കോട്ടയം:  ഒന്നരമാസത്തിലേറെ നീണ്ടുനിന്ന പ്രചാരണോത്സവത്തിന് കൊടിയിറങ്ങി. ഗ്രാമവും നഗരവും ഒന്നിച്ച് ആഘോഷിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്റെ കട്ടൗട്ടുകളും രണ്ടില ചിഹ്നവുമായി ഇന്നലെ (ബുധന്‍) ഉച്ചയോടെ തിരുന്നക്കര കീഴടക്കി. ആയിരക്കണക്കിന് എല്‍ഡിഎഫ് പ്രവര്‍ത്തകരാണ് കൊട്ടിക്കലാശത്തിനായി നഗരത്തില്‍ എത്തിയത്. കൊടികളും കട്ടൗട്ടുകളും പ്ലക്കാര്‍ഡുകളുമായി പ്രവര്‍ത്തകര്‍ നിരത്തിലിറങ്ങി അനൗണ്‍സ്‌മെന്റ് വാഹനങ്ങളിലെ പാട്ടുകള്‍ക്കൊപ്പം നൃത്തം ചവിട്ടി. 
നാലുമണിയോടെ സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടനും കൊട്ടിക്കലാശ വേദിയിലേക്ക് എത്തി. അതോടെ ആവേശം ഉച്ചസ്ഥായിലെത്തി. പ്രവര്‍ത്തകരുടെ ആവേശത്തിനൊപ്പം സ്ഥാനാര്‍ത്ഥിയും പങ്കുചേര്‍ന്നു. ലോക്‌സഭാ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും കൊട്ടിക്കലാശം സംഘടിപ്പിച്ചിരുന്നു. രാവിലെ പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയുടെ റോഡ്‌ഷോ നടന്നു. ഞാലിയാകുഴിയില്‍ നിന്നും ആരംഭിച്ച റോഡ്‌ഷോ പുതുപ്പള്ളി, മീനടം, പാമ്പാടി, കൂരോപ്പട, അകലക്കുന്നം, അയര്‍ക്കുന്നം വഴി മണര്‍കാട് സമാപിച്ചു. തുടര്‍ന്ന് വടവാതൂര്‍, കഞ്ഞിക്കുഴി, ദേവലോകം, കൊല്ലാട്, തിരുവാതുക്കല്‍, ചുങ്കം, സംക്രാന്തി, നാഗമ്പടം എന്നിവിടങ്ങളിലും റോഡ്‌ഷോ സംഘടിപ്പിച്ചിരുന്നു. നിശബ്ദ പ്രചാരണ ദിനമായ ഇന്ന് തോമസ് ചാഴികാടന്‍ പ്രവര്‍ത്തകര്‍ക്കൊപ്പം വീടുകയറി വോട്ടഭ്യര്‍ത്ഥിക്കും. കോട്ടയം നിയോജക മണ്ഡലത്തിലെ വിവിധ മേഖലകളില്‍ സ്ലിപ്പ് വിതരണത്തിലും സ്ഥാനാര്‍ത്ഥി പങ്കാളിയാകും.

By admin

Leave a Reply

Your email address will not be published. Required fields are marked *