15 വര്‍ഷത്തിന് ശേഷം മോഹന്‍ലാലും ശോഭനയും ഒരുമിച്ചെത്തുന്ന ചിത്രമെന്ന നിലയില്‍ ശ്രദ്ധ നേടിയ സിനിമയ്ക്ക് തുടക്കമായി. യുവനിരയിലെ ശ്രദ്ധേയ സംവിധായകന്‍ തരുണ്‍ മൂര്‍ത്തി ഒരുക്കുന്ന ചിത്രം മോഹന്‍ലാലിന്‍റെ അഭിനയജീവിതത്തിലെ 360-ാം സിനിമയാണ്. തൊടുപുഴയ്ക്കടുത്ത് ഈസ്റ്റ് കലൂരിലാണ് ചിത്രത്തിന് ആരംഭമായത്. രജപുത്രയുടെ ബാനറിൽ എം രഞ്ജിത്ത് ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.
തികച്ചും ലളിതമായ ചടങ്ങിൽ സംവിധായകൻ തരുൺ മൂർത്തിയുടെ പിതാവ് മധു മൂർത്തി സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു കൊണ്ടാണ് ചിത്രീകരണത്തിന് തുടക്കമിട്ടത്. അവന്തിക രഞ്ജിത്ത് ഫസ്റ്റ് ക്ലാപ്പും നൽകി. ഷണ്‍മുഖം എന്ന സാധാരണക്കാരനായ ഒരു ടാക്സി ഡ്രൈവറെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഭാര്യയും മക്കളുമുള്ള അധ്വാനിയായ ഒരു ഡ്രൈവറാണ് ഷണ്മുഖം. കുടുംബത്തെ ഏറെ സ്നേഹിക്കുന്ന ഒരു കുട്ടംബനാഥൻ. നല്ല സുഹൃത് ബന്ധങ്ങളുള്ള, നാട്ടുകാരുടെ പ്രിയപ്പെട്ടവനായ ഒരു ടാക്സി ഡ്രൈവർ. ഇദ്ദേഹത്തിൻ്റെ ജീവിതം നർമ്മത്തിലൂടെയും ഹൃദയസ്പർശിയായ രംഗങ്ങളിലൂടെയും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. ഇടവേളയ്ക്കു ശേഷമാണ് മോഹൻലാൽ സാധാരണക്കാർക്കൊപ്പം ചേർന്നു നിൽക്കുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു.
കഥ കെ ആർ സുനിൽ, തിരക്കഥ തരുൺ മൂർത്തി, കെ ആർ സുനിൽ, സംഗീതം ജേക്സ് ബിജോയ്, ഛായാഗ്രഹണം ഷാജികുമാർ, പ്രൊഡക്ഷൻ ഡിസൈനർ ഗോകുൽ ദാസ്, മേക്കപ്പ് പട്ടണം റഷീദ്, കോസ്റ്റ്യൂം ഡിസൈൻ സമീറ സനീഷ്, കോ ഡയറക്ടർ ബിനു പപ്പു, പ്രൊഡക്ഷൻ മാനേജർ
ശിവൻ പൂജപ്പുര, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് രാജേഷ് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൻ പൊടുത്താസ്. രജപുത്ര റിലീസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കും. പിആര്‍ഒ വാഴൂർ ജോസ്, ഫോട്ടോ അമൽ.
ALSO READ : ആഴ്ചകള്‍ക്ക് മുന്‍പ് കണ്ട നോറയല്ല ഇത്! ഫൈനല്‍ ഫൈവോളം എത്തുമോ ഈ കുതിപ്പ്?