളനം ചെയുവാൻ കഴിയുന്നുണ്ട് എന്നത് ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് .
മധ്യ തിരുവിതാംകൂറിലെ തട്ടിക്കൂട്ട് സഭയുടെ പേരില്‍ അമേരിക്കയിൽ നിന്നും കേസുകളിൽ അകപ്പെട്ട് ഓടിവന്ന ഒരാൾ ഇന്നിപ്പോൾ രാഷ്ട്രീയ കക്ഷികള്‍ക്കായി വോട്ടു ഡീലുകൾ ചെയുന്നുണ്ട് .
മതപരിവർത്തനത്തിന്റെ പേരിൽ യൂറോപ്പ്യൻ രാജ്യങ്ങളിൽ നിന്നും അമേരിക്കയിൽ നിന്നും ആയിരത്തിലധികം കോടികൾ ചാരിറ്റിയുടെ പേരിൽ ഇന്ത്യയിൽ എത്തിക്കുകയും ഏക്കറുകണക്കിന് ഭൂമി വാങ്ങിക്കൂട്ടുകയും ചെയ്‌തു പോന്ന ഈ മഹാന്റെ വീട്ടിലും വണ്ടിയിലും ഇൻകം ടാക്‌സും എൻഫോഴ്‌സ്‌മെന്റും കയറിയിറങ്ങിയപ്പോൾ തുടങ്ങിയതാണ് ഈ സംഭാവനകൾ .
ഒട്ടുമിക്ക മത മേലധ്യക്ഷൻമാരും വിദേശഫണ്ടുകൾ സ്വീകരിച്ചുകൊണ്ട് സുഖിച്ചു വാഴുമ്പോൾ ഐ ടിയും , ഇ ഡി യും പിന്നാലെ കൂടുമെന്ന ഭയത്താൽ അവരൊക്കെ രാഷ്ട്രീയ കക്ഷികൾക്ക് വോട്ടുകൾ വാങ്ങിക്കൊടുക്കുന്ന തിരക്കിലാണിപ്പോൾ .
വർഗീയ വിഷം തുപ്പി തുപ്പി കേരളത്തിൽ വേരോട്ടം ഇല്ലാതിരുന്ന വർഗീയ വിദ്വേഷങ്ങൾ കച്ചവടമാക്കിയ മറ്റൊരു സമുദായ നേതാവ് തന്റെ കൈയിലുള്ള വോട്ടുകൾ വിറ്റുകഴിഞ്ഞു .
മദ്യപാനത്തെപ്പറ്റി കേരളത്തെ ഉപദേശിച്ച ഒരു നല്ല മനുഷ്യന്റെ പേരിനെ ദുരുപയോഗം ചെയ്തുകൊണ്ട് ലോകത്തുള്ള എല്ലാ വൃത്തികേടുകളും ചെയ്തുകൊണ്ട് പണമുണ്ടാക്കുകയും എതിരാളികളെ പല രൂപത്തിൽ ഒതുക്കിയും ഇല്ലാതാക്കിയും ജയിച്ചുജയിച്ചു പോന്ന മഹാൻ സ്വന്തം മകന്റെ പേരിൽ കെട്ടിപ്പടുക്കുവാൻ തുടങ്ങിവെച്ച വലിയ സ്വപ്‌നങ്ങൾ ദുബായിലെ ചെക്ക് കേസിൽ അകപ്പെട്ട് തലയും കുത്തി വീണെങ്കിലും വീണിടം വിഷ്ണുലോകം എന്ന കളി കളിക്കുകയാണ് .
തന്നോട് എതിരിട്ട സമുദായ നേതാക്കളെയും , കച്ചവട സാമ്രാജ്യങ്ങളെയും അവരുടെ കുടുംബങ്ങളെയും ചാത്തൻ സേവകൊണ്ടായാലും അല്ലാതെയും വെള്ളത്തിൽ മുക്കി താഴ്ത്തിയപ്പോൾ രക്ഷകരായെത്തിയത് ചില രാഷ്ട്രീയ നേതാക്കന്മാരാണ് .
അവരുടെ സീറ്റുകൾ ഉറപ്പിക്കുവാൻ സമുദായ അംഗങ്ങളിൽ വിഷം ചീറ്റിയും വർഗീയത തുപ്പിയും അസൂയ വളർത്തിയും വോട്ടുകൾ വാങ്ങിക്കൊടുത്തപ്പോൾ എല്ലാവരും സന്തുഷ്ടരാണ്.
