സെഞ്ചുറിയുമായി റുതുരാജ്; വെടിക്കെട്ടുമായി ദുബെ, ചെന്നൈക്കെതിരെ ലഖ്നൗവിന് 211 റണ്‍സ് വിജയലക്ഷ്യം

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സിന് 211 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ചെന്നൈ ക്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദിന്‍റെ അപരാജിത സെഞ്ചുറിയുടെയും ശിവം ദുബെയുടെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെയും മികവില്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സെടുത്തു. റുതുരാജ് 60 പന്തില്‍ 108 റണ്‍സെടുത്തപ്പോള്‍ ശിവം ദുബെ 27 പന്തില്‍ 66 റണ്‍സടിച്ചു. അവസാന പന്ത് മാത്രം നേരിട്ട ധോണി ബൗണ്ടറിയടിച്ച് ചെന്നൈയെ 210ല്‍ എത്തിച്ചു. ലഖ്നൗവിനായി യാഷ് താക്കൂറും മൊഹ്സിന്‍ ഖാനും മാറ്റ് ഹെന്‍റിയും ഓരോ വിക്കറ്റെടുത്തു.

തുടക്കത്തില്‍ ചെന്നൈ ഞെട്ടി

ടോസിലെ നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ചെന്നൈക്ക് തുടക്കത്തിലെ തിരിച്ചടിയേറ്റു. ആദ്യ ഓവറിലെ അവസാന പന്തില്‍ ഓപ്പണര്‍ അജിങ്ക്യാ രാഹനെയെ(1) മാറ്റ് ഹെന്‍റിയുടെ പന്തില്‍ വിക്കറ്റിന് പിന്നില്‍ കെ എല്‍ രാഹുല്‍ പറന്നു പിടിച്ചു. ക്യാപ്റ്റന്‍ റുതുരാജും വണ്‍ ഡൗണായി എത്തിയ ഡാരില്‍ മിച്ചലും ചേര്‍ന്ന് ചെന്നൈയെ 50ന് അടുത്തെത്തിച്ചെങ്കിലും മിച്ചലിനും ക്രീസില്‍ അധികം ആയുസുണ്ടായില്ല. 11 റണ്‍സെടുത്ത മിച്ചലിനെ യാഷ് താക്കൂര്‍ മടക്കി.

ദീര്‍ഘകാലം മുംബൈ ഇന്ത്യൻസിനായി കളിച്ചാല്‍ തല പൊട്ടിത്തെറിക്കും, വെളിപ്പെടുത്തി മുന്‍ മുംബൈ താരം

ഒരറ്റത്ത് വിക്കറ്റുകള്‍ പൊഴിയുമ്പോഴും തകര്‍ത്തടിച്ച റുതുരാജ് ചെന്നൈ സ്കോറുയര്‍ത്തി. 28 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച റുതുരാജ് നാലാം നമ്പറിലെത്തിയ രവീന്ദ്ര ജഡേജക്കൊപ്പം ചെന്നൈയെ പന്ത്രണ്ടാം ഓവറില്‍ 100 കടത്തി. ചെന്നൈ 100 കടന്നതിന് പിന്നാലെ ജഡേജയെ(16) മൊഹ്സിന്‍ ഖാന്‍ മടക്കിയെങ്കിലും പീന്നീട് എത്തിയ ശിവം ദുബെ ക്യാപ്റ്റനൊപ്പം തകര്‍ത്തടിച്ചതോടെ ചെന്നൈ കുതിച്ചു.

28 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച റുതുരാജ് 56 പന്തില്‍ സെഞ്ചുറിയിലെത്തി.  യാഷ് താക്കൂറിനെ തുടര്‍ച്ചയായി സിക്സും ഫോറും പറത്തിയാണ് റുതുരാജ് സെഞ്ചുറിയിലെത്തിയത്. 22 പന്തില്‍ അര്‍ധസെഞ്ചുറി തികച്ച ശിവം ദുബെയെ പുറത്താക്കാന്‍ ലഭിച്ച അവസരം ലഖ്നൗ കൈവിട്ടതോടെ ചെന്നൈ ആനായാസം 200 കടന്നു. 15 ഓവറില്‍ 135 റണ്‍സായിരുന്നു ചെന്നൈ അവസാന അഞ്ചോവറില്‍ 75 റണ്‍സാണ് അടിച്ചെടുത്തത്. 46 പന്തില്‍ സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ റുതരാജ്-ദുബെ സഖ്യം പതിനാറാം ഓവറില്‍ 19ഉം പതിനേഴാം ഓവറില്‍ എട്ടും പതിനെട്ടാം ഓവറില്‍ 16ഉം പത്തൊമ്പതാം ഓവറില്‍ 17ഉം റണ്‍സടിച്ച ചെന്നൈ മാര്‍ക്കസ് സ്റ്റോയ്നിസ് എറിഞ്ഞ അവസാന ഓവറില്‍ 15ഉം റണ്‍സടിച്ചു. ദുബെ ഏഴ് സിക്സും മൂന്ന് ഫോറും പറത്തിയപ്പോള്‍ റുതുരാജ് 12 ബൗണ്ടറിയും മൂന്ന് സിക്സും പറത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

By admin