മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ ഒരാഴ്ചയ്ക്കകം പ്രഖ്യാപിക്കും. ഈ സാഹചര്യത്തില്‍ ടീമില്‍ ആരൊക്കെ ഉള്‍പ്പെടുമെന്നതിനെക്കുറിച്ച് ചര്‍ച്ചകളും സജീവമാണ്. സഞ്ജു സാംസണ്‍ ടീമില്‍ ഉള്‍പ്പെടുമോയെന്നാണ് മലയാളി ആരാധകര്‍ ഉറ്റുനോക്കുന്നത്. ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുമ്പോഴും സഞ്ജുവിനെ സംബന്ധിച്ച് അത്ര നല്ല വാര്‍ത്തയല്ല പുറത്തുവരുന്നത്. നിലവില്‍ കെ.എല്‍. രാഹുലിനെയാണ് സഞ്ജുവിനെക്കാള്‍ പരിഗണിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സഞ്ജുവിനെക്കാള്‍ നേരീയ മുന്‍തൂക്കം മാത്രമാണ് രാഹുലിനുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഐപിഎല്ലില്‍ ഓറഞ്ച് ക്യാപിനുള്ള പോരാട്ടത്തില്‍ നിലവില്‍ സഞ്ജു ഏഴാമതും, രാഹുല്‍ 11-ാമതുമാണ്. സ്‌ട്രൈക്ക് റേറ്റ് അടക്കമുള്ള കാര്യങ്ങള്‍ പരിഗണിക്കുമ്പോഴും സഞ്ജു തന്നെ മുന്നില്‍. എങ്കിലും പരിചയസമ്പന്നതയായിരിക്കാം രാഹുലിന് അല്‍പം മുന്‍തൂക്കം നല്‍കുന്നത്.
ഏപ്രില്‍ 27ന് രാഹുലിന്റെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായി സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ് ഏറ്റുമുട്ടും. ലോകകപ്പ് ടീം പ്രഖ്യാപനത്തിന് മുമ്പ് സഞ്ജുവിന് മികച്ച പ്രകടനത്തിലൂടെ സെലക്ടര്‍മാരുടെ ശ്രദ്ധ നേടാനുള്ള ഏക അവസരവും ഇതാകും. ഈ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ചാല്‍ ഒരുപക്ഷേ, സഞ്ജു ടീമിലെത്തിയേക്കാം.
അല്ലെങ്കില്‍, സ്റ്റാന്‍ഡ് ബൈ താരമായി മാത്രമാകും സഞ്ജുവിനെ പരിഗണിക്കുന്നതെന്നാണ് വിലയിരുത്തല്‍. ഒന്നാം വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ഋഷഭ് പന്തിനാണ് മുന്‍ഗണന. കഴിഞ്ഞ ദിവസം ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ നടന്ന മത്സരത്തിലൂടെ പന്ത് തന്റെ സ്ഥാനം അരക്കിട്ടുറപ്പിച്ചു.
ഓള്‍റൗണ്ടറും മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനുമായ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഫോമാണ് ടീം സെലക്ഷനില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന മറ്റൊരു കാര്യം. എങ്കിലും മറ്റ് ‘ഓപ്ഷന്‍’ ഇല്ലാത്തതിനാല്‍ പാണ്ഡ്യയും ടീമിലുള്‍പ്പെട്ടേക്കും. പാണ്ഡ്യയ്ക്ക് വെല്ലുവിളി ഉയര്‍ത്താന്‍ കെല്‍പുണ്ടായിരുന്ന ശിവം ദുബൈയെ ഐപിഎല്ലില്‍ പന്തെറിയാത്തതാണ് പാണ്ഡ്യയ്ക്ക് അനുഗ്രഹമാകുന്നത്. എങ്കിലും ബാറ്റിംഗില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ദുബെയെ 15 അംഗ ടീമിലേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് സൂചന.
ടീമിൻ്റെ രൂപരേഖ ചർച്ച ചെയ്യാൻ ക്യാപ്റ്റൻ രോഹിത് ശർമ സെലക്ടർമാരുടെ ചെയർമാൻ അജിത് അഗാർക്കറുമായി ഉടന്‍ കൂടിക്കാഴ്ച നടത്തിയേക്കും. 15 അംഗ ടീമുകളുടെ പ്രഖ്യാപനത്തിന് ഐസിസി മെയ് 1 സമയപരിധി നിശ്ചയിച്ചിരിക്കുന്നതിനാൽ, ഈ ആഴ്‌ച അവസാനമോ അടുത്ത ആഴ്‌ച തുടക്കത്തിലോ ടീം പ്രഖ്യാപനമുണ്ടാകും.
ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ് എന്നിവരാണ് തങ്ങളുടെ സ്ഥാനം ഉറപ്പിച്ച അഞ്ച് ബൗളർമാർ. ബുംറ, കുല്‍ദീപ്, യുസ്വേന്ദ്ര ചഹല്‍ എന്നിവരൊഴികെയുള്ള ഇന്ത്യന്‍ ബൗളര്‍മാര്‍ ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നില്ല. ഇതില്‍ ചഹലിനെ ലോകകപ്പ് ടീമിലേക്ക് പരിഗണിക്കാന്‍ സാധ്യത കുറവാണ്.
അധിക ബൗളറെ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ചും ചര്‍ച്ച സജീവമാണ്. ആവേശ് ഖാന്‍, രവി ബിഷ്‌ണോയ്, അക്‌സര്‍ പട്ടേല്‍ എന്നിവരിലൊരാള്‍ക്ക് നറുക്ക് വീണേക്കാം. ബാറ്റ് ചെയ്യാനുള്ള കഴിവാണ് അക്‌സറിന് അനുകൂല ഘടകം.