കോട്ടയം:  പത്താമത്തെ ഹൃദയമാറ്റ ശസ്ത്രക്രിയയും വിജയം, കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയ്ക്കു ചരിത്ര നേട്ടം. മസ്തിഷ്‌ക മരണമടഞ്ഞ തമിഴ്‌നാട്ടുകാരനായ എം. രാജയുടെ (38) ഹൃദയം ആലപ്പുഴ സ്വദേശിയായ ഹരി വിഷ്ണു (26)വിലാണു മാറ്റിവച്ചത്. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്ന് ഇന്നലെ രാവിലെ ഏഴിനു അവയവം കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചു. സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിലാണു ശസ്ത്രക്രിയ നടന്നത്.
കന്യാകുമാരി സ്വദേശിയും ഡ്രൈവറുമായ രാജയ്ക്ക് തലയ്ക്കുള്ളിലെ രക്തസ്രാവത്തെത്തുടര്‍ന്നാണു  തിരുവനന്തപുരം കിംസ് ആശുപത്രിയിലെത്തിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ വിദഗ്ധ ചികിത്സ നല്‍കിയെങ്കിലും മസ്തിഷ്‌ക മരണത്തിലേക്കു നീങ്ങി. അവയവദാനത്തിന്റെ പ്രാധാന്യത്തെപ്പറ്റിയറിഞ്ഞ ബന്ധുക്കള്‍ അവയവദാനത്തിനു തയ്യാറാകുകയായിരുന്നു.
ഹൃദയം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ഹരിയ്ക്കും ഒരു വൃക്കയും കരളും കിംസ് ആശുപത്രിയിലെ രോഗികള്‍ക്കും ഒരു കിഡ്‌നി തിരുവല്ല പുഷ്പഗിരി ആശുപത്രിയിലെ രോഗിയ്ക്കും കണ്ണു തിരുവനന്തപുരം റീജണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒഫ്താല്‍മോളജിക്കുമാണു കൈമാറിയത്.
രാജയുടെ ഭാര്യ എല്ലിസുമിത നാഗര്‍കോവില്‍ കോടതിയിലെ താല്‍ക്കാലിക ജിവനക്കാരിയാണ്. പതിനഞ്ചും പതിമൂന്നും വയസുള്ള കുട്ടികളാണുള്ളത്.
ഇന്നലെ രാത്രി തന്നെ കോട്ടയം മെഡിക്കല്‍ കോളജിലെ ഡോ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കിംസിലെത്തി ഹൃദയം ഏറ്റെടുത്തു. രാത്രിയില്‍ ആഭ്യന്തര വകുപ്പിന്റെ സഹായത്തോടെ ഗ്രീന്‍ കോറിഡോര്‍ ഒരുക്കിയാണു ഹൃദയം കോട്ടയം മെഡിക്കല്‍ കോളജിലെത്തിച്ചത്.
കാര്‍ഡിയോ മയോപ്പതി കാരണം ഹൃദയം മാറ്റിവയ്ക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലാതിരുന്ന യുവാവിലാണു ഹൃദയം മാറ്റിവച്ചത്. അതിരാവിലെ ആരംഭിച്ച ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ പത്തോടെ പൂര്‍ത്തിയായി. അവയവം ദാനം നല്‍കിയ രാജയുടെ ബന്ധുക്കളെ മന്ത്രി വീണാ ജോര്‍ജ് ആദരവറിയിച്ചു. ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്‍കിയ മുഴുവന്‍ ടീമിനേയും മന്ത്രി അഭിനന്ദിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *