തിരുവനന്തപുരം: കേരളത്തിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം ഇനി രണ്ട് ദിവസം മാത്രം. പ്രചരണം അന്ത്യ ഘട്ടത്തിലേക്ക് എത്തിയതോടെ സംസ്ഥാനം തിരഞ്ഞെടുപ്പ് ചൂടിൽ അമർന്ന് കഴിഞ്ഞു. ദേശീയ – സംസ്ഥാന നേതാക്കളെ രംഗത്തിറക്കി അവസാന ദിവസങ്ങളിൽ രാഷ്ട്രീയ ആക്രമണത്തിൻെറ മൂ‍ർച്ച പരമാവധി കൂട്ടുകയാണ് എല്ലാ മുന്നണികളും. രണ്ടാം ഘട്ടത്തിൽ  വോട്ടെടുപ്പ് നടക്കുന്ന കേരളം ഉൾപ്പെടയുളള സംസ്ഥാനങ്ങളിൽ വെളളിയാഴ്ചയാണ് വോട്ടെടുപ്പ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയം ആവ‍ർത്തിക്കാൻ കിണഞ്ഞ് പരിശ്രമിക്കുന്ന യു.ഡി.എഫ് ഇത്തവണ 20 സീറ്റുകളിലും ജയിച്ച് കൊണ്ടുളള സമ്പൂർണ വിജയമാണ് ലക്ഷ്യമിടുന്നത്.
ശബരിമല പ്രശ്നം ആഞ്ഞടിച്ച 2019ലെ സാഹചര്യം ഇപ്പോൾ ഇല്ലാത്തത് കൊണ്ടുതന്നെ , എൽ.ഡി.എഫും പരമാവധി സീറ്റുകൾ പ്രതീക്ഷിക്കുന്നു. മുഖ്യമന്ത്രി മുന്നിൽ നിന്ന് നയിക്കുന്ന തിരഞ്ഞെടുപ്പിൽ ആഗ്രഹിക്കുന്ന വിജയം സാധിതപ്രായമാകുമെന്നാണ് ഇടത് ക്യാംപിലെ പ്രതീക്ഷ. നിയമസഭാ തിരഞ്ഞെടുപ്പിൽ ഉളള അക്കൗണ്ടും പൂട്ടി നിലകിട്ടാതെ നിൽക്കുന്ന ബി.ജെ.പിയും ഇത്തവണ വിജയം പ്രതീക്ഷിക്കുന്നു.  കേരളം സംഘപരിവാർ രാഷ്ട്രീയത്തിന് അപ്രാപ്യമല്ലെന്ന് തെളിയിക്കാൻ കഴിയുമെന്ന് കരുതുന്ന ബി.ജെ.പി നാല് സീറ്റിൽ എങ്കിലും ഉറച്ച വിജയപ്രതീക്ഷ വെച്ചുപുലർത്തുന്നുണ്ട്.

 പ്രചരണത്തിന്റെ അവസാന ഘട്ടത്തിലും മുന്നണികളുടെയും  സ്ഥാനാർത്ഥിളുടെയും  അവകാശ വാദങ്ങൾക്ക് ഒട്ടും കുറവില്ല. എന്നാൽ ഏതെങ്കിലും നിശബ്ദ തരംഗം പതിയിരിപ്പുണ്ടോ എന്ന ആശങ്കയും എല്ലാ പാർട്ടികളുടെയും ചങ്കിടിപ്പേറ്റുന്നുണ്ട്.

