ഒരു വർഷം, 19,72,247 യാത്രക്കാർ; ഒന്നാം പിറന്നാളിൽ പുതിയ ഉയരങ്ങളിലേക്ക് വാട്ട‍ർ മെട്രോ, കേരളത്തിന് അഭിമാനം

കൊച്ചി: സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ കൊച്ചി വാട്ടർ മെട്രോ പ്രവർത്തനമാരംഭിച്ച് ഒരു വർഷം പൂർത്തിയാക്കിയതിന്റെ സന്തോഷം പങ്കുവെച്ച് മന്ത്രി പി രാജീവ്. ജലഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന കൊച്ചി വാട്ടർ മെട്രോ ഒമ്പത് ബോട്ടുകളും രണ്ട് റൂട്ടുകളുമായാണ് 2023 ഏപ്രിൽ 25ന് സർവ്വീസ് ആരംഭിച്ചത്. ഒരു വർഷത്തിനുള്ളിൽ തന്നെ കൂടുതൽ ബോട്ടുകളും കൂടുതൽ റൂട്ടുകളും വാട്ടർ മെട്രോ സർവ്വീസിന്റെ ഭാഗമായി. വിനോദസഞ്ചാരികളുടെ പറുദീസയായ ഫോർട്ട് കൊച്ചിയിലേക്കും കൊച്ചി വാട്ടർ മെട്രോയെത്തിക്കഴിഞ്ഞു.

കഴിഞ്ഞ ഒരു വർഷത്തിനിടെ 19,72,247 പേർ കൊച്ചി വാട്ടർ മെട്രോയിൽ യാത്ര ചെയ്തുകഴിഞ്ഞു. രാജ്യാന്തര തലത്തിലും ദേശീയ തലത്തിലും ശ്രദ്ധേയരായ വ്ലോഗർമാരും വാട്ടർ മെട്രോയെക്കുറിച്ച് ഏറെ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിരുന്നു. ഒപ്പം രാജ്യത്തിന്റെ പലഭാഗങ്ങളും കേരളത്തിന്റെ വാട്ടർ മെട്രോയെ മാതൃകയാക്കാനും മുന്നോട്ടുവരികയാണ്. പുതുതായി കുമ്പളം, പാലിയംതുരുത്ത്, വില്ലംഗ്ടൺ ഐലൻഡ്, കടമക്കുടി, മട്ടാഞ്ചേരി ടെർമിനലുകളുടെ നിർമ്മാണവും അതിവേഗം പുരോഗമിക്കുകയാണ്.

സെപ്തംബർ- ഒക്ടോബർ മാസങ്ങളിൽ ഈ റൂട്ടുകളിൽ സർവ്വീസ് ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. ഇതിന് മുന്നോടിയായി സെപ്തംബറോടെ അഞ്ച് ബോട്ടുകൾ കൂടി നൽകാമെന്ന് കൊച്ചിൻ ഷിപ്പ് യാർഡ് അറിയിച്ചിട്ടുണ്ട്. കണക്റ്റിവിറ്റി രംഗത്ത് വിപ്ലവകരമായ മുന്നേറ്റം സാധ്യമാക്കി കുതിക്കുന്ന വാട്ടർ മെട്രോ പദ്ധതി ഈ സർക്കാരിന്റെ കാലത്തുതന്നെ പൂർണമായും പൂർത്തിയാക്കാനാണ് ശ്രമിക്കുന്നതെന്നും പി രാജീവ് കൂട്ടിച്ചേർ‌ത്തു. 

’10 വർഷമായി അനാരോഗ്യത്തെ തുടർന്ന് ഐസിയുവിൽ’; ഇലക്ഷൻ കമ്മീഷന് ആദരാഞ്ജലി അർപ്പിച്ച് വിദ്യാർഥികൾ, പോസ്റ്റർ വൈറൽ

‘രാജ്യത്തിൻ്റെ പ്രധാനമന്ത്രി പരസ്യമായി വർഗീയത പറഞ്ഞു’; കൊടിയ അസമത്വത്തിന് അറുതി വരുത്തണമെന്ന് മുഖ്യമന്ത്രി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം.

By admin