വാട്‌സാപ്പ് ചാറ്റുകളുടെ സ്വകാര്യതയ്ക്ക് നമ്മളെല്ലാം ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. ആ സ്വകാര്യത ഉറപ്പുനല്‍കുന്നതിനായി ഒട്ടേറെ ഫീച്ചറുകള്‍ വാട്‌സാപ്പ് വാഗ്ദാനം ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ഐഫോണ്‍ ഉപഭോക്താക്കള്‍ക്കായി പാസ് കീ വെരിഫിക്കേഷന്‍ സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് വാട്‌സാപ്പ്. ആറ് മാസങ്ങള്‍ക്ക് മുമ്പ് ആന്‍ഡ്രോയിഡ് പതിപ്പില്‍ ഈ ഫീച്ചര്‍ അവതിരിപ്പിച്ചിരുന്നു. അക്കൗണ്ടുകളുടെ വെരിഫിക്കേഷന്‍ പ്രക്രിയ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് ഈ സൗകര്യം ഒരുക്കിയിട്ടുള്ളത്.പാസ് കീ സൗകര്യം എത്തുന്നതോടെ വാട്‌സാപ്പില്‍ ലോഗിന്‍ ചെയ്യുന്നതിന് എസ്എംഎസ് വഴിയുള്ള വണ്‍ ടൈം പാസ് കോഡിന്റെ ആവശ്യം ഇല്ലാതാവും. ഇതിന് പകരം ഫേഷ്യല്‍ റെക്കഗ്നിഷന്‍, ബയോമെട്രിക്‌സ്, ആപ്പിള്‍ പാസ് കീ മാനേജറില്‍ ശേഖരിച്ച പിന്‍ എന്നിവ ഉപയോഗിച്ച് അക്കൗണ്ട് വെരിഫൈ ചെയ്യാം.നിങ്ങളുടെ സിം കാര്‍ഡിന്റെ പകര്‍പ്പുണ്ടാക്കുകയോ, ഫോണിലെ ഒടിപി ഏതെങ്കിലും വിധത്തില്‍ കൈക്കലാക്കുകയോ ചെയ്താല്‍ വാട്‌സാപ്പ് മറ്റൊരാള്‍ക്ക് ഹാക്ക് ചെയ്യുക എളുപ്പമാണ്. എന്നാല്‍ പാസ് കീയുടെ സംരക്ഷണത്തിലാണെങ്കില്‍ ആ ആശങ്ക വേണ്ട.