പ്രതിയോട് സംസാരിച്ച് റെയിൽവേ പൊലീസ് ഇറങ്ങിപ്പോയി, യാത്രക്കാർ കുപിതരായി; ഭീഷണിപ്പെടുത്തിയപ്പോള്‍ അറസ്റ്റ്
തിരുവനന്തപുരം: ട്രെയിനില്‍ വീണ്ടും അതിക്രമം നടന്ന സംഭവത്തില്‍ റെയിൽവേ പൊലീസിനും ആര്‍പിഎഫിനെതിരെയും വനിതാ ടിടിഇ രജനി ഇന്ദിര. വളരെ ലാഘവത്തോടെയാണ് റെയിൽവേ പൊലീസ് പെരുമാറിയത്. കൊല്ലം സ്റ്റേഷനിൽ എത്തിയപ്പോൾ രണ്ട് പൊലീസുകാർ വന്നു. പ്രതിയോട് കാര്യങ്ങൾ ചോദിച്ച ശേഷം ഇറങ്ങിപ്പോയി. തങ്ങൾക്ക് പ്ലാറ്റ്ഫോം ഡ്യൂട്ടിയാണ്, വേറെ ഒന്നും ചെയ്യാൻ പറ്റില്ല എന്നാണ് പറഞ്ഞത്. ട്രെയിനിൽ കൂടെ വരാൻ പോലും റെയിൽവേ പൊലീസ് തയ്യാറായില്ല. ഇത് കണ്ട് യാത്രക്കാർ പോലും ഇവരോട് ദേഷ്യപ്പെട്ടു. കായംകുളം എത്തുമ്പോഴേക്കും നടപടി എടുത്തില്ലെങ്കിൽ ട്രെയിൻ പിടിച്ച് നിർത്തുമെന്ന് പറഞ്ഞു. തുടർന്നാണ് പ്രതിയെ കായംകുളത്ത് വെച്ച് കസ്റ്റഡിയിലെടുത്തതെന്ന് ടിടിഇ രജനി ഇന്ദിര ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ചെന്നൈ മെയിലിലാണ് വനിതാ ടിടിഇക്ക് നേരെ കൈയ്യേറ്റ ശ്രമം ഉണ്ടായത്. ലേഡീസ് കമ്പാർട്ട്മെൻ്റില്‍ ഇരുന്നത് ചോദ്യം ചെയ്തതിന് പിന്നാലെയായിരുന്നു അതിക്രമം. സ്ത്രീകളുടെ ബർത്തിൽ കയറിയിരുന്നത് യാത്രക്കാന്‍ പരാതിപ്പെട്ടു. മാറാൻ ആവശ്യപ്പെട്ടപ്പോള്‍ തയ്യാറാവാതെ തന്നോട് മോശമായി പെരുമാറി. തന്നെ തല്ലാൻ കൈ ഓങ്ങി മുന്നോട്ട് വന്നു. യാത്രക്കാർ ഉടൻ പിടിച്ച് മാറ്റിയില്ലായിയുന്നെങ്കിൽ തനിക്ക് അടി കിട്ടിയേനെ എന്നും ടിടിഇ പറയുന്നു. പ്രതി മൊബൈൽ ഫോണിൽ തന്റെ വീഡിയോ എടുക്കാന്‍ ശ്രമിച്ചു. പരാതിപ്പെട്ടപ്പോള്‍ റെയിൽ പൊലീസ് വളരെ ലാഘവത്തോടെയാണ് പെരുമാറിയത്. യാത്രക്കാര്‍ ഇടപെട്ടപ്പോഴാണ് നടപടി എടുത്തത് എന്നും ടിടിഇ കൂട്ടിച്ചേര്‍ത്തു. പ്രതിയെ അറസ്റ്റ് ചെയ്ത് കായംകുളം ആർപിഎഫിന് കൈമാറിയിട്ടുണ്ട്.