കേരളത്തിൽ ഇന്നനുഭവപ്പെടുന്ന ഒരു പ്രത്യേക വിഭാഗീയത സൃഷ്ടിക്കുന്നതിൽ ആ മഹാൻ അങ്ങേയറ്റം വിജയിച്ചിരിക്കുന്നു എന്ന് വേണം കരുതുവാൻ . അതുപോലെ ആ പാവങ്ങളുടെ മൈക്രോ സമ്പാദ്യവും ഇവരെല്ലാം ചേർന്ന് ശാപ്പിട്ടു തീർത്തു . ഈ ചെയ്തുകൂട്ടിയ പാപങ്ങൾ എല്ലാം അദ്ദേഹം ആലുവാപ്പുഴയിൽ കഴുകിക്കളഞ്ഞാലും തീരുമെന്ന് തോന്നുന്നില്ല .
ഇവരെയൊക്കെ പറയുമ്പോഴും നമ്മുടെ നാട്ടിൽ ആർക്കും ഇഷ്ടമല്ലാത്ത ഒരു സമുദായ നേതാവുണ്ട് . സമദൂര സിദ്ധാന്തക്കാരനായ അദ്ദേഹം അരുളി ചെയ്‌താൽ ആരും വിലക്കെടുക്കണമെന്നില്ല . എങ്കിലും നിലപാടുകളുടെ രാജാവായ അദ്ദേഹം മന്നത്ത് പത്മനാഭനും നാരായണപ്പണിക്കർക്കും ശേഷം ആദര്ശമുള്ള ഒരു വ്യക്തിയാണ് .
കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി ”കടക്കൂ പുറത്ത് ” എന്ന മഹദ് വാചകം പ്രയോഗിച്ചതും അദ്ദേഹമാണ് . വർഗീയതയുമായി തൃശൂർപൂരം കളിക്കുവാൻ ഇറങ്ങിപ്പുറപ്പെട്ട നടനോട് കടക്കൂ പുറത്ത് പറഞ്ഞപ്പോൾ ആണ് യഥാർത്ഥ നായന്മാർ വരെ അദ്ദേഹത്തെ ഉള്ളുകൊണ്ട് സ്നേഹിച്ചു തുടങ്ങിയത് .
താക്കോൽ സ്ഥാനങ്ങളിൽ നായന്മാർ എത്തുന്നില്ല എന്ന് പറഞ്ഞതാണ് അദ്ദേഹത്തിന്റേതായി നാം കാണുന്ന ഒരു തെറ്റ് . പക്ഷെ അതിന്നായി അദ്ദേഹം വർഗീയത പ്രയോഗിച്ചില്ല എന്നതും നാം മനസിലാക്കണം .
നേരത്തെ പറഞ്ഞ എല്ലാ സമുദായ നേതാക്കളും ആയിരം കോടിക്ക് മേലെ കഥകൾ പറയുമ്പോൾ പണത്തിനോട് ആർത്തിയില്ലാത്ത ഒരു സമുദായ നേതാവാണ് സുകുമാരൻ നായർ എന്നത് നിസംശയം പറയാം . പണമുണ്ടാക്കുവാൻ പലവിധ വഴികളും അദ്ദേഹത്തിന്റെ മുന്നിൽ തുറന്നു കിടപ്പുണ്ടെങ്കിലും സമുദായത്തെ വിറ്റു പണമുണ്ടാക്കുവാൻ അദ്ദേഹം മുതിർന്നിട്ടില്ല .
നാരായണപ്പണിക്കരുടെ കൂടെ എന്‍എസ് എസില്‍ ജീവിതം തുടങ്ങിയ അദ്ദേഹം ഏറെക്കുറെ നാരായണപ്പണിക്കരുടെ ആശയങ്ങളിലൂടെയാണ് സഞ്ചരിക്കുന്നത് . അദ്ദേഹത്തിന്റെ മുഖഭാവവും സംഭാഷണത്തിലെ ചങ്കൂറ്റവും മലയാളികൾക്കിടയിൽ അവമതിപ്പ് ഉണ്ടാക്കിയിട്ടുണ്ടെങ്കിലും വ്യക്തിപരമായി വളരെ ആദർശം കാത്തുസൂക്ഷിക്കുന്ന ഒരു നേതാവിനെയാണ് നായന്മാർക്ക് കിട്ടിയിട്ടുള്ളത് .
ഒരു സമുദായത്തെയും വോട്ടുബാങ്ക് രാഷ്ട്രീയം പറയുവാൻ സമ്മതിക്കരുത് !!!
സമുദായ നേതാക്കളെ റോട്ടിൽ ഓടിച്ചിട്ട് അടിക്കണം എന്ന ആഹ്വാനവുമായി വോട്ടർ ദാസനുംരാഷ്ട്രീയക്കാരെ അവരുടെ തിണ്ണ ഞരങ്ങാൻ അണികൾ സമ്മതിക്കരുത് എന്ന അഭ്യർത്ഥനയുമായി വോട്ടർ വിജയനും