പാലക്കാട്: മലയുടെ മുകളിലേക്ക് ഒരു വലിയ കരിങ്കല്ലുരുട്ടിക്കയറ്റി അതിനെ താഴോട്ടു തള്ളിയിട്ട് കൈകൊട്ടിച്ചിരിക്കുന്ന നാറാണത്തുഭ്രാന്തൻ പ്രമേയത്തിലൂന്നിയ നാടകം ആശയ പുതുമകൊണ്ടും ആസ്വാദനമികവുകൊണ്ടും ശ്രദ്ധേയമായി മുന്നേറുന്നു. നാടക പ്രവർത്തകൻ രവി തൈക്കാട് രചനയും, പുത്തൂർ രവി സംവിധാനവും നിർവഹിച്ചിരിക്കുന്നു.
നാറാണത്ത് ഭ്രാന്തൻ നാടകം അതിവേഗത്തിൽ എട്ട് സ്റ്റേജ് പിന്നിട്ടത് തന്നെ കാഴ്ചക്കാർക്ക് പ്രിയങ്കരമാകുന്നു എന്നതിന്റെ തെളിവാണ് കോട്ടയം കുട്ടിക്കൽ ഹൈസ്ക്കൂൾ പൂർവ്വവിദ്യാർത്ഥി സംഗമം, കൊൽക്കത്ത തളിപ്പറമ്പ് സംഘം വാർഷികാഘോഷം, തിരൂർ തുഞ്ചൻ പറമ്പ് നവരാത്രി ആഘോഷം, പാലക്കാട് മോയൻസ്, ഒലവക്കോട് എൻ എസ് എസ് സമ്മേളനം, തൃശ്ശൂർ ഡ്രൈവിംങ് സ്കൂൾ ഓണേഴ്സ് സമ്മേളനം, പുത്തൂർ വേല ഉത്സവം, നാറാണത്ത് ഭ്രാന്തന്റെ നാടായ പട്ടാമ്പി കൊപ്പം നടുവട്ടത്ത് കെ എസ് എഴുത്തച്ഛൻ സ്മാരക വായനശാല വാർഷികത്തോടനുബന്ധിച്ചുളള നാടകാവതരണം എന്നിവ.
പത്തോളം വേദികളിൽ ഇനിയും നാടകാവതരണത്തിന് ക്ഷണം ലഭിച്ചിട്ടുളള ‘ഞാൻ നാറാണത്ത് ഭ്രാന്തൻ’ അവതരിപ്പിച്ച വേദികളിലെല്ലാം കാണികളുടെ മുക്തകണ്ഠമായ പ്രശംസ നേടി മുന്നേറുകയാണ്.
‘ഒരമ്മപെറ്റ മക്കളാണ് നാമെല്ലാവരും ജാതിയുടേയും മതത്തിന്റേയും രാഷ്ട്രീയത്തിന്റേയും പേരിൽ കലഹിക്കരുത്, ഭിന്നിപ്പിക്കുന്നവരെ തിരിച്ചറിയുക’ എന്ന സന്ദേശമാണ് ഈ നാടകത്തിനുള്ളത്.
നാറാണത്ത് ഭ്രാന്തൻ എന്ന ഏകപാത്രത്തെ നാല്പത്തിയഞ്ചുമിനിറ്റോളം ചടുലവും ഭാവസാന്ദ്രവുമായ അഭിനയമുഹൂർത്തങ്ങൾ കൊണ്ട് മികവുറ്റതാക്കിയത് എം ജി പ്രദീപ് കുമാറാണ്.
പശ്ചാത്തല സംഗീതവും സഹസംവിധാനവും പ്രേംസുന്ദർ, കല, ചമയം:പ്രമോദ് പളളിയിൽ, ഗാനങ്ങൾ: രവീന്ദ്രൻ മലയങ്കാവ്, നൃത്തം: അതിഥി പ്രേം സുന്ദർ, ശബ്ദം: രതില പ്രമോദ്, അമ്പിളി, വെളിച്ച നിയന്ത്രണം: റഹ്മാൻ കോങ്ങാട്, പ്രൊഡക്ഷൻ കൺട്രോളർ: വിജിത പ്രേംസുന്ദർ, പിആർഒ: സമദ് കല്ലടിക്കോട്, അവതരണം: പാലക്കാട് ലൈംലൈറ്റ്സ് തിയ്യറ്റേഴ്സ്.