തിരുവനന്തപുരം: പൂരം കാണാനെത്തിയ ജനക്കൂട്ടത്തെ അനാവശ്യ നിയന്ത്രണങ്ങളിലൂടെ തടഞ്ഞുവച്ച് തൃശൂർ പൂരത്തിന്റെ ശോഭ കെടുത്തും വിധം പെരുമാറിയ സിറ്റി പൊലീസ് കമ്മിഷണർ അങ്കിത് അശോകനെ തൽസ്ഥാനത്തു നിന്ന് മാറ്റാനുള്ള സർക്കാരിന്റെ ശുപാർശ നടപ്പാവുന്നത് വൈകും.
കമ്മീഷണറെ മാറ്റാനുള്ള സർക്കാരിന്റെ ശുപാർശാ ഫയൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ പരിഗണനയ്ക്ക് അയച്ചു. നാല് ഉദ്യോഗസ്ഥരുടെ പേരുകൾ സഹിതമാണ് സർക്കാർ ശുപാർശ നൽകിയത്.

വോട്ടെടുപ്പിന് ഒരു ദിവസം ശേഷിക്കേ, ജില്ലയിൽ സുരക്ഷയുടെ ഏകോപനം വഹിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റി പുതിയ ആളെ പകരം നിയമിക്കുന്നതിൽ കമ്മിഷന് ആശങ്കയുണ്ടെന്നാണ് സൂചന. അതിനാലാണ് തീരുമാനം വൈകുന്നത്.

വോട്ടെടുപ്പ് കഴിഞ്ഞാലുടൻ കമ്മിഷണറെ മാറ്റിയേക്കും. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ കമ്മിഷന്റെ അനുമതിയില്ലാതെ ഉദ്യോഗസ്ഥരെ മാറ്റാനാവില്ല. എസ്.പിമാരായ ജി. ജയ്‌ദേവ് (സായുധ ബറ്റാലിയൻ), എം.എൽ. സുനിൽ (ഇന്റലിജൻസ്), വി.യു കുര്യാക്കോസ് (പോലീസ് ട്രെയിനിംഗ് കോളേജ്), ആർ.വിശ്വനാഥ് (എ.ഐ.ജി-1, പോലീസ് ആസ്ഥാനം) എന്നിവരുടെ പേരുകളാണ് കമ്മിഷന് സർക്കാർ കൈമാറിയത്.
ആനകൾക്കുള്ള പട്ടയും കുടമാറ്റത്തിനെത്തിച്ച കുടയും പൂരനഗരിയിലേക്ക് കടത്താകെ അങ്കിത് അശോകൻ തടയുന്ന ദൃശ്യങ്ങളടക്കം പുറത്തുവന്ന സാഹചര്യത്തിലാണ് കമ്മിഷണറെ മാറ്രാൻ സർക്കാർ തീരുമാനിച്ചത്. പൂരത്തിനിടെ സ്വരാജ് റൗണ്ടിൽ ബാരിക്കേഡു വച്ച് തടഞ്ഞതും ലാത്തിവീശി ജനങ്ങളെ ഓടിച്ചതുമായ പൊലീസ് നടപടിയും വിമർശിക്കപ്പെട്ടിരുന്നു.
കമ്മിഷണർ അങ്കിത്ത് അശോകന് പുറമെ അസിസ്റ്റന്റ് കമ്മിഷണർ സുദർശനെയും മാറ്റും. തിരഞ്ഞെടുപ്പ് സുരക്ഷാ ചുമതലയ്ക്ക് എത്തിച്ച കേന്ദ്രസേനയുടെ വിന്യാസം അടക്കമുള്ള ചുമതലകൾ കമ്മീഷണർക്കാണ്. അതിനാലാണ് വോട്ടെടുപ്പിന് തൊട്ടുമുൻപ് കമ്മീഷണറെ മാറ്റാൻ കഴിയാത്തത്.
പൂരത്തിനിടെ പൊലീസിന്റെ ഭാഗത്തുണ്ടായ വീഴ്ചകളെ കുറിച്ച് അന്വേഷിച്ച് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി ഡി.ജി.പിയോട് നിർദ്ദേശിച്ചിട്ടുണ്ട്.  വോട്ടെടുപ്പിന് ദിവസങ്ങൾക്ക് മുൻപ്  തൃശൂർ പൂരത്തിനിടെ ഉണ്ടായ സംഭവങ്ങൾ ആഭ്യന്തര വകുപ്പിനും സർക്കാരിനും വലിയ നാണക്കേടുണ്ടാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കമ്മീഷണറെ മാറ്റി മുഖം രക്ഷിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്.
പൂരത്തിനിടെ സ്വരാജ് റൗണ്ടിൽ ബാരിക്കേഡ് വച്ച് തടഞ്ഞതും ലാത്തിവീശി ജനങ്ങളെ ഓടിച്ചതുമായ പോലീസ് നടപടിക്കെതിരേ വ്യാപകമായി വിമർശനമുയർന്നിരുന്നു. ചരിത്രത്തിലാദ്യമായി പൂരവും വെടിക്കെട്ടും തടസപ്പെട്ടത് പൊലീസിന്റെ അതിരുവിട്ട നടപടികൾ മൂലമാണെന്ന് ചൂണ്ടിക്കാട്ടി ദേവസ്വം ഭാരവാഹികളും മന്ത്രി കെ. രാജൻ അടക്കമുള്ള ഇടത് നേതാക്കളും രംഗത്തെത്തി.
സിറ്റി പോലീസ് കമ്മിഷണർക്കെതിരേ അടിയന്തര നടപടി വേണമെന്ന് മന്ത്രി കെ. രാജൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പൂരത്തിനിടെ ഉണ്ടായ സംഭവങ്ങൾ സർക്കാരിനെ പ്രതിക്കൂട്ടിലാക്കി യു.ഡി.എഫും ബി.ജെ.പിയും തിരഞ്ഞെടുപ്പ് പ്രചാരണ വിഷയവുമാക്കി രംഗത്തെത്തിയിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി പതിനൊന്നോടെ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്ത് പോലീസ് ബാരിക്കേഡ് വച്ച് ആളുകളെയും എഴുന്നള്ളിപ്പും തടഞ്ഞതാണ് പ്രകോപനത്തിടയായത്. നായ്ക്കനാലിലും ബാരിക്കേഡ് കെട്ടി ജനങ്ങളെ തടഞ്ഞു.