ബി.ജെ.പി വിരുദ്ധ വികാരമോ അതോ സംസ്ഥാന സർക്കാരിന് എതിരായ ഭരണ വിരുദ്ധ വികാരമോ എന്താണ് ലോകസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ വിധിയെഴുതുക എന്നതാണ് രാഷ്ട്രീയ ആകാംക്ഷ. 2004 മുതൽ ഇങ്ങോട്ടുളള ലോകസഭാ തിരഞ്ഞെടുപ്പ് ഫലം ചരിത്രം പരിശോധിച്ചാൽ നിഷേധ സ്വാഭാവത്തിലുളള വോട്ടിങ്ങ് ഒരു പൊതു പ്രവണതയായി കാണാം. അത് ഇത്തവണയും ആവ‍ർത്തിക്കുമോ എന്ന ആശങ്കയാണ് മുന്നണി നേതൃത്വത്തിൻെറ നെഞ്ചിടിപ്പേറ്റുന്നത്. ഒരുമാസത്തിലേറെ നീണ്ട തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ഇത്തവണയും വിഷയങ്ങൾ ഏറെ ചർച്ച ചെയ്യപ്പെട്ടു.
എന്നാൽ ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ടുളള പ്രചരണതന്ത്രമാണ് ഇടത്- വലത് മുന്നണികൾ പയറ്റിയത്. പ്രചാരണത്തിൽ ഉടനീളം ഉന്നയിക്കപ്പെട്ട പൗരത്വ നിയമ ഭേദഗതി വിഷയം തന്നെയാണ് അതിൻെറ നല്ല ഉദാഹരണം. പൗരത്വ നിയമഭേദഗതി വി‍ജ്ഞാപനത്തിന് എതിരെ മുസ്ലീം സമൂഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 5 ജില്ലകളിൽ റാലി നടത്തി കൊണ്ടാണ് മുഖ്യമന്ത്രി പ്രചാരണ പരിപാടികളിലേക്ക് കടന്നത്. പൗരത്വ വിഷയത്തിൽ നിലപാട് ഉണ്ടോ എന്ന് ചോദിച്ചും പാ‍ർലമെന്റിൽ വിഷയം വന്നപ്പോൾ കർശന സമീപനം സ്വീകരിച്ചില്ല തുടങ്ങിയ ആക്ഷേപങ്ങൾ ഉയ‍ർത്തിയും കോൺഗ്രസിനെയും യു.ഡി.എഫിനെയും പ്രതിരോധത്തിലാക്കാനായിരുന്നു മുഖ്യമന്ത്രിയുടെ ശ്രമം. 
എന്നാൽ മുഖ്യമന്ത്രിയുടെ നീക്കം മുസ്ലീം വോട്ട് ബാങ്ക് മാത്രമാണെന്നും  ദേശീയതലത്തിൽ ദുർബലമായ ഇടതുപക്ഷത്തേക്കാൾ പൗരത്വ വിഷയത്തിലും ഏക സിവിൽ കോ‍ഡ് വിഷയത്തിലും ഇടപെട്ടത് കോൺഗ്രസാണെന്നും ചൂണ്ടിക്കാട്ടിക്കൊണ്ട് കോൺഗ്രസ് ശക്തമായ തിരിച്ചടി നൽകി.
അതോടെ രാഹുൽ ഗാന്ധിയിലേക്ക് കേന്ദ്രീകരിച്ച ഇടതുപക്ഷം മുഖ്യമന്ത്രിയെ കേന്ദ്ര ഏജൻസി അറസ്റ്റ് ചെയ്യാത്തത് എന്താണെന്ന ചോദ്യം വിവാദമാക്കി.  മുഖ്യമന്ത്രി നേരിട്ടും മുഖ്യമന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ച് സി.പി.എം ദേശീയ നേതാക്കളും രംഗത്ത് വന്നതോടെ വിവാദം ആളിക്കത്തി. അതിൻെറ അലയൊലികൾ ഇനിയും അടങ്ങിയിട്ടുമില്ല.

രാഹുൽ ഗാന്ധിക്കെതിരെയുള്ള വിമർശനം ഇന്നും  മുഖ്യമന്ത്രി  പിണറായി വിജയൻ ആവർത്തിച്ചു. രാജ്യം മുഴുവൻ ജാഥ നടത്തിയിട്ടും സി.എ.എ. നിയമത്തിനെതിരെ രാഹുൽ പ്രതികരിച്ചില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം.

