ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലെ ടോപ് ത്രീ ബാറ്റര്‍മാരെ തെരഞ്ഞടുത്ത് ഇര്‍ഫാന്‍ പത്താന്‍
മുംബൈ: ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സെലക്ടര്‍മാര്‍ ഈ മാസം അവസാനം പ്രഖ്യാപിക്കാനിരിക്കെ 15 അംഗ പ്രാഥമിക ടീമില്‍ ആരൊക്കെ ഇടം നേടുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഓള്‍ റൗണ്ടര്‍ സ്ഥാനത്തും വിക്കറ്റ് കീപ്പര്‍ സ്ഥാനത്തും പേസ് നിരയിലും ആരൊക്കെയാവും അപ്രതീക്ഷിതമായി എത്തുക എന്ന കൗതുകം പോലെ തന്നെയാണ് വിരാട് കോലി ടി20 ലോകപ്പില്‍ കളിക്കുമോ എന്നതും.
എന്നാല്‍ ലോകകപ്പ് ടീമിലെ ടോപ് ത്രീ ബാറ്റര്‍മാര്‍ ആരൊക്കെയാകണമെന്നതിനെക്കുറിച്ച് പ്രവചനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യൻ താരം ഇര്‍ഫാന്‍ പത്താന്‍. ക്യാപ്റ്റനും ഓപ്പണറുമെന്ന നിലയില്‍ രോഹിത് ശര്‍മ ടീമില്‍ ഉണ്ടാവുമെന്ന് ഇര്‍ഫാന്‍ പത്താന്‍ പറഞ്ഞു. രോഹിത്തിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനായി യശസ്വി ജയ്സ്വാളിനെയാണ് പത്താന്‍ തെരഞ്ഞെടുക്കുന്നത്. സീസണില്‍ അത്ര മികച്ച ഫോമിലായിരുന്നില്ല യശസ്വി യെങ്കിലും മുംബൈക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ സെഞ്ചുറിയുമായി ഫോമിലേക്ക് മടങ്ങിയെത്തിയിരുന്നു. ഈ സെഞ്ചുറി ഇല്ലെങ്കിലും യശസ്വി ലോകകപ്പ് ടീമിലെ ഓപ്പണറാകണമെന്ന് പത്താന്‍ പറഞ്ഞു.
മൂന്നാം നമ്പറില്‍ വിരാട് കോലിയല്ലാതെ മറ്റൊരു താരമില്ലെന്നും പത്താന്‍ പറഞ്ഞു. സ്ട്രൈക്ക് റേറ്റിന്‍റെ കാര്യത്തിലായാല്‍ പോലും കോലിയുടെ ലോകകപ്പ് ടീമിലെ സ്ഥാനത്തെക്കുറിച്ച് ചോദ്യമേ ഉയരുന്നില്ലെന്നും പത്താന്‍ പറഞ്ഞു. ടി20 ക്രിക്കറ്റില്‍ വിരാട് കോലിക്ക് 51 ബാറ്റിംഗ് ശരാശരിയും ക്രിസ് ഗെയ്‌ലിനെക്കാള്‍ മികച്ച സ്ട്രൈക്ക് റേറ്റും(138) ഉണ്ട്. മാത്രമല്ല ഈ ഐപിഎല്ലില്‍ 150 സ്ട്രൈക്ക് റേറ്റിലാണ് കോലി ബാറ്റ് ചെയ്യുന്നതെന്നും ഇര്‍ഫാന്‍ പത്താന്‍ ചൂണ്ടിക്കാട്ടി. ആരാധകര്‍ എന്താണ് ചിന്തിക്കുന്നതെന്നും പത്താന്‍ ചോദിച്ചു.
Now that World Cup is nearing. My top 3 for team India.
1) Rohit Sharma (in form as well as captain)
2) Yashasvi Jaiswal (been saying that he should be there even before his 100 purely cos he was performing well for team India before the ipl)
3) Virat Kohli. (Shouldn’t be…
— Irfan Pathan (@IrfanPathan) April 23, 2024
ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ഈ മാസം അവസാനം പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ഐപിഎല്ലിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാവും ലോകകപ്പ് ടീം പ്രഖ്യാപനമെന്ന് സൂചനയുണ്ടെങ്കിലും സീനിയര്‍ താരങ്ങളെ അവഗണിക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത മാസം 25വരെ ടീമില്‍ മാറ്റം വരുത്താന്‍ അവസരമുണ്ട്.