 
പൊലീസിനെതിരേ ഗോ ബാക്ക് വിളികളുമായി ദേശക്കാരും പൂരപ്രേമികളും ബഹളം വച്ചതോടെ നായ്ക്കനാലിലും നടുവിലാലിലും പൊലീസ് ലാത്തിവീശി. തിരുവമ്പാടി ഭഗവതിയുടെ രാത്രിയിലെ എഴുന്നള്ളിപ്പ് പൂർത്തിയാകും മുമ്പേ ആളുകളെ പൂരപ്പറമ്പിൽ നിന്നു മാറ്റിയതിൽ വലിയ പ്രതിഷേധമുയർന്നു. വെടിക്കെട്ട് കമ്മിറ്റിക്കാരിൽ പലരെയും മൈതാനത്ത് നിൽക്കാൻ കമ്മിഷണർ അങ്കിത്ത് അശോകൻ അനുവദിച്ചില്ലെന്നും പരാതിയുയർന്നു.
ദേശക്കാരും കമ്മിഷണറും തമ്മിൽ തർക്കമായതോടെ വെടിക്കെട്ട് നടത്തില്ലെന്ന് ദേവസ്വം തീരുമാനിച്ചു. തുടർന്ന് മന്ത്രി കെ. രാജനും കളക്ടർ വി.ആർ. കൃഷ്ണതേജയും ഉൾപ്പെടെയുള്ളവർ നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് വെടിക്കെട്ട് നടത്താൻ തീരുമാനിച്ചത്. നിശ്ചയിച്ച സമയമായ പുലർച്ചെ മൂന്നിനു പകരം പാറമേക്കാവിന്റെ വെടിക്കെട്ട് 7.10നും തിരുവമ്പാടിയുടേത് 7.45നുമാണ് നടത്തിയത്.
തൃശൂർ പൂരം അലങ്കോലപ്പെടുത്താനുള്ള പോലീസ് നീക്കം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് സർക്കാരിന് ഭയമുണ്ട്. പോലീസ് നടപടി വോട്ടായി മാറുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.

By admin

Leave a Reply

Your email address will not be published. Required fields are marked *