ലണ്ടന്‍: ബ്രിട്ടനിലെത്തുന്ന അഭയാര്‍ഥികളെ ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയിലെ ക്യാംപിലേക്കു മാറ്റാന്‍ നിര്‍ദേശിക്കുന്ന ബില്‍ ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ഇരു സഭകളും പാസാക്കി. ഇതിനായി റുവാണ്ടയില്‍ ബ്രിട്ടന്‍ പ്രത്യേകം ക്യാംപ് നിര്‍മിക്കും. ബ്രിട്ടനു പിറകെ ഓസ്ട്രിയ, ജര്‍മനി രാജ്യങ്ങളും സമാനമായി കരാറുകളുണ്ടാക്കാന്‍ നീക്കം ആരംഭിച്ചിട്ടുണ്ട്.
മൂന്നു മാസത്തിനുള്ളില്‍ അഭയാര്‍ഥികളെ റുവാണ്ടയിലേക്ക് അയച്ചുതുടങ്ങാനാകുമെന്നും പ്രധാനമന്ത്രി ഋഷി സുനക്. അഭയാര്‍ഥികളെ കടത്താന്‍ വിമാനങ്ങള്‍ ചാര്‍ട്ടര്‍ ചെയ്തതായും അഭയാര്‍ഥികളെ റുവാണ്ടയിലേക്ക് കൊണ്ടുപോകാനുള്ള 500 ജീവനക്കാര്‍ക്ക് പരിശീലനം നല്‍കിയതായും സുനക് പറഞ്ഞു.
ബില്ലിനോട് ഹൗസ് ഓഫ് ലോര്‍ഡ്സില്‍ കടുത്ത എതിര്‍പ്പ് ഉയര്‍ന്നിരുന്നു. എന്നാല്‍, വോട്ടിനിട്ടപ്പോള്‍ പാസായി. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വോട്ടുറപ്പിക്കുന്ന നടപടിയായാണ് ഇതിനെ പ്രതിപക്ഷം കാണുന്നത്. ഈ വര്‍ഷം നടക്കുന്ന തെരഞ്ഞെടുപ്പില്‍ സുനക് നയിക്കുന്ന കണ്‍സര്‍വേറ്റിവുകള്‍ വന്‍ പരാജയം നേരിടുമെന്നാണ് അഭിപ്രായ സര്‍വേകള്‍ പറയുന്നത്. അധികാരമേറിയാല്‍ ഈ നിയമം അസാധുവാക്കുമെന്ന് ലേബര്‍ പാര്‍ട്ടി പ്രഖ്യാപിച്ചിട്ടുണ്ട്.
കൊടിയ പട്ടിണിയും യുദ്ധങ്ങളും മൂലം ആഫ്രിക്ക, പശ്ചിമേഷ്യ, ഏഷ്യ എന്നിവിടങ്ങളില്‍നിന്ന് നാടുവിട്ട് ബ്രിട്ടനില്‍ അഭയം തേടുന്നത് പതിനായിരങ്ങളാണ്. ചെറു ബോട്ടുകളില്‍ ഇംഗ്ളീഷ് ചാനല്‍ കടന്നാണ് പലരും ഇവിടെയെത്തുന്നത്. ഇവരെ പാര്‍പ്പിക്കാന്‍ ഏറ്റവും മോശം മനുഷ്യാവകാശ റെക്കോഡുള്ള റുവാണ്ടയുമായി കരാറുണ്ടാക്കിയത് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷം പറയുന്നു. റുവാണ്ടയിലെത്തിക്കുന്ന അഭയാര്‍ഥികള്‍ക്ക് യുകെയിലെ മനുഷ്യാവകാശ നിയമങ്ങളില്‍ പലതും ബാധകമല്ലെന്നതാണ് പ്രധാന എതിര്‍പ്പ്. 

By admin

Leave a Reply

Your email address will not be published. Required fields are marked *