പിണറായിക്ക് മാനസിക അസ്വാസ്ഥ്യമെന്ന് സുധാകരൻ, അൻവറിനെ ചങ്ങലക്കിടണമെന്ന് ജോയ്; വിമർശിച്ച് ഷാഫി പറമ്പിലും
കോഴിക്കോട്: രാഹുൽ ഗാന്ധിക്കെതിരായ പിവി അൻവറിൻ്റെ അധിക്ഷേപവും അതിനെ അനുകൂലിച്ച മുഖ്യമന്ത്രി പിണറായി വിജയൻ്റെ പ്രസ്താവനയും രാഷ്ട്രീയ ആയുധമാക്കി കോൺഗ്രസ് നേതാക്കൾ. മുഖ്യമന്ത്രിക്കെതിരെ അതിരൂക്ഷ വിമർശനവുമായി കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ രംഗത്ത് വന്നപ്പോൾ പിണറായി വിജയൻ പിവി അൻവറിൻ്റെ നിലവാരത്തിലേക്ക് താഴ്ന്നുവെന്ന് ഷാഫി പറമ്പിലും അൻവറിനെ ചങ്ങലക്കിട്ട് തളക്കണമെന്ന് മലപ്പുറം ഡിസിസി പ്രസിഡന്റ് വിഎസ് ജോയിയും പ്രതികരിച്ചു.
മുഖ്യമന്ത്രിയുടെ നിലവാരം അൻവറിനേക്കാൾ താഴെയാണെന്ന് കെ സുധാകരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇടത് തരംഗമെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം പിണറായിക്ക് തലക്ക് മിസ്റ്റേക്ക് ഉള്ളത് കൊണ്ട് പറഞ്ഞതാണ്. അദ്ദേഹത്തിന് മാനസിക അസ്വാസ്ഥ്യം ഉണ്ട് . ഡോക്ടറെ കാണിക്കുന്നത് നല്ലതാണ്. ഇപ്പോൾ കാണിച്ചാൽ ചെക്കപ്പ് ചെയ്യാം. ഇല്ലെങ്കിൽ അത് വർധിക്കും. പിവി അൻവർ നിലവാരമില്ലാതെ സംസാരിക്കുന്നയാളാണ്. വലിയ രാഷ്ട്രീയ വിവരം ഇല്ലാത്തയാളാണെന്നും അൻവറിൽ നിന്ന് ഇതിനപ്പുറമൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും സുധാകരൻ പറഞ്ഞു.
വടകരയിലെ അശ്ലീല വീഡിയോ വിവാദം സിപിഎം നേതൃത്വത്തിന്റെ അറിവോടെ ആകും നടന്നതെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. അതുകൊണ്ടാണ് സ്ഥാനാർഥി തന്നെ വീഡിയോ ഇല്ലെന്നു പറഞ്ഞിട്ടും വീഡിയോ ഉണ്ടെന്ന് പാർട്ടി സെക്രട്ടറി പറയുന്നത്. കെ കെ ശൈലജയോട് തനിക്ക് വ്യക്തിപരമായി പ്രശ്നങ്ങളില്ല. എന്നാൽ താൻ അറിയാത്ത കാര്യത്തിൽ വ്യാജ പ്രചാരണം നടന്നതുകൊണ്ടാണ് വക്കീൽ നോട്ടീസ് അയച്ചത്. പിണറായി വിജയൻ പി വി അൻവറിന്റെ നിലവാരത്തിലേക്ക് താഴ്ന്നു. അൻവറിന്റെ പരാമർശത്തെ കുറിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം ഇക്കാര്യം വ്യക്തമാക്കുന്നുവെന്നും ഷാഫി പ്രതികരിച്ചു.
ആഫ്രിക്കൻ രാസ ലഹരിക്കടിമപ്പെട്ട ഒരു അധമന്റെ ജൽപനം ആയിട്ടാണ് അൻവറിന്റെ പ്രസ്താവന കാണുന്നതെന്ന് മലപ്പുറം ഡിസിസി പ്രസിഡണ്ട് വിഎസ് ജോയ് പ്രതികരിച്ചു. സ്വന്തം പിതാവിന്റെ പിതൃത്വത്തെ പോലും ചോദ്യം ചെയ്യാൻ മടിക്കാത്ത ആളാണ് അൻവർ. ഇതിലൊന്നും അത്ഭുതമില്ല. അൻവറിനെതിരെ നിയമനടപടികളുമായി മുന്നോട്ടു പോകും. അൻവർ പ്രസ്താവന പിൻവലിച്ചു മാപ്പ് പറയണം. മാന്യന്മാരുടെ മുഖത്ത് കോലം വരയ്ക്കുന്ന ഈ കോമാളിയെ അടിയന്തരമായി ചങ്ങലക്കിട്ട് തളയ്ക്കാൻ സിപിഎം നേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.