തിരുവനന്തപുരം: വെള്ളിയാഴ്ച നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് വൈകിട്ട് അവസാനിക്കാനിരിക്കെ, ഏതുവിധേനയും വിജയം കൈപ്പിടിയിലാക്കാന്‍ ജീവന്മരണ പോരാട്ടത്തിലാണ് മുന്നണികള്‍. വിവാദങ്ങളും ആക്ഷേങ്ങളും പോര്‍വിളികളും അന്തരീക്ഷത്തില്‍ മുഴങ്ങുകയാണ്. മൂന്ന് മുന്നണികളും ശുഭപ്രതീക്ഷയിലാണ്.
ഇരുപതില്‍ ഇരുപതും നേടുമെന്ന ശുഭപ്രതീക്ഷയിലാണ് യു.ഡി.എഫ്. കഴിഞ്ഞ തവണത്തെ ഒരു സീറ്റ് 18 ആക്കി കൂട്ടാമെന്നാണ് എല്‍.ഡി.എഫിന്റെ പ്രതീക്ഷ. 7 സീറ്റുകളില്‍ എന്‍.ഡി.എ. വിജയ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നു. പക്ഷേ, എല്ലാം ജനങ്ങളുടെ തീരുമാനത്തിന് അനുസരിച്ചായിരിക്കുമെന്നു മാത്രം.
2019ലെ തിരഞ്ഞെടുപ്പിനേക്കാള്‍ മെച്ചപ്പെട്ട പ്രകടനമായിരിക്കും ഇത്തവണ നടത്തുകയെന്ന് എല്ലാ മുന്നണികളും പ്രതീക്ഷ വച്ചുപുലര്‍ത്തുന്നു. രണ്ട് മാസത്തോളം നീണ്ട പ്രചാരണത്തിനാണ് ഇന്ന് കൊട്ടിക്കലാശം. അടുത്ത 48 മണിക്കൂറുകള്‍ നിശബ്ദപ്രചരണത്തിന്റേതാണ്. ജില്ലാ ആസ്ഥാനങ്ങളിലും മറ്റ് പ്രധാന കേന്ദ്രങ്ങളിലുമായിട്ടുള്ള പ്രചാരണ കൊടിയിറക്കം കെങ്കേമമാക്കാനുള്ള ഒരുക്കത്തിലാണ് മൂന്ന് മുന്നണികളും. സമാപനം നടക്കുന്ന കേന്ദ്രങ്ങളിലേക്ക് വനിതകളുള്‍പ്പെടെ പരമാവധി പ്രവര്‍ത്തകരെ എത്തിക്കാനുള്ള ശ്രമത്തിലാണ് മൂന്നു കൂട്ടരും.
ആറുമണിക്കാണ് പരസ്യപ്രചാരണം അവസാനിപ്പിക്കേണ്ടത്.ആവേശം കൈവിടാതിരിക്കാന്‍ ശക്തമായ പോലീസ് സംവിധാനമൊരുക്കുന്നുണ്ട്. അഭിമാന പോരാട്ടം നടക്കുന്ന മണ്ഡലങ്ങളില്‍ സംസ്ഥാനത്തെ പ്രമുഖ നേതാക്കളുടെ സാന്നിധ്യമുണ്ടാകും. ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി മന്ത്രിമാരും രംഗത്തുണ്ട്.
പരമാവധി വോട്ടര്‍മാരെ വീടുകളിലെത്തി കണ്ട് വോട്ടുറപ്പിക്കാനുള്ള പരിശ്രമത്തിലാവും അടുത്ത രണ്ട് ദിവസങ്ങള്‍. സ്ഥലത്തില്ലാത്തവരെ എത്തിക്കാനും വോട്ടിങ്ങിന് പോകാന്‍ മറ്റ് സഹായങ്ങള്‍ വേണ്ടവര്‍ക്ക് അതെത്തിക്കാനുമുള്ള സംവിധാനങ്ങളുമൊരുക്കും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കൈവിട്ട ആലപ്പുഴ കൂടി തിരിച്ചുപിടിച്ച് സമ്പൂര്‍ണ വിജയമാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്.
സംസ്ഥാനത്തെയും ദേശീയ തലത്തിലെയും രാഷ്ട്രീയ സാഹചര്യം തീര്‍ത്തും അനുകൂലമാണെന്ന് യു.ഡി.എഫ് വിലയിരുത്തുന്നു. ബി.ജെ.പി വിരുദ്ധ വികാരം ശക്തമാണ്. പ്രത്യേകിച്ച് അടുത്ത ദിവസങ്ങളില്‍ കോണ്‍ഗ്രസിനും രാഹുല്‍ഗാന്ധിക്കുമെതിരെ പ്രധാനമന്ത്രി മോദി നടത്തിയ പരാമര്‍ശങ്ങള്‍ യു.ഡി.എഫ്. അനുഭാവികളെ മാത്രമല്ല, രാഷ്ട്രീയ നിഷ്പക്ഷത പുലര്‍ത്തുന്നവരെ പോലും വേദനിപ്പിക്കുന്നതാണ്.