 ഭാരത് ജോഡോ യാത്രയിലൂടെ രാജ്യം മുഴുവനായും സഞ്ചരിച്ചപ്പോഴും സ്ഥാനാർഥിയായി വയനാട്ടിലേക്ക് എത്തിയപ്പോഴും പൗരത്വ നിയമത്തിനെതിരെ രാഹുൽ ഗാന്ധി മൗനം പാലിക്കുന്നു എന്ന്  മുഖ്യമന്ത്രി ആവർത്തിച്ചു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പേരെടുത്ത് വിമർശിക്കാൻ മടിയാണെന്ന യു.ഡി.എഫിൻെറ വിമർശനം മുഖ്യമന്ത്രിക്ക് കൊണ്ടിട്ടുണ്ട്. അതിൻെറതെളിവാണ് ഇതുവരെയില്ലാത്ത വിധം  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരെടുത്ത് പറഞ്ഞുകൊണ്ടുളള മുഖ്യമന്ത്രിയുടെ ഇന്നത്ത പ്രസംഗം. മുഖ്യമന്ത്രിക്കെതിരായ രാഹുൽ ഗാന്ധിയുടെ വിമർശനത്തിന് രാഹുലിനെ കിങ്ങിണിക്കുട്ടൻ എന്ന് എം.വി.ജയരാജൻ്റെ പരിഹാസം. രാഹുൽ ഗാന്ധിയെ അപമാനിക്കുകയെന്ന  ബിജെപിയുടെ അജണ്ട ഏറ്റെടുത്തിരിക്കുകയാണ് മുഖ്യമന്ത്രിയെന്നും കസവ് കെട്ടിയ പേടിത്തൊണ്ടനാണ് മുഖ്യമന്ത്രിയെന്നും   പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കളിയാക്കി.
തിരഞ്ഞെടുപ്പ് പ്രചാരണം അന്തിമ ഘട്ടത്തിലേക്ക് എത്തുമ്പോൾ യു.ഡി.എഫിനെ ലക്ഷ്യം വെച്ച് ഉയർത്തികൊണ്ടുവന്ന സി.പി.എമ്മിൻെറ സൈബർ ഇരവാദം പൊളിഞ്ഞടുങ്ങുന്നതും കാണാം. മോർഫ് ചെയ്ത അശ്ലീല വീഡിയോ പ്രചരിപ്പിച്ച് വടകരയിലെ സ്ഥാനാർത്ഥി കെ.കെ.ശൈലജയെ ആക്ഷേപിക്കുന്നു എന്നായിരുന്നു സി.പി.എമ്മിൻെറ ആരോപണം. അശ്ലീല പ്രചാരണം യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിൻെറ അറിവോടെയാണെന്ന് മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയും മുതലുളള നേതാക്കൾ ആരോപിക്കുകയും ചെയ്തിരുന്നു.
സംസ്കാരിക നായകരും ഇടത് ആഭിമുഖ്യമുളള മാധ്യമ പ്രവർത്തകരുമെല്ലാം ഇരവാദവുമായി ശൈലജയെ പിന്തുണച്ചു. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വിവരം അങ്ങനെയൊരു വീഡീയോ ഇല്ല എന്നതാണ്. കെ.കെ.ശൈലജ തന്നെ അത് സമ്മതിക്കുകയും ചെയ്യുന്നു. കാടടച്ചുളള പ്രചാരണം ഇതോടെ തകർന്ന് തരിപ്പണമായി.
വടകരയിലെ സൈബർ ആക്രമണ വിവാദങ്ങളിൽ കെ.കെ. ശൈലജയ്ക്ക് വക്കീൽ നോട്ടീസയച്ച ഷാഫി പറമ്പിൽ, ആരോപണം പിന്‍വലിച്ച് 24 മണിക്കൂറിനുള്ളില്‍ മാപ്പുപറയണമെന്നും  ആവശ്യപ്പെട്ടിട്ടുണ്ട്. വ്യക്തിഹത്യ ആരോപണത്തിൽ കെ കെ ശൈലജയ്ക്കെതിരെ ഇന്ന് പരാതി നൽകുമെന്നും ഷാഫി പറമ്പിൽ അറിയിച്ചിട്ടുണ്ട്.                                                                   

By admin

Leave a Reply

Your email address will not be published. Required fields are marked *