ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. തന്റെ അമ്മ സോണിയ ഗാന്ധിയുടെ താലി രാജ്യത്തിനുവേണ്ടി ത്യജിച്ചതാണെന്നും യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് ജനങ്ങളെ വ്യതിചലിപ്പിക്കാൻ പ്രധാനമന്ത്രി നാടകം കളിക്കുകയാണെന്നും പ്രിയങ്ക പറഞ്ഞു.
കോൺഗ്രസ് പാർട്ടി ജനങ്ങളുടെ സ്വർണവും താലിയും കൊള്ളയടിക്കുമെന്ന് കഴിഞ്ഞ രണ്ട് ദിവസമായി പ്രധാനമന്ത്രി പറയുന്നു. 70 വർഷമായി ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ട്, 55 വർഷം കോൺഗ്രസ് രാജ്യം ഭരിച്ചു, അവർ നിങ്ങളുടെ സ്വർണം തട്ടിയെടുത്തോയെന്ന് പ്രിയങ്ക ചോദിച്ചു. 
ഒരു യുദ്ധമുണ്ടായപ്പോൾ എന്റെ മുത്തശ്ശി (മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി) തന്റെ സ്വർണം രാജ്യത്തിന് സംഭാവന ചെയ്തു. എന്റെ അമ്മയുടെ താലിയും ഈ രാജ്യത്തിന് വേണ്ടി ബലിയർപ്പിക്കപ്പെട്ടതാണെന്ന് തന്റെ പിതാവും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ കൊലപാതകത്തെ പരാമർശിച്ച് പ്രിയങ്ക പറഞ്ഞു.
താലിയുടെ മൂല്യം മോദിക്ക് മനസിലായിരുന്നെങ്കിൽ ഇത്തരം സദാചാര വിരുദ്ധ പരാമർശങ്ങൾ നടത്തില്ലായിരുന്നുവെന്നും പ്രിയങ്ക വ്യക്തമാക്കി. 
നോട്ട് അസാധുവാക്കലും കോവിഡ് ലോക്ക്ഡൗണും ഉണ്ടായപ്പോൾ സ്ത്രീകളുടെ കാര്യത്തിൽ പ്രധാനമന്ത്രിക്ക് ആശങ്ക ഉണ്ടായിരുന്നില്ലെന്നും പ്രിയങ്ക പറഞ്ഞു. ”കർഷക സമരത്തിൽ 600 പേർ കൊല്ലപ്പെട്ടു. അവരുടെ ഭാര്യമാരുടെ താലിയെക്കുറിച്ച് പ്രധാനമന്ത്രി ചിന്തിച്ചോ?. മണിപ്പൂരിൽ ഒരു സൈനികന്റെ ഭാര്യയെ വിവസ്ത്രയാക്കി പരേഡ് നടത്തി. അദ്ദേഹം അപ്പോൾ സംസാരിച്ചോ? അവളുടെ താലിയെക്കുറിച്ച് ഓർത്ത് അദ്ദേഹം വിഷമിച്ചോ?,” പ്രിയങ്ക ചോദിച്ചു.
കോൺഗ്രസ് അധികാരത്തിൽ എത്തിയാൽ താലിമാല പോലും പിടിച്ചെടുത്ത് വീതംവയ്ക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അലിഗഡിൽ തിരഞ്ഞെടുപ്പ് പ്രാചരണ പരിപാടിയിൽ പറഞ്ഞിരുന്നു. നിങ്ങളുടെ താലിമാല വരെ കോൺഗ്രസ് പിടിച്ചെടുത്ത് വീതംവയ്ക്കും.
വീട്, വാഹനം, സ്വർണം എല്ലാം പിടിച്ചെടുക്കും. സ്ത്രീകൾ അവരുടെ ധനമായി കരുതുന്ന സ്വർണം പോലും പിടിച്ചെടുക്കും. അമ്മമാരുടെയും പെങ്ങന്മാരുടെയും കെട്ടുതാലി പിടിച്ചെടുക്കുമെന്നും മോദി പറഞ്ഞിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *