കോട്ടയം: ജില്ലയില്‍ പോളിങ് സാമഗ്രികളുടെ വിതരണത്തിനുള്ള നടപടികള്‍ ഇന്നു  രാവിലെ എട്ടു മുതല്‍ ആരംഭിച്ചു. തന്നെ പോളിങ് ഉദ്യോഗസ്ഥര്‍ രാവിലെ ഏഴിനു  സ്വീകരണ-വിതരണ കേന്ദ്രങ്ങളില്‍ എത്തിച്ചേര്‍ന്നിരുന്നു. എട്ടുമണിയോടെ കേന്ദ്രങ്ങളിലെ സ്ട്രോങ് റൂമുകള്‍ തുറന്നു വോട്ടിങ് യന്ത്രങ്ങള്‍ പുറത്തെടുത്തു.
ലോക്സഭ തെരഞ്ഞെടുപ്പില്‍  ജില്ലയിലെ വിവിധ നിയമസഭാമണ്ഡലങ്ങളില്‍ പോളിങ് ഡ്യൂട്ടിക്ക് 7524 ഉദ്യോഗസ്ഥരെയാണു നിയോഗിച്ചിട്ടുളളത്. 1881 വീതം പ്രിസൈഡിങ് ഓഫീസര്‍മാരെയും ഫസ്റ്റ് പോളിങ് ഓഫീസര്‍മാരെയും 3762 പോളിങ് ഓഫീസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്.
പോളിംഗ് ബൂത്തിലേക്ക് ഉദ്യോഗസ്ഥരെത്തുന്നത് നൂറോളം സാധന സാമഗ്രികളുമായിട്ടാണ്. വോട്ടിങ് യന്ത്രം മുതല്‍ തീപ്പെട്ടിവരെ നീളുന്ന സംവിധാനം വേണം ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍. വിരലില്‍ അടയാളപ്പെടുത്താനുള്ള മഷി, വൈദ്യുതി പോയാല്‍ തെളിക്കാന്‍ മെഴുകുതിരി, കുറിപ്പെഴുതാന്‍ പെന്‍സില്‍, പേന എന്നിങ്ങനെ നീളുന്നു സാധനങ്ങള്‍. പലതരത്തിലുള്ള 55 ഫോമുകളാണ് പ്രിസൈഡിംഗ് ഓഫീസര്‍ കരുതേണ്ടത്. നിയമങ്ങളും ചട്ടങ്ങളും അടങ്ങിയ ബുക്ക്ലെറ്റ്, ഫോമുകളും രേഖകളും അയയ്ക്കുന്നതിനായി വെള്ള, മഞ്ഞ നിറങ്ങളിലുള്ള 32 കവറുകളും സംഘത്തിന്റെ കൈയിലുണ്ടാകും.
ഉദ്യോഗസ്ഥര്‍ക്കുള്ള ടാഗ്, ബൂത്ത് ഒരുക്കുന്നതിനും മറയ്ക്കുന്നതിനുമുള്ള ഹാര്‍ഡ് ബോര്‍ഡ്, റബര്‍ സ്റ്റാമ്പ്, സ്റ്റാമ്പ് പാഡ്, സൂചനാ ബോര്‍ഡുകള്‍, പേപ്പര്‍, ഉരുക്കുപശ, ബ്ലേഡ്, മൊട്ടുസൂചി, നൂല്‍, കാര്‍ബണ്‍ പേപ്പര്‍, വേസ്റ്റ് തുണി, നീളമുള്ള സൂചി, റബര്‍ ബാന്‍ഡ് തുടങ്ങി 30 സ്റ്റേഷനറി സാധനങ്ങളും. വോട്ടിംഗ് വൈകിയാല്‍ നിശ്ചിതസമയത്തിനുള്ളില്‍ ക്യൂവില്‍ നില്‍ക്കുന്നവര്‍ക്കുള്ള ടോക്കണ്‍ വരെ കരുതലായുണ്ടാകും.ബൂത്തിലേക്ക് ആവശ്യമായ സാധനങ്ങള്‍ എണ്ണം തിട്ടപ്പെടുത്തിവേണം വിതരണ കേന്ദ്രത്തില്‍നിന്ന് ഉദ്യോഗസ്ഥര്‍ ബൂത്തുകളിലേക്ക് പുറപ്പെടാന്‍.
ബൂത്തുകളില്‍ പോളിങ് ഉദ്യോഗസ്ഥരെ എത്തിക്കുന്നതിന് 571 വാഹനങ്ങളാണു സജ്ജമാക്കിയിട്ടുളളത്. ജില്ലയില്‍ മാവേലിക്കര, പത്തനംതിട്ട ലോക്സഭാ മണ്ഡലങ്ങളിലേതുള്‍പ്പെടെ 1564 പോളിങ് ബൂത്തുകളാണുള്ളത്.

By admin

Leave a Reply

Your email address will not be published. Required fields are marked *