തൃശൂര്‍: തൃശൂര്‍ അരിമ്പൂര്‍ വെളുത്തൂരില്‍ പട്ടാപ്പകല്‍ വീട്ടില്‍നിന്ന് ഒമ്പതു മാസം പ്രായമുള്ള കുഞ്ഞിനെ നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് പരാതി. കുഞ്ഞിനെ ചാക്കിലാക്കാന്‍ ശ്രമിക്കുന്നതിനിടെ കുഞ്ഞിന്റെ അമ്മ ഓടിയെത്തിയതിനാല്‍ തട്ടിക്കൊണ്ടുപോകല്‍ പാളുകയായിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ വീട്ടുപടിക്കല്‍ ഉപേക്ഷിച്ച് സ്ത്രീ കടന്നുകളഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വെളുത്തൂര്‍ വിഷ്ണു-അലീന ദമ്പതികളുടെ മകന്‍ അദ്വികാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്. അരിമ്പൂര്‍ വെളുത്തൂരില്‍ സെന്റ് ജോര്‍ജ് പള്ളി കപ്പേളയ്ക്കു സമീപത്താണ് സംഭവം. ഈ സമയം അലീന മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിനകത്ത് തളത്തിനോട് ചേര്‍ന്ന് കിടപ്പുമുറിയിലെ കട്ടിലില്‍ അദ്വികിനെ കിടത്തി മരുന്ന് കൊടുക്കുന്ന ഫില്ലര്‍ കഴുകാനായി അലീന വീടിനു പിന്നിലേക്കു പോയി. കുറച്ച് കഴിഞ്ഞ് അനക്കമൊന്നും കേള്‍ക്കാതായപ്പോള്‍ വന്നുനോക്കിയപ്പോള്‍ കുഞ്ഞിനെ കാണാനില്ലായിരുന്നു.
നിലവിളിച്ചുകൊണ്ട് പുറത്തേക്കോടിയ അലീന കണ്ടത് കുഞ്ഞിനെയുംകൊണ്ട് കടന്നുകളയാന്‍ ശ്രമിക്കുന്ന നാടോടി സ്ത്രീയെയാണ്. പുറത്ത് കരുതിവച്ചിരുന്ന ചാക്കിനടുത്തേക്ക് കുഞ്ഞിനെ എത്തിക്കുന്നതിനിടയിലാണ് അലീന ഓടിയെത്തിയത്. ശ്രമം പാളിയതറിഞ്ഞ നാടോടിസ്ത്രീ കുഞ്ഞിനെ ഉപേക്ഷിച്ച് ചാക്കുമെടുത്ത് വീടിന് എതിര്‍വശത്തുള്ള റോഡിലൂടെ കടന്നുകളഞ്ഞതായും തടിച്ച് ഉയരമുള്ള സ്ത്രീയാണ് കുട്ടിയെ തട്ടിയെടുത്തതെന്നും ഇവരെക്കണ്ടാല്‍ തിരിച്ചറിയുമെന്നും അലീന പറഞ്ഞു. വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാര്‍ നാടോടി സ്ത്രീയെ അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല.