ഹൈദരാബാദ്: തുടര്‍ച്ചയായ ആറു തോല്‍വികള്‍ക്ക് ശേഷം ഒടുവില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് ആശ്വാസജയം. ഇന്ന് നടന്ന മത്സരത്തില്‍ കരുത്തരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 35 റണ്‍സിനാണ് ആര്‍സിബി തോല്‍പിച്ചത്. സ്‌കോര്‍: ആര്‍സിബി-20 ഓവറില്‍ ഏഴ് വിക്കറ്റിന് 206. സണ്‍റൈസേഴ്‌സ്-20 ഓവറില്‍ എട്ട് വിക്കറ്റിന് 171.
43 പന്തില്‍ 51 റണ്‍സെടുത്ത വിരാട് കോഹ്ലിയാണ് ആര്‍സിബിയുടെ ടോപ് സ്‌കോറര്‍. പവര്‍പ്ലേക്ക് ശേഷം മികച്ച സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശാന്‍ താരത്തിനായില്ല. ഇത് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനത്തിനും വഴിവച്ചു. 20 പന്തില്‍ 50 റണ്‍സെടുത്ത രജത് പടിദാറിന്റെ വെടിക്കെട്ട് ആര്‍സിബിയുടെ സ്‌കോറിംഗിന് ആക്കം കൂട്ടി.
12 പന്തില്‍ 25 റണ്‍സെടുത്ത ഫാഫ് ഡു പ്ലെസിസ്, പുറത്താകാതെ 20 പന്തില്‍ 37 റണ്‍സെടുത്ത കാമറൂണ്‍ ഗ്രീന്‍ എന്നിവരും തിളങ്ങി. സണ്‍റൈസേഴ്‌സിന് വേണ്ടി ജയ്‌ദേവ് ഉനദ്കട് മൂന്ന് വിക്കറ്റും, ടി നടരാജന്‍ രണ്ട് വിക്കറ്റും വീഴ്ത്തി.
അപകടകാരിയായ ട്രാവിസ് ഹെഡിനെ തുടക്കത്തില്‍ പുറത്താക്കാനായത് ആര്‍സിബിയുടെ ആത്മവിശ്വാസം വര്‍ധിച്ചു. മൂന്ന് പന്തില്‍ ഒരു റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. എയ്ഡന്‍ മര്‍ക്രം (എട്ട് പന്തില്‍ ഏഴ്), ഹെയിന്റിച്ച് ക്ലാസണ്‍ (മൂന്ന് പന്തില്‍ ഏഴ്) എന്നിവരും വന്നപോലെ മടങ്ങിയത് സണ്‍റൈസേഴ്‌സിന് തിരിച്ചടിയായി.
പതിവുപോലെ തകര്‍ത്തടിച്ച അഭിഷേക് ശര്‍മ മികച്ച പ്രകടനം കാഴ്ചവച്ചു. 13 പന്തില്‍ 31 റണ്‍സാണ് അഭിഷേകിന്റെ സംഭാവന. ഇതിന് പുറമെ ഷഹ്ബാസ് അഹമ്മദ് (പുറത്താകാതെ 37 പന്തില്‍ 40), പാറ്റ് കമ്മിന്‍സ് (15 പന്തില്‍ 31) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. മറ്റ് ബാറ്റര്‍മാര്‍ നിരാശപ്പെടുത്തി. ആര്‍സിബിക്കു വേണ്ടി സ്വപ്‌നില്‍ സിംഗ്, കാണ്‍ ശര്‍മ, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

By admin

Leave a Reply

Your email address will not be published. Required fields are marked *