അബ്​ദുല്‍ റഹീമിന്റെ മോചനം, അക്കൗണ്ട് എടുത്ത് നൽകാനാവില്ല, തടസ്സം നീക്കും: വി മുരളീധരൻ

തിരുവനന്തപുരം: സൗദിയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദു റഹീമിന്റെ മോചനത്തില്‍ അനിശ്ചിതത്വം നീക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. പണം കൈമാറാനുള്ള അക്കൗണ്ട് വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഉത്തരവാദിത്തത്തില്‍ എടുത്ത് നല്‍കാനാവില്ലെന്നും മോചന ദ്രവ്യം കൈമാറുന്നതിലെ സാങ്കേതിക തടസ്സം നീക്കുമെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ അറിയിച്ചു. പണം ഉടന്‍ കൈമാറാനുള്ള സംവിധാനം ഒരുക്കും. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. 

വധശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും റഹീമിന്റെ വക്കീൽ ഓൺലൈൻ കോടതിക്ക് അപേക്ഷ നൽകി. ഹര്‍ജി കോടതി സ്വീകരിച്ചതായി പ്രതിഭാഗം വക്കീൽ അറിയിച്ചതായി ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ യൂസഫ് കാക്കഞ്ചേരിയും റഹീമിന്റെ കുടുംബത്തിന്റെ പവർ ഓഫ് അറ്റോർണിയായ സിദ്ധിഖ് തുവ്വൂരും പറഞ്ഞു. ഇനി കോടതിയുടെ മറുപടിക്കായുള്ള കാത്തിരിപ്പാണ്. സൗദി ആഭ്യന്തരമന്ത്രാലയം ഇത് സംബന്ധിച്ച റിപ്പോർട്ട് കോടതിക്ക് നൽകിയതിന് ശേഷമായിരിക്കും ബന്ധപ്പെട്ട വിഷയത്തിൽ കോടതിയുത്തരവുണ്ടാകുക എന്നാണ് നിയമ വിദഗ്ദ്ധർ അറിയിച്ചത്.

ദയാധനം നൽകാനുള്ള കുടുംബത്തിന്റെ സമ്മതത്തിന് അംഗീകാരം നൽക്കുകയാണ് ആദ്യം കോടതിയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന നടപടി. തുടർന്ന് വധ ശിക്ഷ റദ്ദ് ചെയ്തുള്ള ഉത്തരവും ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. വധശിക്ഷ റദ്ദ് ചെയ്തുള്ള ഉത്തരവ് വന്നാൽ അത് സുപ്രീം കോടതി ശരി വെക്കുകയും വേണം.
 

By admin