8 വർഷമായി നിർമാണത്തിലിരിക്കുന്ന കൂറ്റൻ പാലം, ശക്തമായ കാറ്റടിച്ചപ്പോൾ തകർന്നുവീണു

ഹൈദരാബാദ്: തെലങ്കാനയിലെ പെദ്ദപ്പള്ളി ജില്ലയിൽ നിർമാണത്തിലിരിക്കുന്ന പാലത്തിൻ്റെ ഒരു ഭാഗം തകർന്നു വീണു. രാത്രി 9.45 ഓടെ ശക്തമായ കാറ്റിൽ 100 അടി അകലത്തിലുള്ള രണ്ട് തൂണുകൾക്കിടയിലുള്ള രണ്ട് കോൺക്രീറ്റ് ഗർഡറുകൾ തകർന്നു വീഴുകയായിരുന്നു. ഭാഗ്യവശാൽ, വിവാഹ ബസ് കടന്നുപോയതിന് തൊട്ടുപിന്നാലെയാണ് സംഭവം. 2016ൽ അന്നത്തെ തെലങ്കാന നിയമസഭാ സ്പീക്കർ എസ് മധുസൂദന ചാരിയും പ്രാദേശിക എംഎൽഎയായ പുട്ട മധുവും ചേർന്നാണ് മനയർ നദിക്ക് കുറുകെയുള്ള ഒരു കിലോമീറ്റർ പാല നിർമാണം ഉദ്ഘാടനം ചെയ്തത്. ഏകദേശം 49 കോടി രൂപയാണ് പാല നിർമാണത്തിന് അനുവദിച്ചത്.

ഒരു വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു അവകാശ വാദം. മാന്തനി, പാറക്കൽ, ജമ്മികുണ്ട എന്നീ മൂന്ന് പട്ടണങ്ങൾ തമ്മിലുള്ള ദൂരം ഏകദേശം 50 കിലോമീറ്റർ കുറയ്ക്കാനാണ് പാലം നിർമിക്കുന്നത്. ഗാർമില്ലാപ്പല്ലുവിനെ പെദ്ദപ്പള്ളിയിലെ ഒഡെഡുവുമായി ബന്ധിപ്പിക്കുന്നതായിരുന്നു പാലം. എന്നാൽ, ഫണ്ട് മുടങ്ങിയതോടെ കരാറുകാരൻ ഒന്നോ പണി നിർത്തിയതായി നാട്ടുകാർ പറഞ്ഞു.

ഇതേ കരാറുകാരനാണ് വെമുലവാഡയിൽ 2021ൽ കനത്ത മഴയിൽ ഒലിച്ചുപോയ പാലം നിർമിച്ചതെന്നും നാട്ടുകാർ ആരോപിച്ചു. പദ്ധതിയുടെ ചെലവ് വർധിപ്പിക്കുകയും കഴിഞ്ഞ വർഷം 60 ശതമാനം പണി പോലും പൂർത്തിയാകാതെ എസ്റ്റിമേറ്റ് തുകയിൽ 11 കോടി രൂപ കൂടി വർധിപ്പിച്ചെന്നും പ്രദേശവാസിയായ സന്ദീപ് റാവു പറഞ്ഞു.

By admin