കൊച്ചി: കോട്ടയം പാറമ്പുഴ കൂട്ടക്കൊലപാതക കേസില്‍ പ്രതി നരേന്ദ്രകുമാറിന്റെ വധശിക്ഷ ഹൈക്കോടതി ഒഴിവാക്കി. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് വധശിക്ഷയില്‍ ഇളവ് നല്‍കിയത്. ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലായിരുന്നു വധശിക്ഷ.
ഉത്തര്‍ പ്രദേശിലെ ഫൈസാബാദ് സ്വദേശിയാണ് പ്രതി നരേന്ദ്ര കുമാര്‍. 2015 മെയ് 16നാണ് കൂട്ടക്കൊലപാതകം നടന്നത്. കോട്ടയ പ്രിന്‍സിപ്പില്‍ സെഷന്‍സ് കോടതിയാണ് നരേന്ദ്രകുമാറിന് നേരത്തെ വധശിക്ഷ വിധിച്ചത്. വധശിക്ഷയ്ക്കു പുറമെ ഇരട്ട ജീവപര്യന്തവും ഏഴു വര്‍ഷം തടവും ശിക്ഷ വിധിച്ചു. പാറമ്പുഴയില്‍ ഡ്രൈക്ലീനിങ് സ്ഥാപന ഉടമയായ തുരുത്തേല്‍ക്കവല മൂലേപ്പറമ്പില്‍ ലാലസന്‍ (71), ഭാര്യ പ്രസന്നകുമാരി (54), മകന്‍ പ്രവീണ്‍ ലാല്‍ (29) എന്നിവരെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു.
ലാലസന്റെ സ്ഥാപനത്തിലെ തൊഴിലാളിയായിരുന്ന നരേന്ദ്രകുമാര്‍ മോഷണത്തിനിടെ മൂന്നുപേരെയും കൊലപ്പെടുത്തുകയായിരുന്നു. മൂവരെയും വീടിനോടു ചേര്‍ന്നുള്ള ഡ്രൈ ക്ലീനിങ് സ്ഥാപനത്തില്‍ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിലാണു കണ്ടെത്തിയത്. ജയ്സിങ് എന്ന വ്യാജപേരില്‍ ഇവരുടെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന നരേന്ദ്രകുമാറിനെ സംഭവവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ നിന്നാണ് പാമ്പാടി സിഐ സാജു വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

By admin

Leave a Reply

Your email address will not be published. Required fields are marked *