ഇടിച്ചിട്ട ബസ് നിര്‍ത്താതെ പോയി, ദൃക്‌സാക്ഷികളായ നാട്ടുകാരും തിരിഞ്ഞുനോക്കിയില്ല; 52 കാരൻ നടുറോഡിൽ മരിച്ചു
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിലുണ്ടായ വാഹനപകടം ചർച്ചയാക്കി സൈബർ ലോകം. ഇരുചക്ര വാഹനത്തിലെത്തിയ 52 കാരൻ റോഡ് മുറിച്ചു കടക്കുന്നതിനിടെ ബസ് ഇടിച്ച് മരിച്ച സംഭവമാണ് വിവാദമാകുന്നത്. അപകടത്തിന് ശേഷം നിർത്താതെ പോയ ബസും, കാഴ്ച്ചക്കാരായി നിന്നവരുടെ സമീപനവുമാണ് ചർച്ചയാകുന്നത്.
കഴിഞ്ഞ വെളളിയാഴ്ച്ചയായിരുന്നു അഹമ്മദാബാദിനെ ഞെട്ടിച്ച ബൈക്ക് അപകടം നടന്നത്. നവീൻ പട്ടേൽ എന്ന 52കാരൻ ബൈക്കുമായി റോഡ് മുറിച്ചു കടക്കുമ്പോഴായിരുന്നു ബസ് പാഞ്ഞെത്തിയത്. അമിത വേഗത്തിലെത്തിയ ബസ് ബൈക്കിലിടിച്ചു, നവീൻ പട്ടേലിന്റെ നെഞ്ചിലും തലയും ടയറുകൾ കയറിയിറങ്ങി. ആളുകൾ ഒച്ചവെച്ചിട്ടും ബസ് നിർത്താതെ കടന്നുപോയി. പുറകിലെത്തിയ മറ്റു യാത്രക്കാരും അപകടം കണ്ട് ഞെട്ടി. എന്നാൽ ഇതിന് ശേഷം ചോരയിൽ കുളിച്ചുകിടന്ന നവീനെ ഗൗനിക്കാതെ എല്ലാവരും കടന്നുപോവുകയായിരുന്നു.
ചേതനയറ്റ ശരീരത്തിനു ചുറ്റും കൂടിയവരും ഒന്നും ചെയ്തില്ല. നവീൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ സംഭവം സൈബർ ലോകം ഏറ്റെടുത്തു. എത് തരം സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നതെന്നായിരുന്നു നെറ്റിസണ്സിന്റെ വിമർശനം. തടി മില്ല് ഉടമയായ നവീൻ പട്ടേൽ വീട്ടിലേക്ക് വരുംവഴിയാണ് അപകടത്തിൽ പെട്ടത്. സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരെ കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.