എറണാകുളം/ തൃശൂർ: കലാശക്കൊട്ടിലും ഒരു പടി മുന്നിൽ ട്വന്റി20 പാർട്ടി. ചാലക്കുടി ലോക്‌സഭാ മണ്ഡലം ട്വന്റി20 പാർട്ടി സ്ഥാനാർത്ഥി അഡ്വ. ചാർളി പോളിന്റെ  ഇലക്ഷൻ പ്രചാരണത്തിന്റെ കലാശക്കൊട്ട് ജനബാഹുല്യം കൊണ്ടും വേറിട്ട ശൈലി കൊണ്ടും ശ്രദ്ധേയമായി.
ഒരു പുതിയ രാഷ്ട്രീയ പാർട്ടിയാണെങ്കിലും ജനങ്ങൾക്ക് വലിയ പ്രതീക്ഷകൾ നൽകിക്കൊണ്ടായിരുന്നു കലാശക്കൊട്ട്. മറ്റു മുന്നണികൾ അങ്കമാലിയിൽ കലാശക്കൊട്ട് നടത്തിയപ്പോൾ സമാധാനപരമായി കോലഞ്ചേരിയിൽ ഒറ്റയ്ക്കുളള കലാശക്കൊട്ടായിരുന്നു ട്വന്റി20 നടത്തിയത്. വൈകിട്ട് നാല് മണി മുതൽ ആരംഭിക്കാനിരുന്ന കൊട്ടിക്കലാശത്തിലേക്ക് ഉച്ച മുതൽ ആളുകൾ പാർട്ടിയുടെ കൊടിയുമേന്തി വന്ന് തുടങ്ങി. നാല് മണിക്ക് ശേഷം നഗരവും പരിസരങ്ങളും പ്രവർത്തകരെ കൊണ്ട് നിറഞ്ഞതോടെ ഇലക്ഷൻ ഗാനങ്ങളും മുദ്രാവാക്യങ്ങളും അന്തരീക്ഷത്തിലുയർന്നു. 

വാദ്യമേളങ്ങളും ബാന്റ്‌സെറ്റും സ്ഥാനാർത്ഥിയുടെയും പാർട്ടിയുടെ ചിഹ്‌നങ്ങളുടെ കട്ടൗട്ടുകളും എങ്ങും നിറഞ്ഞു.  പ്രത്യേകം സജ്ജീകരിച്ച വാഹനത്തിലെ സഞ്ചരിക്കുന്ന സ്‌റ്റേജിൽ നേതാക്കൾ ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചത് ഏറെ ആവേശത്തോടെയും കയ്യടികളോടെയും ജനങ്ങൾ ഏറ്റുവാങ്ങി. പാർട്ടി പ്രസിഡന്റ് സാബു എം ജേക്കബ് പരിപാടിയിലേക്കെത്തിയതോടെ ജനങ്ങളുടെ ആവേശം വർദ്ധിച്ചു. ട്വന്റി20 യുടെ വിജയം ഉറപ്പെന്ന പ്രഖ്യാപനമായിരുന്നു അദ്ദേഹം നടത്തിയത്. 
ജനങ്ങളെ അഭിസംബോധന  ചെയ്ത് സംസാരിച്ച സാബു എം ജേക്കബിന്റെ വാക്കുകൾ  സശ്രദ്ധം വീക്ഷിച്ച ജനങ്ങൾ പിന്നീടങ്ങോട്ട് താളമേളങ്ങൾക്കൊപ്പം ചുവട് വച്ചും മുദ്രാവാക്യങ്ങൾ വിളിച്ചും പ്രചരണം കൊഴുപ്പിച്ചു.  സ്ഥാനാർത്ഥി അഡ്വ. ചാർളി പോൾ, പാർട്ടി ചീഫ് ഇലക്ഷൻ ഏജന്റുമാരായ ഗോപകുമാർ, ജിബി എബ്രഹാം, കുന്നത്തുനാട് നിയോജക മണ്ഡലം എക്സിക്യൂട്ടീവ് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, വൈസ് പ്രസിഡന്റുമാർ, അംഗങ്ങൾ, പ്രവർത്തകർ തുടങ്ങി ആയിരകണക്കിന് പേർ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *