റാഞ്ചി: പണ്ട് കൂടുതലും വീട്ടിലുണ്ടാക്കുന്ന ഭക്ഷണമായിരുന്നു ഏവരും കഴിച്ചിരുന്നത്. വല്ലപ്പോഴും ഹോട്ടലിൽ പോയി ആഹാരം കഴിക്കും. കാലം മാറിയതോടെ ഭക്ഷണശീലങ്ങളിലും മാറ്റം വന്നു. ഇന്ന് പുറത്ത് പോയി കഴിക്കുകയും വേണ്ട. ഒറ്റ ക്ലിക്കിൽ രുചികരമായ ഭക്ഷണം വീട്ടുപടിക്കലെത്തും.
ഇന്ന് നിരവധി പേരാണ് സ്വിഗ്ഗി പോലുള്ള ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പിനെ ആശ്രയിക്കുന്നത്. ആർത്തവ സമയത്ത് സ്വിഗ്ഗിയിൽ ഭക്ഷണം ഓർഡർ ചെയ്‌തതുമായി ബന്ധപ്പെട്ട് റാഞ്ചിയിൽ നിന്നുള്ള നന്ദിനി എന്ന സ്ത്രീ എക്സിൽ പോസ്റ്റ് ചെയ്ത കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
ആർത്തവ വേദന കൊണ്ട് പുളയുമ്പോഴായിരുന്നു യുവതി സ്വിഗ്ഗിയിൽ ഭക്ഷണം ഓർഡർ ചെയ്തത്. ഡെലിവറി ബോയിയോട് വേദനയ്ക്കുള്ള മരുന്ന് വാങ്ങി വരുമോയെന്ന് ചോദിച്ചതും, അയാൾ അത് വാങ്ങിക്കൊടുത്തതുമാണ് കുറിപ്പിലുള്ളത്.
‘എനിക്ക് കഠിനമായ വയറുവേദന ഉണ്ടായിരുന്നു. മെഡിക്കൽ സ്റ്റോറിലേക്ക് നടക്കാൻ പോലും കഴിഞ്ഞില്ല. ഇതിനിടയിൽ സ്വിഗ്ഗിയിൽ ഭക്ഷണം ഓർഡർ ചെയ്തു. ഡെലിവറി ബോയിയോട് മരുന്ന് വാങ്ങിത്തരാമോയെന്ന് ചോദിച്ചു. അദ്ദേഹം ശരിക്കും ദയയുള്ളയാളായിരുന്നു. ഞാൻ അദ്ദേഹത്തിന് ടിപ് നൽകി ഒപ്പം നന്ദിയും പറഞ്ഞു.’ എന്നാണ് മരുന്നിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് യുവതി എക്സിൽ കുറിച്ചത്.
പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലായി. മരുന്നു വാങ്ങാൻ എന്തുകൊണ്ടാണ് സ്വിഗ്ഗി ജീനിയോ പോലുള്ള ഓൺലൈൻ ഡെലിവറി സേവനം തിരഞ്ഞെടുക്കാത്തതെന്ന് ഒരാൾ ചോദിച്ചു. ആ സമയത്ത് ഒന്നും ലഭ്യമായിരുന്നില്ലെന്നായിരുന്നു യുവതിയുടെ വിശദീകരണം.