മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ വസതിക്ക് നേരെ വെടിവയ്പ്പ് നടത്തിയ കേസില്‍ പ്രതികള്‍ ഉപയോഗിച്ച രണ്ട് പിസ്റ്റളുകളും 13 ബുള്ളറ്റുകളും ഗുജറാത്തിലെ താപി നദിയിൽ നിന്ന് കണ്ടെടുത്തു.
വെടിവയ്പ്പിന് ശേഷം ഭുജിലേക്ക് രക്ഷപ്പെടുമ്പോൾ റെയിൽവേ പാലത്തിൽ നിന്ന് ഇവ നദിയിലേക്ക് എറിയുകയായിരുന്നുവെന്ന് പ്രതികളായ വിക്കി ഗുപ്ത, സാഗർ പാൽ എന്നിവര്‍ പൊലീസിനോട് പറഞ്ഞിരുന്നു. തുടര്‍ന്ന് നദിയില്‍ നടത്തിയ തിരച്ചിലിലാണ് പിസ്റ്റളുകളും ബുള്ളറ്റുകളും കണ്ടെടുത്തത്.
സല്‍മാന്‍ ഖാൻ്റെ വസതിക്ക് പുറത്ത് വെടിയുതിർത്തതിന് പിന്നിലെ ഇരുവരുടെയും പ്രധാന ലക്ഷ്യം “ഭീകരത” സൃഷ്ടിക്കുകയാണെന്ന് പൊലീസ് കൂട്ടിച്ചേർത്തു. സംഭവം “സൂക്ഷ്മമായി ആസൂത്രണം ചെയ്ത ആക്രമണമാണ്” എന്നും അവർ കൂട്ടിച്ചേർത്തു. കൊല്ലപ്പെടുത്താനല്ല, ഭയപ്പെടുത്താനാണ് വെടിവയ്പ്പ് നടത്തിയതെന്ന് പ്രതികള്‍ പറഞ്ഞു.