ചെന്നൈ: ശ്രീലങ്കയിൽ നിന്ന് തമിഴ്‌നാട്ടിലെ ധനുഷ്‌കോടിയിലേക്കുള്ള നീന്തല്‍ മത്സരത്തിനിടെ 78കാരന്‍ മരിച്ചു. ബെംഗളൂരു സ്വദേശിയായ ഗോപാല്‍ റാവുവാണ് മരിച്ചത്.
ശ്രീലങ്കയിലെ തലൈമന്നാർ മുതൽ രാമേശ്വരത്തെ ധനുഷ്‌കോടി വരെ നടത്തിയ കടലിലൂടെയുള്ള നീന്തല്‍ മത്സരത്തില്‍ 31 പേരാണ് പങ്കെടുത്തത്. നീന്തലിന്റെ പകുതി ഘട്ടം വരെ ഇദ്ദേഹം മൂന്നാം സ്ഥാനത്തുണ്ടായിരുന്നു.
റാവു ഉൾപ്പെടെയുള്ള നീന്തൽ താരങ്ങൾ ഏപ്രിൽ 22നാണ് രാമേശ്വരത്ത് നിന്ന് തലൈമന്നാറിലേക്ക് ബോട്ടിൽ പുറപ്പെട്ടത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ധനുഷ്‌കോടിയിലേക്ക് തലൈമന്നാറില്‍ നിന്ന് നീന്തല്‍ ആരംഭിച്ചത്.
നീന്തല്‍ പുരോഗമിക്കുന്നതിനിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതായി സഹ നീന്തല്‍ക്കാരെ റാവു അറിയിച്ചു. പിന്നീട് ബോട്ടില്‍ വച്ച് പരിശോധന നടത്തിയ മെഡിക്കല്‍ സംഘം റാവു മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. മറ്റ് നീന്തൽ താരങ്ങൾ പരിപാടി റദ്ദാക്കി ബോട്ടിൽ ധനുഷ്കോടി ദ്വീപിലെത്തി.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി രാമേശ്വരം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. രാമേശ്വരം ടൗൺ പൊലീസ് കേസെടുത്തു. പരിപാടിക്ക് ആവശ്യമായ എല്ലാ അനുമതികളും ഇന്ത്യൻ, ശ്രീലങ്കൻ സർക്കാരുകളിൽ നിന്ന് ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.