സംസ്ഥാന സര്‍ക്കാരിനെതിരായ അതൃപ്തി. ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും മുടങ്ങി. സാമൂഹ്യ ക്ഷേമപെന്‍ഷന്‍ തടസപ്പെട്ടു. ക്രമസമാധാന പാലനം പാടെ തകര്‍ന്നു. സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലായി. ഇതെല്ലാം വിലയിരുത്തപ്പെടും.തിരഞ്ഞെടുപ്പില്‍ നല്ല മുന്നൊരുക്കം നടത്താനായി. തര്‍ക്കങ്ങളില്ലാതെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച്, പ്രചാരണ രംഗത്തിറങ്ങാനായി. കൃത്യമായ തിരഞ്ഞെടുപ്പ് പദ്ധതി തയ്യാറാക്കി ഒറ്റക്കെട്ടായി പ്രവര്‍ത്തകര്‍ സജീവമായി-ഇതൊക്കെയാണ് യു.ഡി.എഫിന്റെ പ്രതീക്ഷകള്‍.
മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ 18 സീറ്റുകളിലെങ്കിലും വിജയം ഉറപ്പാണെന്ന് എല്‍.ഡി.എഫ് വിലയിരുത്തുന്നു. കഴിഞ്ഞ നിയമസഭാ , തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പുകളിലെ വോട്ടു ശതമാനത്തിന്റെ വ്യത്യാസം തങ്ങള്‍ക്ക് അനുകൂല ഘടകമായി എല്‍.ഡി.എഫ്. പറയുന്നു. ഇത്തവണ എല്‍.ഡി.എഫിന് അനുകൂല തരംഗമുണ്ടാവുമെന്നാണ് നേതാക്കള്‍ പറയുന്നത്.
കഴിഞ്ഞ തവണ 18 യു.ഡി.എഫ്. എം.പിമാര്‍ ലോക് സഭയിലെത്തിയെങ്കിലും സംസ്ഥാനത്തിന്റെ താത്പര്യത്തിന് വേണ്ടി ശബ്ദമുയര്‍ത്താന്‍ ആരുമുണ്ടായില്ല. സാമ്പത്തികമായി സംസ്ഥാനത്തെ ഞെരുക്കാനുള്ള നടപടികളിലും പ്രതിഷേധിച്ചില്ല. കോണ്‍ഗ്രസില്‍ നിന്ന് നേതാക്കള്‍ കൂട്ടത്തോടെ ബി.ജെ.പിയിലേക്ക് ചേക്കേറുകയാണ്. അവരെ ജയിപ്പിച്ചാലും പിന്നീട് എവിടെ നില്‍ക്കുമെന്ന് പറയാനാകില്ല.
പൗരത്വ നിയമഭേദഗതിക്കെതിരെ ഉറച്ച നിലപാട് എല്‍.ഡി.എഫും സംസ്ഥാന സര്‍ക്കാരും സ്വീകരിച്ചിട്ടും അതിനൊപ്പം നില്‍ക്കാനോ ശക്തമായി പ്രതികരിക്കാനോ യു.ഡി.എഫിന് കഴിഞ്ഞില്ല. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനേക്കാള്‍ വലിയ വോട്ടിംഗ് ശതമാനത്തിലാണ് എല്‍.ഡി.എഫ് വിജയിച്ച് ഭരണതുടര്‍ച്ച നേടിയത്. തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിലും ഇടതു മുന്നണി വ്യക്തമായ മേല്‍ക്കൈ നേടി- ഇങ്ങനെ പോകുന്നു എല്‍.ഡി.എഫിന്റെ പ്രതീക്ഷകള്‍.
മോഡി ഭരണത്തിന്റെ മികവ് വിജയം കൊണ്ടുവരുമെന്നാണ് എന്‍.ഡി.എ. കണക്കുകൂട്ടുന്നത്. ന്യൂനപക്ഷ വോട്ടുകള്‍ ഇക്കുറി എന്‍.ഡി.എയ്ക്ക് അനുകൂലമായി മാറും. സംസ്ഥാനത്തെ ഏഴു ലക്ഷത്തോളം ക്രിസ്ത്യന്‍ കുടുംബങ്ങളുമായി നേരിട്ട് ഉണ്ടാക്കിയിട്ടുള്ള ബന്ധം. വിദേശ രാജ്യങ്ങളില്‍ പ്രധാനമന്ത്രി മോദി ഉണ്ടാക്കിയ പ്രതിച്ഛായയും മുസ്ലീം വിഭാഗങ്ങളിലുള്‍പ്പെടെ മാറ്റം വരുത്തിയിട്ടുണ്ട്. ഏഴ് മണ്ഡലങ്ങളില്‍ ജയം കൈയ്യെത്തും ദൂരത്താണെന്നാണ് ബി.ജെ.പി. വിലയിരുത്തല്‍. കഴിഞ്ഞ തിരഞ്ഞെടുപ്പിലെ വോട്ടുകളില്‍ വലിയ വര്‍ധനയുണ്ടാകും. പ്രധാന മന്ത്രിയുടെ കേരള സന്ദര്‍ശനം വോട്ടായി മാറും. സംസ്ഥാനത്തെ വികസനമുരടിപ്പ് പ്രചാരണ ഘട്ടത്തില്‍ ചര്‍ച്ചയാക്കാന്‍ കഴിഞ്ഞതും ഗുണം ചെയ്യുമെന്നും ബി.ജെ.പി. കണക്കുകൂട്ടുന്നു.