തൃശ്ശൂരിൽ പ്രതീക്ഷയോടെ മൂന്ന് മുന്നണികളും; വോട്ടുറപ്പിക്കാൻ സ്ഥാനാർത്ഥികളുടെ ഓട്ടപ്രദക്ഷിണം

തൃശ്ശൂര്‍: ഒരു സസ്പന്‍സ് ത്രില്ലര്‍ പോലെ അനിശ്ചിതത്വങ്ങളും വിവാദങ്ങളും നിറഞ്ഞാടിയ പ്രചരണത്തിനാണ് ഇന്ന് തൃശ്ശൂരില്‍ കൊട്ടിക്കലാശമാവുന്നത്. പത്മജയുടെ ബിജെപി പ്രവേശത്തോടെ കെ മുരളീധരന്‍റെ തൃശ്ശൂരിലേക്കുള്ള അപ്രതീക്ഷിത എന്‍ട്രി മുതല്‍ സുരേഷ് ഗോപിയുടെ ലൂര്‍ദ് മാതാവിനുള്ള കിരീടവും പൂരം കലക്ക് വിവാദവും വരെ ചൂടേറിയ തെരഞ്ഞെടുപ്പ് വിഷയങ്ങളായി. അവസാന നിമിഷം വരെ നാടിളക്കി നടത്തിയ പ്രചരണത്തിന്‍റെ വിജയിയാരെന്നതു പ്രവചിക്കുക അസാധ്യം.

സ്ഥാനാനാര്‍ത്ഥി പ്രഖ്യാപനത്തിന് ഏറെ മുമ്പ് തന്നെ പ്രചരണമാരംഭിച്ചത് സുരേഷ് ഗോപിയായിരുന്നു. വിവാദങ്ങളില്‍ പലതവണ വീണും കര കയറിയുമായിരുന്നു പ്രചാരണം. മകളുടെ വിവാഹത്തിന് മുന്നോടിയായി ലൂര്‍ദ് മാതാവിന് സമര്‍പ്പിച്ച കിരീടമായിരുന്നു ആദ്യ വിവാദം. നേര്‍ച്ചയായി സമര്‍പ്പിച്ചതിന്‍റെ മാറ്റ് പരസ്യപ്പെടുത്തേണ്ടതില്ലെന്ന് പള്ളിക്കമ്മിറ്റി തീരുമാനിച്ചു. തെരഞ്ഞെടുപ്പിന് ശേഷം പത്തുലക്ഷത്തിന്‍റെ പൊന്‍ കിരീടം നല്‍കുമെന്ന സുരേഷ് ഗോപിയുടെ പ്രതികരണവും വന്നു. പിന്നാലെ സ്വീകരണ സ്ഥലത്ത് ആളുകുറഞ്ഞതിന് പ്രവര്‍ത്തകരോട് കയര്‍ക്കുന്ന വീഡിയോയും പുറത്തായി. വിവാദങ്ങള്‍ നില്‍ക്കുമ്പോഴും പ്രധാനമന്ത്രിയുടെ മൂന്ന് തവണയായുള്ള വരവും ജയിച്ചാല്‍ കേന്ദ്രമന്ത്രിയെന്ന ക്യാംപെയ്നും കരുന്നൂര്‍ നടപടികളും തൃശ്ശൂരില്‍ വിജയം കാണിക്കുമെന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്.

പ്രതാപനെ വച്ച് തെരഞ്ഞെടുപ്പ് തുടങ്ങിയ കോണ്‍ഗ്രസിന് ഏറ്റ അപ്രതീക്ഷിത അടിയായിരുന്നു പത്മജയുടെ ബിജെപി പ്രവേശം. പ്രതാപന്‍റെ ചുവരെഴുത്ത് മായ്ച്ച് കെ മുരളീധരനെ ഇറക്കി. സഹോദരിയെത്തള്ളിപ്പറഞ്ഞ് പ്രചരണം തുടങ്ങിയ മുരളിക്ക് പത്മജ നല്‍കിയ ഷോക്കായിരുന്നു മുരളീ മന്ദിരത്തില്‍ കരുണാകരന്‍റെ സ്മൃതി കുടീരത്തിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ർത്തകര്‍ക്ക് ബിജെപി അംഗത്വം നല്‍കിയത്. കൊണ്ടും കൊടുത്തും മുന്നേറിയ മുരളിക്ക് ഗ്രൂപ്പിനതീതമായി കിട്ടുന്ന പിന്തുണ വിജയമൊരുക്കുമെന്നാണ് യുഡിഎഫ് കണക്ക് കൂട്ടല്‍. പ്രധാനമന്ത്രിയുടെ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവന മണ്ഡലത്തിലെ നിര്‍ണായകമായ ന്യൂനപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസിലേക്ക് കേന്ദ്രീകരിക്കുന്നതിന് ഇടയാക്കുമെന്നാണ് കോണ്‍ഗ്രസ് ക്യാമ്പിന്‍റെ വിലയിരുത്തല്‍.

സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ താഴേത്തട്ടിലെ ജോലികള്‍ പൂര്‍ത്തിയാക്കിയിരുന്നു ഇടത് മുന്നണി. വി എസ് സുനില്‍ കുമാറിന് സിപിഎമ്മിനെക്കൊണ്ടാണ് പ്രചരണത്തിലുടനീളം പ്രതിസന്ധിയുണ്ടായത്. കരുവന്നൂരും ഏറ്റവും ഒടുവിലുണ്ടായ പൂരം കലക്കല്‍ വിവാദവും ഇടതു ക്യാമ്പിനുണ്ടാക്കുന്ന ആശങ്ക ചെറുതല്ല. സ്ഥാനാര്‍ത്ഥിയുടെ സ്വീകാര്യതയും പ്രതിശ്ചായയും കൊണ്ട് ജയം നേടാമെന്നാണ് ഇടത് ആത്മവിശ്വാസം. കരുവന്നൂര്‍ ബാധിതരുടെ ഇരിങ്ങാലക്കുടയും പൂരത്തിന്‍റെ തൃശ്ശൂരും ഗുരുവായൂരുമാകും ആര് ജയിക്കുമെന്നതില്‍ നിര്‍ണായകമാവുക.

By admin