കൊല്ലം: തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ കരുനാഗപ്പള്ളിയിൽ ഉണ്ടായ സംഘർഷം പൊലീസിന്റെ അറിവോടെ എന്ന് കെ സി വേണുഗോപാൽ. കരുതിക്കൂട്ടിയുള്ള അക്രമമാണ് നടന്നതെന്നും എൽഡിഎഫ് അനുവദിച്ച റൂട്ട് മാറ്റിയപ്പോൾ പൊലീസ് തടഞ്ഞില്ലെന്നും കെ സി വേണു ഗോപാൽ ആരോപിച്ചു.
സിപിഎമ്മും പൊലീസും ഗൂഢാലോചന നടത്തി. പരാജയം മുന്നിൽകണ്ട് സിപിഎം നടത്തിയ അക്രമമാണ്. ഭാഗ്യത്തിനാണ് മഹേഷ് രക്ഷപ്പെട്ടത്. കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും കെ സി വേണു ഗോപാൽ ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ ഇന്നലെ കൊല്ലം കരുനാഗപ്പള്ളിയിലാണ് സംഘർഷം ഉണ്ടായത്. സിപിഎം – കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ എംഎൽഎ സി ആർ മഹേഷിന് പരിക്കേറ്റിരുന്നു.
കരുനാഗപ്പള്ളിയിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയാണ് മഹേഷ്. പ്രവർത്തകർ തമ്മിലുണ്ടായ കല്ലേറിലാണ് പരിക്കേറ്റത്. രണ്ട് പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. സംഘർഷത്തിൽ സിപിഐഎം സംസ്ഥാന സമിതി അംഗം സൂസൻ കോടിക്കും പരിക്കേറ്റു.