2-ാം ഘട്ട വിധിയെഴുത്തിന് രാജ്യം; മോദി തരംഗത്തിൽ കണ്ണുവച്ച് ബിജെപി, സീറ്റെണ്ണം കൂടുമെന്ന പ്രതീക്ഷയിൽ കോണ്‍ഗ്രസ്

ദില്ലി: രണ്ടാംഘട്ടത്തില്‍ കേരളം അടക്കമുള്ള 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 2019 ല്‍ 71 ശതമാനം സീറ്റും വിജയിച്ചതിന്‍റെ ആത്മവിശ്വാസത്തിലാണ് ബിജെപി. എന്നാല്‍ ആദ്യഘട്ടത്തില്‍ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് ശതമാനം കുറഞ്ഞത് സാധ്യത വർധിപ്പിക്കുമെന്നാണ് ഇന്ത്യ സഖ്യം പ്രതീക്ഷിക്കുന്നത്.

88 മണ്ഡലങ്ങളില്‍ 62 ലും ബിജെപി ആയിരുന്നു 2019 ല്‍ വിജയിച്ചിരുന്നത്. രണ്ട് മണ്ഡലങ്ങളില്‍ ബിജെപിയുടെ സഖ്യകക്ഷികളും 18 സീറ്റുകളില്‍ കോണ്‍ഗ്രസുമാണ് വിജയിച്ചത്. നാല് സീറ്റുകള്‍ സഖ്യകക്ഷികളും ഒന്നില്‍ സിപിഎമ്മും ജയം നേടി. അതാണ് 26ന് തെര‍ഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മണ്ഡലങ്ങളിലെ ചിത്രം.

കർണാടകയില്‍ 14 സീറ്റുകളിലാണ് ഈ ഘട്ടത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. നിയമസഭയിലെ തോല്‍വിയില്‍ നിന്ന് കരകയറാൻ ശ്രമിക്കുന്ന ബിജെപി മോദി ഫാക്ടർ, ലൗജിഹാദ് ചർച്ച, രാമേശ്വരം സ്ഫോടന വിഷയങ്ങളിൽ വിജയിക്കാമെന്ന് ബിജെപി കണക്ക് കൂട്ടുന്നു. 2019 ല്‍ ഒരും സീറ്റില്‍ മാത്രമായിരുന്നു കോണ്‍ഗ്രസ് ജയിച്ചത്. 14ല്‍ 7 സീറ്റില്‍ നടക്കുന്നത് കടുത്ത മത്സരമാണ്. ഇത്തവണ സീറ്റുകള്‍ കൂടുമെന്ന് കോണ്‍ഗ്രസ് പറയുന്നു. പശ്ചിമബംഗാളില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന വടക്കൻ മേഖലയിലെ മൂന്ന് സീറ്റുകളിലും ബിജെപിയായിരുന്നു വിജയിച്ചത്. ഇതില്‍ രണ്ട് സീറ്റില്‍ തൃണമൂലിന് പിടിച്ചെടുക്കാമെന്ന പ്രതീക്ഷയുണ്ട്. 

അസമില്‍ അഞ്ച് സീറ്റിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി എല്ലാ സീറ്റിലും കുതിപ്പ് നടത്തുമെന്ന് അവരുടെ കണക്ക് കൂട്ടല്‍. ഛത്തീസ്ഗഡില്‍ മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍ മത്സരിക്കുന്ന രജനാന്ദ്ഗാവ് ഉള്‍പ്പെടെയുള്ള മൂന്ന് സീറ്റിലാണ് ഇത്തവണ തെരഞ്ഞെടുപ്പ്. നിയമസഭയിലെ അട്ടിമറി ജയമാണ് ബിജെപിക്ക് ഇവിടെയുള്ള കരുത്ത്. രാജസ്ഥാനിലെ 12 സീറ്റുകളില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ വലിയ മത്സരം നടക്കുന്നു. കേന്ദ്രമന്ത്രി ഗജേന്ദ്ര ശെഖാവത്ത്, അശോക് ഗെലോട്ടിന്‍റെ മകന്‍ വൈഭവ് ഗെലോട്ട്, സ്പീക്കർ ഓം ബിർള എന്നിവരെല്ലാം ഈ ഘട്ടത്തില്‍ ആണ് മത്സരിക്കുന്നത്. യുപിയില്‍ 8 സീറ്റിലാണ് തെരഞ്ഞെടുപ്പ്. അരുണ്‍ ഗോവില്‍, ഹേമമാലിനി എന്നിവർ മത്സരിക്കുന്ന ഘട്ടം ഇതാണ്. ആർഎല്‍ഡി പിന്തുണ രാമക്ഷേത്രം എന്നിവ എല്ലാ മണ്ഡലങ്ങളിലും തുണക്കുമെന്ന് ബിജെപി കരുതുന്നു. കർഷക പ്രതിഷേധവും അംറോഹയിലെ ഡാനിഷ് അലിയുടെ സ്ഥാനാർത്ഥിത്വവുമാണ് ഇന്ത്യ സഖ്യത്തിന് പ്രതീക്ഷ നല്‍കുന്നത്. 

ബിഹാറില്‍ അഞ്ച് സീറ്റുകളില്‍ തെര‍ഞ്ഞെടുപ്പ് നടക്കുന്നു. എൻഡിഎ ഇന്ത്യ സഖ്യം തമ്മില്‍ കനത്ത് പോരാട്ടമാണ് എല്ലാ മണ്ഡലങ്ങളിലും നടക്കുന്നത്. മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന 8 സീറ്റുകളില്‍ ഏഴിലും ബിജെപിയാണ് കഴിഞ്ഞ തവണ വിജയിച്ചത്. ഇത്തവണ കനത്ത പോരാട്ടത്തെ തുടർന്ന് പ്രവചനാതീതം ആണ് ഇവിടെയുള്ള സാഹചര്യം. നന്ദേഡ്, അമരാവതി സീറ്റുകളാണ് മത്സരം കൊണ്ട് ശ്രദ്ധേയം.

By admin